റാഞ്ചി: ഝാർഖണ്ഡിൽ സർക്കാർ തസ്തികകളിൽ പരീക്ഷാ ക്രമക്കേട് ആരോപിച്ച് സമരംചെയ്യുന്ന വിദ്യാർഥികൾ സർക്കാർ പ്രതിനിധികളുമായി ചർച്ചനടത്തി. ജെ.പി.എസ്.സി.-ജെ.എസ്.എസ്.സി. ആസ്പിറന്റ്‌സ് ന്യായ മഞ്ച് നേതാവ് ദേവേന്ദ്ര നാഥ് മഹ്‌തോയുടെ നേതൃത്വത്തിലുള്ള എട്ടംഗ വിദ്യാർഥി പ്രതിനിധികളാണ് സർക്കാർ നിയോഗിച്ച സമിതിയുമായി റാഞ്ചിയിൽ കൂടിക്കാഴ്ചനടത്തിയത്. കഴിഞ്ഞദിവസം 11 വിദ്യാർഥികളുടെ മറ്റൊരു സംഘവും സർക്കാരുമായി ചർച്ചനടത്തിയിരുന്നു.

To advertise here,

സംസ്ഥാനത്ത് പരീക്ഷാ ക്രമക്കേടുകൾക്കെതിരേ 15 ദിവസമായി ദേവേന്ദ്രനാഥ് മെഹ്‌തോയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതിഷേധത്തിലാണ്. ജൂലായ് 2-ന് നടന്ന 14-ാമത് സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ റദ്ദാക്കണമെന്നതാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യം. സർക്കാരുമായുള്ള ചർച്ചകൾ ഇതുവരെ സമവായത്തിലെത്തിയിട്ടില്ല. ചർച്ച ഇനിയും തുടരുമെന്നും JPSSC.feedback@gmail.com എന്ന ഇ മെയിൽവഴി വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാമെന്നും സർക്കാർ വ്യക്തമാക്കി. പൊതുജനങ്ങളിൽനിന്ന് ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വേഗത്തിലുള്ള പ്രശ്‌നപരിഹാരമുണ്ടാവുമെന്ന് സർക്കാർ അറിയിച്ചതായി വിദ്യാർഥികൾ പറഞ്ഞു.

2019-ന് ശേഷം നടന്ന ജെ.എസ്.എസ്.സി-സി.ജി.എൽ, ജെ.എസ്.എസ്.സി, ജെ.ഇ., പി.ജി.ടി. പരീക്ഷകൾ റദ്ദാക്കുക, ക്രമക്കേടുകളെക്കുറിച്ച് സി.ബി.ഐ. അന്വേഷണം നടത്തുക, കുറ്റക്കാരായ മാഫിയകൾക്കും ഏജൻസികൾക്കുമെതിരേ കർശന നടപടിയെടുക്കുക, സുതാര്യത ഉറപ്പാക്കാൻ വിഭാഗംതിരിച്ചുള്ള കട്ട് ഓഫ് മാർക്കുകളും ഒ.എം.ആർ. കോപ്പികളും പ്രസിദ്ധീകരിക്കുക, യു.പി.എസ്.സി./എസ്.എസ്.സി. മാതൃകയിൽ റിക്രൂട്ട്‌മെന്റ് കലണ്ടർ പുറപ്പെടുവിക്കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ. ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് വിദ്യാർഥികൾ അറിയിച്ചു.