ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും അസ്വസ്ഥതകള്‍ രൂക്ഷമാകുന്നു. ജിരിബാം ജില്ലയിലെ മൂന്ന് പേരുടെ കൊലപാതകത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച ഇംഫാലില്‍ രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎല്‍എമാരുടെയും വീടുകള്‍ക്ക് നേരെ ആള്‍ക്കൂട്ടആക്രമണമുണ്ടായി. എംഎല്‍എമാരുടെ വീടുകള്‍ക്ക് നേരെ ആക്രണണം ഉണ്ടായതിന് പിന്നാലെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലസ്ഥാനമായ ഇംഫാല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ രണ്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ്, മൊബൈല്‍ ഡാറ്റ സേവനങ്ങള്‍ അധികൃതര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

To advertise here,

ആരോഗ്യ കുടുംബക്ഷേമ മന്ത്രി സപം രഞ്ജന്റെ വസതിയിലേക്ക് ജനക്കൂട്ടം ഇരച്ചുകയറിയതായി മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഉപഭോക്തൃ-പൊതുവിതരണ മന്ത്രി എല്‍. സുശീന്ദ്രോ സിങ്ങിന്റെ വീട്ടിലും പ്രതിഷേധക്കാര്‍ ഇരച്ചുകയറിയതായി മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ പ്രക്ഷോഭകര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിന്റെ മരുമകന്‍ കൂടിയായ ബിജെപി നിയമസഭാംഗം ആര്‍.കെ. ഇമോയുടെ വസതിക്ക് മുന്നില്‍ തടിച്ചുകൂടി. സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റവാളികളെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇതിനിടെ സ്വതന്ത്ര നിയമസഭാംഗമായ സപം നിഷികാന്ത സിങ്ങിനെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയ പ്രതിഷേധക്കാര്‍ അദ്ദേഹം സംസ്ഥാനത്ത് ഇല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അക്രമാസക്തരായി. തുടര്‍ന്ന് പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പ്രാദേശിക പത്രത്തിന്റെ ഓഫീസ് കെട്ടിടം ലക്ഷ്യമാക്കി ആക്രമണം നടത്തുകയായിരുന്നുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

നേരത്തെ, മണിപുര്‍ -അസം അതിര്‍ത്തിയില്‍ കൈക്കുഞ്ഞുള്‍പ്പെടെ രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ജിരിബാമില്‍ നിന്ന് ഒരു കുടുംബത്തിലെ ആറ് പേരെ തട്ടിക്കൊണ്ടുപോയി ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ജീര്‍ണിച്ച അവസ്ഥയിലാണെന്നും തിരിച്ചറിഞ്ഞിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുടുംബത്തെ തട്ടിക്കൊണ്ടുപോയ പ്രദേശത്ത് നിന്ന് 15 കിലോമീറ്റര്‍ അകലെ മണിപുര്‍ -അസം അതിര്‍ത്തിയിലുള്ള ഒരു നദിക്ക് സമീപത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.യ

തിങ്കളാഴ്ച ഏറ്റുമുട്ടലിനിടെ 13 പേരെയാണ് പ്രദേശത്തുനിന്ന് കാണാതായത്. ഇതില്‍ അഞ്ചുപേരെ കണ്ടെത്തിയിരുന്നു. കാണാതായവരെ കുക്കി സായുധസംഘം തട്ടിക്കൊണ്ടുപോയെന്നാണ് മെയ്ത്തി വിഭാഗക്കാരുടെ ആരോപണം. ഇതില്‍ പ്രതിഷേധിച്ച് 13 പൗരാവകാശസംഘടനകള്‍ ചേര്‍ന്ന് ഇംഫാല്‍ താഴ്‌വരയിലെ അഞ്ച് ജില്ലകളില്‍ ബന്ദ് ആഹ്വാനം ചെയ്തിരുന്നു. മേഖലയില്‍ സംഘടിതമായ ആക്രമണമാണ് നടക്കുന്നതെന്നും കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ 10 കുക്കി ആയുധധാരികളെ സുരക്ഷാസേന വധിച്ചതായി പോലീസ് അറിയിച്ചിരുന്നു.