കേന്ദ്രസര്‍ക്കാരിന്റെ നിശിതവിമര്‍ശകരായ ന്യൂസ് ക്ലിക്ക് വാര്‍ത്താ പോര്‍ട്ടലിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കടുത്ത നടപടികളുമായി മുന്നോട്ടുപോകുകയാണ്. ചൈന അനുകൂല പ്രചാരണത്തിന് വിദേശസഹായം നേടിയെന്ന യു.എ.പി.എ. കേസില്‍, ന്യൂസ്‌ക്ലിക്കിലെ മാധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും വീടുകളില്‍ പോലീസ് റെയ്ഡ് ചെയ്യുകയും ന്യൂസ്‌ക്ലിക്ക് സ്ഥാപകനും ചീഫ് എഡിറ്ററുമായ പ്രബിര്‍ പുരകായസ്ത, എച്ച്.ആര്‍. മേധാവി അമിത് ചക്രവര്‍ത്തി എന്നിവരെ അറസ്റ്റിലുമായി. കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തി പ്രതികാര നടപടികള്‍ കൈക്കൊള്ളുന്നതായുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് ഇ.ഡിയുടെ നടപടി എന്നത് ശ്രദ്ധേയമാണ്. മാധ്യമങ്ങളെ ഭയപ്പെടുത്തി എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

To advertise here,

ചൈനയ്ക്ക് അനുകൂലമായി വാര്‍ത്തകള്‍ നല്‍കുന്നതിനായി അമേരിക്കന്‍ കോടീശ്വരനായ നെവില്‍ റോയ് സിംഘത്തില്‍നിന്ന് പണം കൈപ്പറ്റി എന്നതാണ് ന്യൂസ് ക്ലിക്കിനെതിരായി ഉയര്‍ന്നിരിക്കുന്ന ആരോപണം. നെവില്‍ റോയ് സിംഘം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അനുകൂലമായി ലോകമെമ്പാടും ആശയപ്രചാരണത്തിന് പണം മുടക്കുന്ന ആളാണെന്നും ഇയാളില്‍നിന്നുള്ള പണം ന്യൂസ് ക്ലിക്ക് മുഖേന ഇന്ത്യയിലെ നിരവധി രാഷ്ട്രീയക്കാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ലഭിച്ചിട്ടുണ്ടെന്നുമാണ് ഇ.ഡി. ആരോപിക്കുന്നത്. ഇതിനെ തുടര്‍ന്നുള്ള നടപടികളാണ് യു.എ.പി.എ. കേസിലേക്കും ഒരു മാധ്യമ സ്ഥാപനം പൂട്ടിക്കുന്നതിലേക്ക് നയിച്ചിരിക്കുന്നത്.

അമേരിക്കന്‍ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് ഓഗസ്റ്റ് അഞ്ചിന് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് 'ന്യൂസ് ക്ലിക്കി'ന് ലഭിക്കുന്നതായി പറയപ്പെടുന്ന വിദേശ ഫണ്ടിങ്ങ് വലിയ ചര്‍ച്ചയാകുകയും പ്രകാശ് കാരാട്ടും രാഹുല്‍ ഗാന്ധിയും അടക്കം ചില പ്രതിപക്ഷ കക്ഷി നേതാക്കളുടെ പേരുകള്‍ ഇതുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ റെയ്ഡും അറസ്റ്റും അടക്കമുള്ള നടപടികള്‍ എന്നാണ് പുറത്തുവരുന്ന വിവരം. ഡല്‍ഹി പോലീസിന്റെ പ്രത്യേകസംഘം ചൊവ്വാഴ്ച രാവിലെ ആറോടെ മുപ്പതോളം കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് ന്യൂസ്‌ക്ലിക്ക് ഓഫീസ് പൂട്ടി മുദ്രവെക്കുകയും കംപ്യൂട്ടറുകളും ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തു. 

ന്യൂസ് ക്ലിക്കിനെതിരേ എന്തുകൊണ്ട് നടപടി?

കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകരായ ന്യൂസ് ക്‌ളിക്ക് വാര്‍ത്താപോര്‍ട്ടല്‍ 2009-ലാണ് പ്രവര്‍ത്തനംതുടങ്ങിയത്. ഭരണകൂട വിമര്‍ശനങ്ങളുടെ പേരില്‍ മുന്‍പുതന്നെ ന്യൂസ് ക്ലിക്ക് കേന്ദ്ര സര്‍ക്കാരിന്റെ റഡാറിനു കീഴിലായിരുന്നു. 2021 സെപ്റ്റംബറിലാണ് ന്യൂസ് ക്ലിക്കിനെതിരായ ആരോപണവുമായി ബന്ധപ്പെട്ട് പ്രബീറിന്റെയും പ്രഞ്ജാള്‍ പാണ്‍ഡെയുടെയും മറ്റു മാധ്യമപ്രവര്‍ത്തകരുടെയും വീട്ടിലും ഓഫീസുകളിലും ഇ.ഡി. റെയ്ഡ് നടത്തിയത്. കള്ളപ്പണ നിരോധന നിയമപ്രകാരം ന്യൂസ് ക്ലിക്കിന്റെ 4.52 കോടി രൂപയുടെ വസ്തുവകകള്‍ പിടിച്ചെടുത്തതായി ഇ.ഡി. വ്യക്തമാക്കിയിരുന്നു. വിദേശ പണം ഉപയോഗിച്ച് സമ്പാദിച്ചതാണ് ഈ സ്വത്തെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. 2018 മാര്‍ച്ച് മുതല്‍ 2021 വരെയുള്ള കാലയളവില്‍ വാര്‍ത്താ പോര്‍ട്ടലുമായി ബന്ധപ്പെട്ട് 86 കോടിയിലധികം രൂപ വിദേശത്തുനിന്ന് എത്തിയിട്ടുണ്ടെന്നാണ് ഇ.ഡി. പറയുന്നത്. വെബ്സൈറ്റിന്റെ അക്കൗണ്ടില്‍നിന്ന് സാമൂഹികപ്രവര്‍ത്തക തീസ്ത സെതല്‍വാദിന്റെ കുടുംബത്തിലെ ചിലര്‍ക്ക് 40 ലക്ഷവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പരന്‍ജോയ് ഗുഹ തകുര്‍ത്തയ്ക്ക് 72 ലക്ഷവും കൈമാറിയെന്നും ഇതും അന്വേഷിക്കുന്നുണ്ടെന്നും ഇ.ഡി. പറയുന്നു.

placeholder
മാധ്യമപ്രവര്‍ത്തകരായ പരഞ്‌ജോയ് ഗുഹ തകുര്‍ത്ത, ഊര്‍മിളേഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നു | ഫോട്ടോ: പിടിഐ

ചൈന സര്‍ക്കാരിന് അനുകൂലമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് ന്യൂസ് ക്ലിക്കിന് അമേരിക്കന്‍ കോടീശ്വരന്‍ നെവില്‍ റോയ് സിംഘം സഹായധനം നല്‍കിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് ഓഗസ്റ്റ് അഞ്ചിന് വാര്‍ത്ത നല്‍കിയതാണ് ഇപ്പോഴത്തെ സംഭവങ്ങളിലേക്ക് നയിച്ചത്. അമേരിക്ക, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ബ്രസീല്‍, ഘാന, സാംബിയ തുടങ്ങിയ രാജ്യങ്ങളിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍, സമാന്തര മാധ്യമങ്ങള്‍ എന്നിവയ്ക്ക് പണം ചൈനീസ് ബന്ധമുള്ള സിംഘത്തിന്റെ ഷെല്‍ കമ്പനികള്‍ വഴി കൈമാറിയെന്നായിരുന്നു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെ വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തി. ഇന്ത്യയെ വിഘടിപ്പിക്കാന്‍ ന്യൂസ് ക്ലിക്ക് വാര്‍ത്ത നല്‍കുന്നതായും ഇതിന് കോണ്‍ഗ്രസും പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധിയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ഒത്താശ ചെയ്യുന്നതായും ദുബെ ആരോപിച്ചു. പിന്നാലെ ഡല്‍ഹി പോലീസ് യു.എ.പി.എ. പ്രകാരവും ഐ.പി.സി. 153 എ (വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കല്‍), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) തുടങ്ങിയവയും ചേര്‍ത്ത് കേസെടുത്തു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ സംഭവങ്ങള്‍.

ന്യൂസ് ക്ലിക്കുമായി സഹകരിക്കുന്നതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരായ ഊര്‍മിളേഷ്, ഔനിന്ദ്യോ ചക്രവര്‍ത്തി, അഭിസര്‍ ശര്‍മ, പരഞ്‌ജോയ് ഗുഹ തകുര്‍ത്ത, ചരിത്രകാരന്‍ സൊഹൈല്‍ ഹാശ്മി, സെന്റര്‍ ഫോര്‍ ടെക്നോളജി ആന്‍ഡ് ഡെവലപ്മെന്റിലെ ഡി. രഘുനന്ദന്‍ എന്നിവരെ ലോധി റോഡിലെ സ്‌പെഷ്യല്‍ സെല്‍ ഓഫീസിലേക്ക് കൊണ്ടുപോയാണ് ചോദ്യംചെയ്തത്. ന്യൂസ്‌ക്ലിക്കുമായി സഹകരിക്കുന്ന സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ സഞ്ജയ് രജൗര, എഴുത്തുകാരി ഗീത ഹരിഹരന്‍, മാധ്യമപ്രവര്‍ത്തക ഭാഷ സിങ് എന്നിവരുടെ ഫോണുകളും ലാപ്‌ടോപ്പുകളും ഹാര്‍ഡ് ഡിസ്‌കുകളും പിടിച്ചെടുത്തതില്‍പ്പെടുന്നു.

ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍

ചൈനയ്ക്ക് അനുകൂലമായ വാര്‍ത്ത നല്‍കുന്നതിനും ചൈനീസ് പ്രൊപ്പഗണ്ട പ്രചരിപ്പിക്കുന്നതിനും ഇന്ത്യയിലടക്കം ലോകമെമ്പാടും വലിയ തോതില്‍ പണം വിതരണം ചെയ്യപ്പെടുന്നു എന്നതാണ് യു.എസ്. മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പറയുന്നത്. ഈ ചൈനീസ് പ്രചാരണ പ്രവര്‍ത്തനത്തിന് ഫണ്ട് നല്‍കുന്നത് 'വലിയ സ്വാധീനശക്തിയുള്ള അമേരിക്കന്‍ കോടീശ്വരനും തീവ്ര ഇടതുപക്ഷ നിലപാടുള്ള സോഷ്യലിസ്റ്റ് പുരസ്‌കര്‍ത്താവുമായി അറിയപ്പെടുന്ന നെവില്‍ റോയ് സിംഘം' ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചൈനീസ് സര്‍ക്കാരുമായി വളരെ അടുപ്പമുള്ള ഇയാള്‍ ലോകമെമ്പാടും ചൈനീസ് അനുകൂല പ്രചാരവേലയ്ക്കായി പണം മുടക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സിംഘവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്താ മാധ്യമത്തെ ചൈനയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇന്ത്യന്‍ അധികൃതര്‍ റെയ്ഡ് ചെയ്തതായും ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ന്യൂസ് ക്ലിക്ക് എന്ന ഈ മാധ്യമസ്ഥാപനം സിംഘത്തില്‍നിന്ന് പണം വാങ്ങിയതായും ചൈനയ്ക്ക് അനുകൂലമായ വാര്‍ത്തകള്‍ നല്‍കിയതായി ഇന്ത്യന്‍ അധികൃതര്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. 'ചൈനയുടെ ചരിത്രം തൊഴിലാളിവര്‍ഗത്തെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നു' എന്ന് ന്യൂസ് ക്ലിക്കിന്റെ ഒരു വീഡിയോയില്‍ പറയുന്നതായും ചൈനീസ് ബന്ധത്തിന് തെളിവായി ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു.

placeholder
നെവിൽ റോയ് സിംഘം | Photo: thoughtworks.com

അമേരിക്കന്‍ കോടീശ്വരനായ നവില്‍ റോയ് സിംഘം അറിയപ്പെടുന്ന ഇടതുപക്ഷ പ്രവര്‍ത്തകനും ഇടതുപക്ഷ അനുകൂല പ്രവര്‍ത്തനങ്ങള്‍ക്ക് ലോകമെമ്പാടും സാമ്പത്തിക സഹായം ചെയ്യുന്ന ആളുമാണ്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ സോഫ്റ്റ്‌വെയർ സംരംഭകനായിരുന്നു. തോട്ട് വര്‍ക്‌സ് എന്ന ഐ.ടി. കണ്‍സള്‍ട്ടിങ് സ്ഥാപനത്തിന്റെ സ്ഥാപകനായിരുന്നു. 2017-ല്‍ 785 മില്യണ്‍ ഡോളറിന് തന്റെ ഉടമസ്ഥതയിലുള്ള തോട്ട് വര്‍ക്‌സ് വില്‍ക്കുകയും പൂര്‍ണസമയ ആക്ടിവിസ്റ്റ് ആയി മാറുകയും ചെയ്തു. വെനിസ്വേലയിലെ ഹ്യൂഗോ ഷാവേസിനെ പിന്തുണച്ചിരുന്ന സിംഘം, ചൈനയുടെയും ആരാധകനാണെന്നു താനെന്ന് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. മാവോയിസത്തോടുള്ള തന്റെ പ്രതിപത്തിയും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ ഇടങ്ങളില്‍ ഗവേഷണ-അക്കാദമിക കാര്യങ്ങള്‍ക്കായി പണം മുടക്കിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് വിവിധ രാജ്യങ്ങളിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും അക്കാദമിക-മാധ്യമ സ്ഥാപനങ്ങള്‍ക്കും പണം ചെലവഴിക്കുന്ന കാര്യവും സിംഘം തുറന്നുപറഞ്ഞിട്ടുണ്ട്. 

സിംഘത്തിന്റെ പണം വാങ്ങി ലോകത്തെമ്പാടും പ്രവര്‍ത്തിക്കുന്ന ചൈന അനൂകൂല മാധ്യമങ്ങളുടെ ശൃംഖലയില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ മാധ്യമമാണ് ന്യൂസ് ക്ലിക്ക് എന്നാണ് ആരോപണത്തിന്റെ ചുരുക്കം. ഇത്തരത്തില്‍ ചൈനീസ് അനുകൂല പ്രചാരണത്തിന് ദക്ഷിണാഫ്രിക്കയിലെ ഒരു രാഷ്ട്രീയപാര്‍ട്ടി മുതല്‍ ഇന്ത്യയിലെയും ബ്രസീലിലെയും വാര്‍ത്താ സ്ഥാപനങ്ങള്‍ക്കുവരെ സിംഘം നൂറുകണക്കിന് കോടി രൂപ നല്‍കിയതായി തങ്ങള്‍ കണ്ടെത്തിയതായി ന്യൂയോര്‍ക്ക് ടൈംസ് അവകാശപ്പെടുന്നു.

ഇ.ഡിയുടെ തെളിവ് ഇ-മെയില്‍ സന്ദേശങ്ങള്‍

ന്യൂസ് ക്ലിക്ക് വെബ്‌സൈറ്റിന്റെ എഡിറ്ററായ പ്രബീര്‍ പുരകായസ്തയും നെവില്‍ റോയ് സിംഘവും തമ്മിലുള്ള ബന്ധവും ന്യൂസ് ക്ലിക്കിനായി കോടികള്‍ നല്‍കിയതിനു പിന്നിലുള്ള താല്‍പര്യങ്ങളുമാണ് ഇപ്പോഴുയരുന്ന ആരോപണങ്ങളില്‍ സുപ്രധാനം. ഇരുവരും തമ്മിലുള്ള ചില ഇ മെയില്‍ ആശയവിനിമയങ്ങളാണ് ഇ.ഡി. തെളിവുകളായി മുന്നോട്ടുവെക്കുന്നത്. കള്ളപ്പണ ഇടപാട് സംബന്ധിച്ച് ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകളിലാണ് ഇ-മെയില്‍ ആശയവിനിമയങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതെന്നാണ് ഇ.ഡി. വ്യക്തമാക്കുന്നത്. നെവില്‍ റോയ് സിംഘം, പ്രബീര്‍ പുരകായസ്ത, സി.പി.എം. നേതാവ് പ്രകാശ് കാരാട്ട്, നിരവധി മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ തമ്മിലുള്ള ഇ-മെയില്‍ വഴിയുള്ള ആശയവിനിമയങ്ങളുടെ തെളിവുകളും തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇവര്‍ തമ്മിലുള്ള ആശയവിനിമയങ്ങളില്‍ താഴെപ്പറയുന്ന ഉള്ളടക്കങ്ങള്‍ ഉണ്ടെന്നാണ് ആരോപണം:

-കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ചൈനയുടെ നിലപാടുകളെ ന്യായീകരിക്കുന്നു.
-ഇന്ത്യയില്‍ സര്‍ക്കാരിനെതിരേ നടക്കുന്ന കാര്‍ഷിക സമരങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു
-ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളും വിദേശ ശക്തികളുമായി സഹകരിക്കുന്നു
-ചൈനീസ് ആഖ്യാനങ്ങള്‍ക്കും വിവരങ്ങള്‍ക്കും പ്രചാരം നല്‍കുന്നു
-ചൈനയും ഇന്ത്യയും തമ്മില്‍ അതിര്‍ത്തിയില്‍ നടക്കുന്ന ഏറ്റമുട്ടലുകളെ ന്യായീകരിക്കുന്നു.

ഇതുകൂടാതെ, നെവില്‍ റോയ് സിംഘത്തിന്റെ ഇടനിലയില്‍ ചൈനീസ് പ്രതിനിധികളുമായി ന്യൂസ് ക്ലിക് ടീം ആശയവിനിമയം നടത്തുന്നതായും നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതായുമുള്ള ആരോപണങ്ങളുമുണ്ട്.

കോവിഡ് മഹാമാരി, കര്‍ഷക സമരങ്ങള്‍, ചൈന-ഇന്ത്യ അതിര്‍ത്തിയിലെ ഏറ്റുമുട്ടലുകള്‍ എന്നിവയുടെ കാലത്താണ് ഈ ഇ-മെയില്‍ ആശയവിനിമയങ്ങള്‍ ഉണ്ടായതെന്നാണ് ഇ.ഡി. പറയുന്നത്. നെവില്‍ റോയ് സിംഘത്തിന്റെ ആദ്യ ഇ-മെയില്‍ 2020 മാര്‍ച്ച് 30-നാണ്. ഇത് ചൈന കോവിഡിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് വ്യക്തമാക്കുന്ന ഒരു വാര്‍ത്തയുമായി ബന്ധപ്പെട്ടായിരുന്നു. മേയ് മാസത്തില്‍ സമാനമായ വിഷയത്തില്‍ ഒരു വെബിനാര്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ചും ഇ-മെയിലുകളുണ്ട്.

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന്റെ പേരിലാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തങ്ങള്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുന്നത് എന്നാണ് ന്യൂസ് ക്ലിക്കിന്റെ ആരോപണം. ന്യൂസ് ക്ലിക്കിനെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് ഓഗസ്റ്റ് ഏഴിന് പുര്‍കയാസ്ത ഒരു പ്രസ്താവന പുറത്തിറക്കി. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടിയാണ് ന്യൂസ് ക്ലിക് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം പുര്‍കയാസ്ത തള്ളിക്കളഞ്ഞു. ന്യൂസ് ക്ലിക്കിലെ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത് വിലക്കിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, ന്യൂസ് ക്ലിക്കിനെതിരായി ആദായനികുതി വകുപ്പിന്റെ ഹര്‍ജി, അടിസ്ഥാനമില്ലെന്ന് കാട്ടി ഡല്‍ഹി കോടതി തള്ളിക്കളഞ്ഞ കാര്യവും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ന്യൂസ് ക്ലിക്കിനെ പ്രതിരോധിച്ചുകൊണ്ട് ഓഗസ്റ്റ് ഒമ്പതിന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ വുമണ്‍സ് പ്രസ് കോര്‍പ്, ഡല്‍ഹി ജേര്‍ണലിസ്റ്റ്സ് യൂണിയന്‍, പ്രസ് അസോസിയേഷന്‍ എന്നീ സംഘടനകളും പ്രസ്താവനയിറക്കി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ ദേശവിരുദ്ധരോ വിദേശരാജ്യങ്ങളുടെ ഉപകരണങ്ങളോ അല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

നടപടിക്കു പിന്നില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ താല്‍പര്യങ്ങളോ?

ബിഹാറിലെ ജാതി സെന്‍സസിലെ കണ്ടെത്തലുകളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ന്യൂസ് ക്ലിക്കിലെ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ കേന്ദ്രസര്‍ക്കാര്‍ റെയ്ഡ് നടത്തിയതെന്ന് കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി പവന്‍ഖേര ഇപ്പോഴത്തെ സംഭവവികാസങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. 

ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് പുറത്തുവന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടും ആരോപണങ്ങളും ഇ.ഡി. അന്വേഷണങ്ങളുമെല്ലാം രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ ബി.ജെ.പി. ശ്രമിക്കുന്നുണ്ട് എന്നതും  വസ്തുതയാണ്. അയോഗ്യത സുപ്രീം കോടതി റദ്ദാക്കിയ ശേഷം രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ തിരിച്ചെത്തിയ സെപ്റ്റംബര്‍ ഏഴിന് ബി.ജെ.പി. എം.പി. നിഷികാന്ത് ദുബേ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ആരോപണം ഉന്നയിച്ചിരുന്നു. ന്യൂസ് ക്ലിക്കിനെ കൂടാതെ 'ആന്റി-ഇന്ത്യ' അന്തരീക്ഷം സൃഷ്ടിക്കാന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളും ചൈനയില്‍നിന്ന് പണം സ്വീകരിച്ചു എന്നായിരുന്നു ആരോപണം. 'രാഹുല്‍ ഗാന്ധിയുടെ വെറുപ്പിന്റെ കടയിലുള്ളത് ചൈനീസ് സാധനങ്ങളാണ്' എന്നായിരുന്നു നിഷികാന്ത് ദുബെയുടെ പരാമര്‍ശം.

നെവില്‍ റോയ് സിംഘം അടക്കമുള്ളവരുമായി നടത്തി എന്ന് ആരോപിക്കപ്പെടുന്ന ആശയവിനിമയങ്ങളുടെ പേരില്‍ സി.പി.എം. നേതാവ് പ്രകാശ് കാരാട്ടിനെതിരേയും ഇ.ഡി. അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. കോവിഡുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്ക് പുറത്തുവിട്ട വാര്‍ത്തകളില്‍ ചൈനീസ് ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് നെവില്‍ റോയ് സിംഘവുമായി പ്രകാശ് കാരാട്ട് അടക്കമുള്ളവര്‍ നടത്തിയ ഇ-മെയില്‍ ആശയവിനിമയങ്ങളെന്ന് ബി.ജെ.പി. നേതാവ് വിഷ്ണു വര്‍ധന്‍ റെഡ്ഡി ആരോപിച്ചിരുന്നു. ഇ.ഡി. ന്യൂസ് ക്ലിക്കിന്റെ ഓഫീസില്‍ 2021-ല്‍ നടത്തിയ റെയ്ഡ് സംബന്ധിച്ച് ന്യൂയോര്‍ക്ക് ടൈംസിന്റെ വാര്‍ത്തയില്‍ പരാമര്‍ശിച്ച കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയെ തകര്‍ക്കുന്നതിനായി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന 'തുക്ടേ തുക്ടേ ഗ്യാങ്ങി'ന്റെ ഭാഗമാണ് ന്യൂസ് ക്ലിക്ക് എന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ, ചൈനീസ് പണം രോഹിണി സിങ്, സ്വാതി ചതുര്‍വേദി തുടങ്ങിയ നക്സലൈറ്റുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വിതരണം ചെയ്യുന്നതായും ആരോപണം ഉന്നയിച്ചു.

2005-2014 കാലയളവില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചൈനയില്‍നിന്ന് പണം കൈപ്പറ്റിയെന്നതായിരുന്നു മറ്റൊരു പ്രധാനപ്പെട്ട ആരോപണം. 2008-ല്‍ ചൈന സോണിയ ഗാന്ധിയെയും രൂഹല്‍ ഗാന്ധിയേയും അങ്ങോട്ട് ക്ഷണിച്ചു. 2017-ല്‍ ഡോക്ലാം സംഘര്‍ഷ കാലത്ത് ചൈനയുമായി ആശയവിനിമയം നടത്തി. കോണ്‍ഗ്രസ് നേതാക്കളായ ദിഗ്വിജയ് സിങ്, രണ്‍ദീപ് സുര്‍ജേവാല എന്നിവരും ചൈനയുമായി അടുത്ത ആള്‍ക്കാരാണെന്നും ആരോപിക്കപ്പെട്ടു. ചൈനീസ് സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയെ തകര്‍ക്കാര്‍ ശ്രമിക്കുന്നവരാണെന്നും അന്വേഷണം വേണമെന്നും ദുബേ ആവശ്യപ്പെട്ടു.

പിന്നീട് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ നടത്തിയ പത്രസമ്മേളനത്തിലും രാഹുലിനെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. ന്യൂസ് ക്ലിക്ക് പോലുള്ള മാധ്യമങ്ങള്‍ മുന്നോട്ടുവെക്കുന്ന ആഖ്യാനങ്ങള്‍ അതേപടി ആവര്‍ത്തിക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നതെന്നും ഇതേ കാര്യങ്ങളാണ് വിദേശത്തുപോയും രാഹുല്‍ പറയുന്നതെന്നും അവര്‍ ആരോപിച്ചു. ഇന്ത്യയുടെ വളര്‍ച്ചയും ആഗോളരംഗത്ത് ഇന്ത്യയുടെ സാന്നിധ്യവും ഇഷ്ടപ്പെടാത്തവര്‍ പണം മുടക്കി നടത്തുന്ന ഗൂഢാലോചനയാണിതെന്നും അവര്‍ ആരോപിച്ചു. പ്രധാനമന്ത്രി മോദിയും സര്‍ക്കാരും നുണ പറയുന്നതില്‍ വിദഗ്ധരാണെന്ന് ഈ ആരോപണത്തെ പ്രതിരോധിച്ചുകൊണ്ട് കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു.

രാഷ്ട്രീയമായ പ്രതിസന്ധികള്‍ വരുമ്പോള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇത്തരം വിഷയങ്ങള്‍ എടുത്തിട്ട് ചര്‍ച്ചയുടെ ഗതി തിരിച്ചുവിടുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾ നിലനിൽക്കെയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. ഭരണകൂടത്തെ എതിര്‍ക്കുന്ന സമാന്തര മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരേ നടപടി സ്വീകരിച്ച്, അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമമാണിതെന്ന് പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമപ്രവർത്തകരും ആരോപിക്കുന്നു. ന്യൂസ് ക്ലിക്കിനെതിരായി ഉയർന്നിട്ടുള്ള ആരോപണങ്ങള്‍ക്കു പിന്നിലെ വസ്തുത എന്തായിരുന്നാലും, ഇത്തരമൊരു ആരോപണത്തിന്റെ പേരില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തെയും മാധ്യമപ്രവര്‍ത്തകരെയും ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന ആശങ്കയെ നിസ്സാരമായി കാണാൻ സാധിക്കില്ല എന്നതാണ് സമീപകാലത്തെ പല സംഭവങ്ങളും ചൂണ്ടിക്കാണിക്കുന്നത്‌.