ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റര്‍-ഇന്‍-ചീഫുമായ പ്രബീര്‍ പുരകായസ്‌തയ്ക്കെതിരായ 8000 പേജ് അടങ്ങുന്ന ആദ്യ കുറ്റപത്രം ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഡല്‍ഹി പട്യാല കോടതിയില്‍ സമര്‍പ്പിച്ചു. പുരകായസ്തക്കെതിരായ കുറ്റപത്രം ട്രങ്ക് പെട്ടിയിലാണ് കോടതിയില്‍ സമര്‍പ്പിച്ചത്. എഡിറ്റര്‍മാര്‍, സഹസ്ഥാകര്‍, ജീവനക്കാര്‍ എന്നിവരുടെ പേരുകള്‍ കുറ്റുപത്രത്തിലുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. 

To advertise here,

അമേരിക്കന്‍ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ നെവില്‍ റോയ് സിംഗത്തില്‍ നിന്ന് ന്യൂസ് ക്ലിക്കിനു വേണ്ടി പണം വാങ്ങി എന്നാണ് പ്രബീര്‍ പുരകാസ്തയ്ക്കെതിരെയുള്ള ആരോപണം.

ചൈനയെ പുകഴ്ത്തുകയും ചൈനീസ് പ്രൊപ്പഗണ്ട പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് വലിയ തോതിലുള്ള ഫണ്ട് ഇന്ത്യയിലടക്കം ലോകമെമ്പാടും വിതരണം ചെയ്യപ്പെടുന്നുവെന്ന് യു.എസ്. മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് വിഷയം ചര്‍ച്ചയാകുന്നത്. പിന്നാലെ, ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്ററുമായ പ്രബീര്‍ പുര്‍കയാസ്ഥയെ ഡല്‍ഹി പോലീസ് ഒക്ടോബര്‍ മൂന്നിന് അറസ്റ്റ് ചെയ്യുകയായികുന്നു. 

Read more; പ്രകോപനം ചൈന അനുകൂല വാര്‍ത്തയോ ഭരണകൂട വിമര്‍ശനമോ? ന്യൂസ് ക്ലിക്ക് പൂട്ടിച്ചതിനു പിന്നിലെന്ത്?

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് 45 ദിവസത്തിനുശേഷമാണ് പുരകായസ്തയെ യു.എ.പി.എ. നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ചൈനീസ് അനുകല പ്രചാരണം നടത്താനായി ന്യൂസ് ക്ലിക്ക് പണം വാങ്ങി എന്ന ആരോപണത്തിലായിരുന്നു അറസ്റ്റ്. ഇതിനൊപ്പം നൂറോളം കേന്ദ്രങ്ങളില്‍ പരിശോധനയും നടത്തിയിരുന്നു. ഒക്ടോബര്‍ മൂന്നിന് നടന്ന മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്കൊടുവില്‍ ന്യൂസ് ക്ലിക്കിലെ 46 മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചെയ്യുകയും അവരുടെ ഫോണുകള്‍ അടക്കമുള്ള 300-ലേറെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.