ജയിലിലായി ഏഴ് മാസങ്ങള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകന്‍ പ്രബീര്‍ പുരകായസ്ഥ പുറത്തിറങ്ങിയിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ വിമര്‍ശകരായ മാധ്യമങ്ങള്‍ക്ക് എന്തു സംഭവിക്കുമെന്ന പാഠം രാജ്യത്തിന് നല്‍കാന്‍ശ്രമിച്ച മോദി സര്‍ക്കാരിന് കോടതിയില്‍നിന്നേറ്റത്‌ കനത്ത തിരിച്ചടി. പുരകായസ്ഥയുടെ അറസ്റ്റ് തീര്‍ത്തും നിയമവിരുദ്ധവും കനത്ത നീതിനിഷേധവുമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അറസ്റ്റ് അസാധുവാണെന്നും പ്രഖ്യാപിച്ചു. അടിസ്ഥാനപരമായ നടപടിക്രമങ്ങള്‍ പോലും പാലിക്കാതെ പ്രമുഖനായ ഒരു മാധ്യമപ്രവര്‍ത്തകനെ വ്യക്തമായ കാരണങ്ങളൊന്നും ഇല്ലാതെതന്നെ ഏഴുമാസം ജയിലിനുള്ളില്‍ അടയ്ക്കാന്‍ സാധിക്കുമെന്ന ഞെട്ടിക്കുന്ന വസ്തുതകൂടിയാണ് കോടതിയുടെ ഉത്തരവിലൂടെ വെളിവാകുന്നത്.

To advertise here,

ചൈനീസ് സര്‍ക്കാരിനനുകൂലമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ന്യൂസ് ക്ലിക്കിന് അമേരിക്കന്‍ കോടീശ്വരന്‍ നെവില്‍ റോയ് സിംഘം സഹായധനം നല്‍കിയെന്ന 'ന്യൂയോര്‍ക്ക് ടൈംസ്' വാര്‍ത്തയാണ് പ്രബീര്‍ പുരകായസ്ഥയുടെ അറസ്റ്റിലേക്ക് നയിച്ചത്. 2023 ഒക്ടോബര്‍ മൂന്നിന് പുലര്‍ച്ചെ ന്യൂസ് ക്ലിക്കിലെ മാധ്യമപ്രവര്‍ത്തകരുടെയും ഡല്‍ഹിയിലെ എഴുത്തുകാരുടെയും വീടുകളില്‍ ഡല്‍ഹി പോലീസ് റെയ്ഡ് നടത്തിയതോടെ വിഷയം രൂക്ഷമായി. പിന്നാലെ പുരകായസ്ഥയെയും എച്ച്.ആര്‍. മേധാവി അമിത് ചക്രവര്‍ത്തിയെയും അറസ്റ്റുചെയ്തു. ന്യൂസ് ക്ലിക്ക് ഓഫീസ് പൂട്ടി മുദ്രവെച്ചു. 

ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെ വിഷയം ലോക്സഭയിലുന്നയിച്ചു. ഇന്ത്യയെ വിഘടിപ്പിക്കാന്‍ ന്യൂസ് ക്ലിക്ക് വാര്‍ത്ത നല്‍കുന്നതായും ഇതിന് കോണ്‍ഗ്രസും പാര്‍ട്ടിനേതാവ് രാഹുല്‍ഗാന്ധിയും മറ്റു പ്രതിപക്ഷപാര്‍ട്ടികളും ഒത്താശചെയ്യുന്നതായും ദുബെ ആരോപിച്ചു. പിന്നാലെ ഡല്‍ഹി പോലീസ് യു.എ.പി.എ. പ്രകാരവും ഐ.പി.സി. 153 എ (വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കല്‍), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) തുടങ്ങിയവയും ചേര്‍ത്ത് കേസെടുത്തു. ഇതിന്റെ തുടര്‍ച്ചയായാണ് റെയ്ഡും ഇരുവരുടെയും അറസ്റ്റും നടന്നത്.

അറസ്റ്റ് നിയമവിരുദ്ധം, ചട്ടങ്ങളൊന്നും പാലിച്ചില്ലെന്ന് സുപ്രീം കോടതി

അറസ്റ്റ് ചോദ്യംചെയ്തുള്ള ഹര്‍ജി ഒക്ടോബറില്‍ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരേ പുരകായസ്ഥയുടെ അപ്പീലിലാണ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, സന്ദീപ് മേത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് അദ്ദേഹത്തെ മോചിപ്പിക്കാനുള്ള വിധി പുറപ്പെടുവിച്ചത്. അറസ്റ്റിന്റെ കാരണങ്ങള്‍ കുറ്റാരോപിതനെ രേഖാമൂലം അറിയിക്കണമെന്ന 2023 ഒക്ടോബറിലെ പങ്കജ് ബന്‍സാല്‍ കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഉത്തരവ്. അറസ്റ്റ് ചെയ്യുമ്പോഴോ അതിനുശേഷം 2023 ഒക്ടോബര്‍ നാലിന് റിമാന്‍ഡിലാക്കുന്നതുവരെയോ അറസ്റ്റിന്റെ കാരണങ്ങള്‍ രേഖാമൂലം പുരകായസ്ഥയെയോ അഭിഭാഷകനെയോ ഡല്‍ഹി പോലീസ് അറിയിക്കാഞ്ഞതിനെ സുപ്രീംകോടതി വിമര്‍ശിച്ചു. അറസ്റ്റിന്റെ നടപടിക്രമങ്ങള്‍ ഡല്‍ഹി പോലീസ് പാലിച്ചില്ല. ജാമ്യവ്യവസ്ഥയില്ലാതെ പുരകായസ്ഥയെ മോചിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും കുറ്റപത്രം സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ വിചാരണക്കോടതി നിഷ്‌കര്‍ഷിക്കുന്ന ജാമ്യവ്യവസ്ഥ പിന്‍തുടരണമെന്നും ബെഞ്ച് നിര്‍ദേശിച്ചു.

ഏഴുമാസത്തിനു ശേഷമാണ് പുരകായസ്ഥ ജയിലില്‍നിന്ന് പുറത്തിറങ്ങുന്നത്. ചൈനാ അനുകൂല പ്രചാരണത്തിനായി പണം സ്വീകരിച്ചെന്ന് ആരോപിച്ച് 2023 ഒക്ടോബര്‍ മൂന്നിനാണ് അദ്ദേഹത്തെ യു.എ.പി.എ. ചുമത്തി ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ അറസ്റ്റുചെയ്യുന്നത്. ന്യൂസ് ക്ലിക്കിന്റെ ഓഫീസുകളും ജീവനക്കാരുടെ താമസസ്ഥലങ്ങളും പോലീസ് റെയ്ഡ് നടത്തിയിരുന്നു. കേസില്‍ പിന്നീട് അമിത് ചക്രവര്‍ത്തി മാപ്പുസാക്ഷിയായി.

placeholder
പ്രബിര്‍ പുരകായസ്തയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തപ്പോൾ | ഫോട്ടോ: എ.പി.

കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തി പ്രതികാര നടപടികള്‍ കൈക്കൊള്ളുന്നതായുള്ള ആരോപണങ്ങള്‍ക്കിടെയായിരുന്നു പുരകായസ്ഥയ്‌ക്കെതിരായ ഇ.ഡിയുടെ നടപടികളും തുടര്‍ന്ന് ഡല്‍ഹി പോലീസിന്റെ അറസ്റ്റും. മാധ്യമങ്ങളെ ഭയപ്പെടുത്തി എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണത്തെ സാധൂകരിക്കുംവിധത്തില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ കോടതിയുടെ ഉത്തരവ്. 

ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍

അമേരിക്കന്‍ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് ഓഗസ്റ്റ് അഞ്ചിന് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് 'ന്യൂസ് ക്ലിക്കി'ന് ലഭിക്കുന്നതായി പറയപ്പെടുന്ന വിദേശ ഫണ്ടിങ്ങ് വലിയ ചര്‍ച്ചയാകുകയും പ്രകാശ് കാരാട്ടും രാഹുല്‍ ഗാന്ധിയും അടക്കം ചില പ്രതിപക്ഷ കക്ഷി നേതാക്കളുടെ പേരുകള്‍ ഇതുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തത്. ചൈനയ്ക്ക് അനുകൂലമായ വാര്‍ത്ത നല്‍കുന്നതിനും ചൈനീസ് പ്രൊപ്പഗണ്ട പ്രചരിപ്പിക്കുന്നതിനും ഇന്ത്യയിലടക്കം ലോകമെമ്പാടും വലിയ തോതില്‍ പണം വിതരണം ചെയ്യപ്പെടുന്നു എന്നതാണ് യു.എസ്. മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പറയുന്നത്. ഈ ചൈനീസ് പ്രചാരണ പ്രവര്‍ത്തനത്തിന് ഫണ്ട് നല്‍കുന്നത് 'വലിയ സ്വാധീനശക്തിയുള്ള അമേരിക്കന്‍ കോടീശ്വരനും തീവ്ര ഇടതുപക്ഷ നിലപാടുള്ള സോഷ്യലിസ്റ്റ് പുരസ്‌കര്‍ത്താവുമായി അറിയപ്പെടുന്ന നെവില്‍ റോയ് സിംഘം' ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചൈനീസ് സര്‍ക്കാരുമായി വളരെ അടുപ്പമുള്ള ഇയാള്‍ ലോകമെമ്പാടും ചൈനീസ് അനുകൂല പ്രചാരവേലയ്ക്കായി പണം മുടക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സിംഘവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്താ മാധ്യമത്തെ ചൈനയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇന്ത്യന്‍ അധികൃതര്‍ റെയ്ഡ് ചെയ്തതായും ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ന്യൂസ് ക്ലിക്ക് എന്ന ഈ മാധ്യമസ്ഥാപനം സിംഘത്തില്‍നിന്ന് പണം വാങ്ങിയതായും ചൈനയ്ക്ക് അനുകൂലമായ വാര്‍ത്തകള്‍ നല്‍കിയതായി ഇന്ത്യന്‍ അധികൃതര്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. 'ചൈനയുടെ ചരിത്രം തൊഴിലാളിവര്‍ഗത്തെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നു' എന്ന് ന്യൂസ് ക്ലിക്കിന്റെ ഒരു വീഡിയോയില്‍ പറയുന്നതായും ചൈനീസ് ബന്ധത്തിന് തെളിവായി ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു.

അമേരിക്കന്‍ കോടീശ്വരനായ നവില്‍ റോയ് സിംഘം അറിയപ്പെടുന്ന ഇടതുപക്ഷ പ്രവര്‍ത്തകനും ഇടതുപക്ഷ അനുകൂല പ്രവര്‍ത്തനങ്ങള്‍ക്ക് ലോകമെമ്പാടും സാമ്പത്തിക സഹായം ചെയ്യുന്ന ആളുമാണ്. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ സോഫ്റ്റ്വെയര്‍ സംരംഭകനായിരുന്നു. തോട്ട് വര്‍ക്സ് എന്ന ഐ.ടി. കണ്‍സള്‍ട്ടിങ് സ്ഥാപനത്തിന്റെ സ്ഥാപകനായിരുന്നു. 2017-ല്‍ 785 മില്യണ്‍ ഡോളറിന് തന്റെ ഉടമസ്ഥതയിലുള്ള തോട്ട് വര്‍ക്സ് വില്‍ക്കുകയും പൂര്‍ണസമയ ആക്ടിവിസ്റ്റ് ആയി മാറുകയും ചെയ്തു. വെനിസ്വേലയിലെ ഹ്യൂഗോ ഷാവേസിനെ പിന്തുണച്ചിരുന്ന സിംഘം, ചൈനയുടെയും ആരാധകനാണെന്നു താനെന്ന് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. മാവോയിസത്തോടുള്ള തന്റെ പ്രതിപത്തിയും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ ഇടങ്ങളില്‍ ഗവേഷണ-അക്കാദമിക കാര്യങ്ങള്‍ക്കായി പണം മുടക്കിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് വിവിധ രാജ്യങ്ങളിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും അക്കാദമിക-മാധ്യമ സ്ഥാപനങ്ങള്‍ക്കും പണം ചെലവഴിക്കുന്ന കാര്യവും സിംഘം തുറന്നുപറഞ്ഞിട്ടുണ്ട്.

പുരകായസ്ഥയ്‌ക്കെതിരേ ചുമത്തപ്പെട്ട കുറ്റങ്ങള്‍

അമേരിക്കന്‍ കോടീശ്വരനായ നെവില്‍ റോയ് സിംഘത്തില്‍നിന്ന് പണം ന്യൂസ് ക്ലിക്ക് മുഖേന ഇന്ത്യയിലെ നിരവധി രാഷ്ട്രീയക്കാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ലഭിച്ചിട്ടുണ്ടെന്നുമാണ് ഇ.ഡി. ആരോപിക്കുന്നത്. ഇതിനെ തുടര്‍ന്നുള്ള നടപടികളാണ് യു.എ.പി.എ. കേസിലേക്കും ഒരു മാധ്യമ സ്ഥാപനം പൂട്ടിക്കുന്നതിലേക്ക് നയിച്ചത്.

  • 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രസി ആന്‍ഡ് സെക്കുലറിസവുമായി ചേര്‍ന്ന് പുരകായസ്ഥ ഗൂഢാലോചന നടത്തി.
  • കശ്മീര്‍ ഒഴിവാക്കിയും അരുണാചല്‍പ്രദേശ് തര്‍ക്കഭൂമിയാക്കിയും ഇന്ത്യയുടെ ഭൂപടം നിര്‍മിക്കാനും ആഖ്യാനം ചമയ്ക്കാനും ന്യൂസ് ക്ലിക്ക്, വിദേശഫണ്ട് എന്ന ലേബലില്‍ 115 കോടി കൈപ്പറ്റി. 
  • ചൈനാബന്ധമുള്ള അമേരിക്കന്‍ വ്യവസായി നെവില്‍ റോയ് സിംഘവുമായും ഭാര്യയുമായും ബന്ധമുള്ള കമ്പനികളുമായി നടത്തിയ 4.27 ലക്ഷത്തോളം ഇ-മെയിലുഖള്‍ പരിശോധിച്ചതിലൂടെയാണിത് വ്യക്തമായത്.
  • നെവില്‍ റോയ് സിംഘവും ഭാര്യയും സാമ്പത്തിക സഹായം ചെയ്യുന്ന മൂന്നു സ്ഥാപനങ്ങളില്‍നിന്നായി 2018 മുതല്‍ ന്യൂസ് ക്ലിക്ക് സാമ്പത്തിക സഹായം സ്വീകരിച്ചു.
  • ഭീമാ കൊറേഗാവ് കേസില്‍ വീട്ടുതടങ്കലിലായിരുന്ന ഗൗതം നവ്‌ലാഖ ന്യൂസ് ക്ലിക്കില്‍ ഓഹരിയുടമയാണ്.
  • നവ്‌ലാഖയ്ക്ക് പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ ഏജന്റ് ഗുലാം നബി ഫായിയുമായും നിരോധിത മാവോവാദിസംഘങ്ങളുമായും ബന്ധമുണ്ട്.
  • കര്‍ഷകസമരം നീട്ടിക്കൊണ്ടുപോയി ജനങ്ങള്‍ക്ക് ദുരിതമുണ്ടാക്കാന്‍ ശ്രമിച്ചു.
  • സര്‍ക്കാരിന്റെ കോവിഡ് നിയന്ത്രണത്തെ തെറ്റായ പ്രചാരണങ്ങളിലൂടെ തകര്‍ക്കാന്‍ ശ്രമിച്ചു.

എന്തുകൊണ്ട് പുരകായസ്ഥ?

എന്‍ജിനിയറിങ് ബിരുദധാരിയായ പുരകായസ്ഥ ജെ.എന്‍.യുവില്‍ പഠിച്ചിരുന്ന കാലംമുതല്‍ ഇടതുസഹയാത്രികനായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് മിസ തടവുകാരനായിരുന്നു. 2009-ല്‍ പ്രവര്‍ത്തനമാരംഭിച്ച ന്യൂസ് ക്ലിക്ക് കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു പുരകായസ്ഥ. ന്യൂസ് ക്ളിക്ക് വാര്‍ത്താപോര്‍ട്ടല്‍ 2009-ലാണ് പ്രവര്‍ത്തനംതുടങ്ങിയത്. 

placeholder
മാധ്യമപ്രവര്‍ത്തകരായ പരഞ്‌ജോയ് ഗുഹ തകുര്‍ത്ത, ഊര്‍മിളേഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നു | ഫോട്ടോ: പിടിഐ

2021 സെപ്റ്റംബറിലാണ് ന്യൂസ് ക്ലിക്കിനെതിരായ ആരോപണവുമായി ബന്ധപ്പെട്ട് പ്രബീറിന്റെയും പ്രഞ്ജാള്‍ പാണ്‍ഡെയുടെയും മറ്റു മാധ്യമപ്രവര്‍ത്തകരുടെയും വീട്ടിലും ഓഫീസുകളിലും ഇ.ഡി. റെയ്ഡ് നടത്തിയത്. കള്ളപ്പണ നിരോധന നിയമപ്രകാരം ന്യൂസ് ക്ലിക്കിന്റെ 4.52 കോടി രൂപയുടെ വസ്തുവകകള്‍ പിടിച്ചെടുത്തതായി ഇ.ഡി. വ്യക്തമാക്കിയിരുന്നു. വിദേശ പണം ഉപയോഗിച്ച് സമ്പാദിച്ചതാണ് ഈ സ്വത്തെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. 2018 മാര്‍ച്ച് മുതല്‍ 2021 വരെയുള്ള കാലയളവില്‍ വാര്‍ത്താ പോര്‍ട്ടലുമായി ബന്ധപ്പെട്ട് 86 കോടിയിലധികം രൂപ വിദേശത്തുനിന്ന് എത്തിയിട്ടുണ്ടെന്നാണ് ഇ.ഡി. പറയുന്നത്. വെബ്‌സൈറ്റിന്റെ അക്കൗണ്ടില്‍നിന്ന് സാമൂഹികപ്രവര്‍ത്തക തീസ്ത സെതല്‍വാദിന്റെ കുടുംബത്തിലെ ചിലര്‍ക്ക് 40 ലക്ഷവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പരന്‍ജോയ് ഗുഹ തകുര്‍ത്തയ്ക്ക് 72 ലക്ഷവും കൈമാറിയെന്നും ഇതും അന്വേഷിക്കുന്നുണ്ടെന്നും ഇ.ഡി. പറയുന്നു.

അമേരിക്ക, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ബ്രസീല്‍, ഘാന, സാംബിയ തുടങ്ങിയ രാജ്യങ്ങളിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍, സമാന്തര മാധ്യമങ്ങള്‍ എന്നിവയ്ക്ക് പണം ചൈനീസ് ബന്ധമുള്ള സിംഘത്തിന്റെ ഷെല്‍ കമ്പനികള്‍ വഴി കൈമാറിയെന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് 2023 ഓഗസ്റ്റ് അഞ്ചിന് നല്‍കിയ വാര്‍ത്തയുടെ ഉള്ളടക്കം. ചൈന സര്‍ക്കാരിന് അനുകൂലമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനാണ് ന്യൂസ് ക്ലിക്കിന് സഹായധനം നല്‍കിയെന്നാണ് ഇ.ഡി പറയുന്നത്.

ന്യൂസ് ക്ലിക്കുമായി സഹകരിക്കുന്നതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരായ ഊര്‍മിളേഷ്, ഔനിന്ദ്യോ ചക്രവര്‍ത്തി, അഭിസര്‍ ശര്‍മ, പരഞ്ജോയ് ഗുഹ തകുര്‍ത്ത, ചരിത്രകാരന്‍ സൊഹൈല്‍ ഹാശ്മി, സെന്റര്‍ ഫോര്‍ ടെക്‌നോളജി ആന്‍ഡ് ഡെവലപ്‌മെന്റിലെ ഡി. രഘുനന്ദന്‍ എന്നിവരെ ചോദ്യംചെയ്തിരുന്നു. ന്യൂസ്‌ക്ലിക്കുമായി സഹകരിക്കുന്ന സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ സഞ്ജയ് രജൗര, എഴുത്തുകാരി ഗീത ഹരിഹരന്‍, മാധ്യമപ്രവര്‍ത്തക ഭാഷ സിങ് എന്നിവരുടെ ഫോണുകളും ലാപ്ടോപ്പുകളും ഹാര്‍ഡ് ഡിസ്‌കുകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന്റെ പേരിലാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തങ്ങള്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുന്നത് എന്നാണ് ന്യൂസ് ക്ലിക്കിന്റെ ആരോപണം. ന്യൂസ് ക്ലിക്കിനെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് 2023 ഓഗസ്റ്റ് ഏഴിന് പുര്‍കയാസ്ഥ ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടിയാണ് ന്യൂസ് ക്ലിക് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം പുര്‍കയാസ്ഥ തള്ളിക്കളഞ്ഞു. ന്യൂസ് ക്ലിക്കിലെ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത് വിലക്കിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, ന്യൂസ് ക്ലിക്കിനെതിരായി ആദായനികുതി വകുപ്പിന്റെ ഹര്‍ജി, അടിസ്ഥാനമില്ലെന്ന് കാട്ടി ഡല്‍ഹി കോടതി തള്ളിക്കളഞ്ഞ കാര്യവും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ന്യൂസ് ക്ലിക്കിനെ പ്രതിരോധിച്ചുകൊണ്ട് ഓഗസ്റ്റ് ഒമ്പതിന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ വുമണ്‍സ് പ്രസ് കോര്‍പ്, ഡല്‍ഹി ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍, പ്രസ് അസോസിയേഷന്‍ എന്നീ സംഘടനകളും പ്രസ്താവനയിറക്കി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ ദേശവിരുദ്ധരോ വിദേശരാജ്യങ്ങളുടെ ഉപകരണങ്ങളോ അല്ലെന്നും പ്രസ്താവനയില്‍ അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സുപ്രീം കോടതി ഉത്തരവ് ബിജെപി സര്‍ക്കാരിനുള്ള താക്കീത്?

ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടും ആരോപണങ്ങളും ഇ.ഡി. അന്വേഷണങ്ങളുമെല്ലാം രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണം നേരത്തതന്നെ ഉയര്‍ന്നിരുന്നതാണ്. ന്യൂസ് ക്ലിക്ക് പോലുള്ള മാധ്യമങ്ങളെ മാത്രമല്ല പ്രതിപക്ഷ കക്ഷി നേതാക്കള്‍ക്കെതിരേയും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്താനും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും കേന്ദ്രം ശ്രമിക്കുന്നതായി കോണ്‍ഗ്രസ് തന്നെ പറഞ്ഞിരുന്നു. ബി.ജെ.പി. എം.പി. നിഷികാന്ത് ദുബേ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പാര്‍ലമെന്റില്‍ രോപണം ഉന്നയിച്ചിരുന്നു. ന്യൂസ് ക്ലിക്കിനെ കൂടാതെ 'ആന്റി-ഇന്ത്യ' അന്തരീക്ഷം സൃഷ്ടിക്കാന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളും ചൈനയില്‍നിന്ന് പണം സ്വീകരിച്ചെന്നും 'രാഹുല്‍ ഗാന്ധിയുടെ വെറുപ്പിന്റെ കടയിലുള്ളത് ചൈനീസ് സാധനങ്ങളാണെ'ന്നും ദുബേ ആരോപിച്ചിരുന്നു.

നെവില്‍ റോയ് സിംഘം അടക്കമുള്ളവരുമായി നടത്തി എന്ന് ആരോപിക്കപ്പെടുന്ന ആശയവിനിമയങ്ങളുടെ പേരില്‍ സി.പി.എം. നേതാവ് പ്രകാശ് കാരാട്ടിനെതിരേയും ഇ.ഡി. അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. കോവിഡുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്ക് പുറത്തുവിട്ട വാര്‍ത്തകളില്‍ ചൈനീസ് ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് നെവില്‍ റോയ് സിംഘവുമായി പ്രകാശ് കാരാട്ട് അടക്കമുള്ളവര്‍ നടത്തിയ ഇ-മെയില്‍ ആശയവിനിമയങ്ങളെന്ന് ബി.ജെ.പി. നേതാവ് വിഷ്ണു വര്‍ധന്‍ റെഡ്ഡി ആരോപിച്ചിരുന്നു. ഇ.ഡി. ന്യൂസ് ക്ലിക്കിന്റെ ഓഫീസില്‍ 2021-ല്‍ നടത്തിയ റെയ്ഡ് സംബന്ധിച്ച് ന്യൂയോര്‍ക്ക് ടൈംസിന്റെ വാര്‍ത്തയില്‍ പരാമര്‍ശിച്ച കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയെ തകര്‍ക്കുന്നതിനായി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന 'തുക്ടേ തുക്ടേ ഗ്യാങ്ങി'ന്റെ ഭാഗമാണ് ന്യൂസ് ക്ലിക്ക് എന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ, ചൈനീസ് പണം രോഹിണി സിങ്, സ്വാതി ചതുര്‍വേദി തുടങ്ങിയ നക്‌സലൈറ്റുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വിതരണം ചെയ്യുന്നതായും ആരോപണം ഉന്നയിച്ചിരുന്നു.

ഭീകരവാദ വിരുദ്ധ നിയമപ്രകാരം പുരകായസ്ഥയെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്നും പോലീസ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കുക മാത്രമാണ് ഇപ്പോള്‍ സുപ്രീം കോടതി ചെയ്തിരിക്കുന്നതെങ്കിലും ഇ.ഡിക്കും ഡല്‍ഹി പോലീസിനെ നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാരിനും വലിയ തിരിച്ചടിയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. അറസ്റ്റു സംബന്ധിച്ച നടപടിക്രമങ്ങള്‍ ഒന്നും പാലിച്ചില്ലെന്ന സുപ്രീം കോടതിയുടെ കണ്ടെത്തല്‍ ഗൗരവതരമാണ്. അറസ്റ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളൊക്കെ നിഗൂഢമായിരുന്നെന്നും നിയമാനുസൃതമായ നടപടിക്രമങ്ങളെ മറികടക്കാനുള്ള നഗ്‌നമായ ശ്രമമാണ് നടന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. എന്തുകാരണത്താലാണ് താന്‍ അറസ്റ്റ് ചെയ്യപ്പെട്ടതെന്ന വിവരം പോലും നല്‍കാതെ ഒരാളെ കസ്റ്റഡിയില്‍ വെക്കുന്നതും അഭിഭാഷകന്റെ സേവനം തടയുന്നതും കടുത്ത ചട്ടലംഘനമാണ്. എഫ്‌ഐആറിന്റെ പകര്‍പ്പ് പൊതുജനങ്ങള്‍ക്കായി പുറത്തുവിട്ടിട്ടില്ലെന്നു മാത്രമല്ല, ഇക്കാര്യം ആവശ്യപ്പെട്ടുള്ള പുരകായസ്ഥയുടെ അപേക്ഷ അവഗണിക്കുകയും ചെയ്തു. റിമാന്‍ഡ് ചെയ്യപ്പെട്ടതിനു ശേഷം മാത്രമാണ് എഫ്‌ഐആര്‍ പകര്‍പ്പ് അദ്ദേഹത്തിന് ലഭിച്ചത്. പോലീസിന്റെ ഈ നടപടിക്ക് യാതൊരു കാരണവും കണ്ടെത്താനാകുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ന്യൂസ് ക്ലിക്കിനെതിരായി ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ സംബന്ധിച്ച് നിയമവ്യവഹാരങ്ങള്‍ ഇനിയും തുടരും. ആരോപണങ്ങളിലെ വസ്തുത പുറത്തുവരാനിരിക്കുന്നതേയുള്ളൂ. എങ്കിലും, ഇത്തരമൊരു ആരോപണത്തിന്റെ പേരില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തെയും മാധ്യമപ്രവര്‍ത്തകരെയും ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് കേന്ദ്രം നിയന്ത്രിക്കുന്ന ഡല്‍ഹി പോലീസ് പുരകായസ്ഥയുടെ കാര്യത്തില്‍ നടത്തിയ നഗ്നമായ ചട്ടലംഘനങ്ങള്‍ എന്നത് വസ്തുതയാണ്. കോടതിതന്നെ ഇത്രയും ശക്തമായ ഭാഷയില്‍ അക്കാര്യം ചൂണ്ടിക്കാട്ടുമ്പോള്‍ ജനാധിപത്യത്തിലും സാമൂഹ്യനീതിയിലും വിശ്വസിക്കുന്നവര്‍ക്ക് ആശങ്കപ്പെടാതിരിക്കാനാവില്ല.