ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ പരീക്ഷാ പേപ്പർ ചോർച്ചാ വിവാദങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ച് കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. പാർലമെന്റിൽ പരീക്ഷാ പേപ്പർ ചോർച്ച വിരുദ്ധ ബില്ലിന്മേൽ നടന്ന ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കവെയാണ്, വിദ്യാർഥികളുടെ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന കേന്ദ്ര നിലപാടിനെ അവർ ചോദ്യം ചെയ്തത്. സമാധാനപരമായ രീതിയിൽ തങ്ങളുടെ വേദനകൾ പ്രകടിപ്പിച്ച യുവാക്കൾക്ക് നീതിയും സുതാര്യതയും ബഹുമാനവുമാണ് നൽകേണ്ടതെന്ന് അവർ ഓർമ്മിപ്പിച്ചു.

To advertise here,

രാജ്യത്തെ യുവജനങ്ങൾക്ക് നേരെ പെല്ലറ്റ് ഗണ്ണുകളും എകെ-47 തോക്കുകളും പ്രയോഗിക്കേണ്ട സാഹചര്യം എന്താണെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. പ്രതിഷേധിക്കുന്ന വിദ്യാർഥികൾ തീവ്രവാദികളാണോ എന്നും ഇവർക്ക് നേരെ കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിക്കാൻ ഉത്തരവിട്ടത് പ്രധാനമന്ത്രിയാണോ അതോ ആഭ്യന്തരമന്ത്രിയാണോ എന്ന് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. നിരപരാധികളായ വിദ്യാർഥികളുടെയും പെൺകുട്ടികളുടെയും ശബ്ദം അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി.

കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് 152 തവണ പരീക്ഷാ പേപ്പർ ചോർച്ചയുണ്ടായതായും ഇത് ഏകദേശം 7.5 കോടി വിദ്യാർഥികളെ ബാധിച്ചതായും പ്രിയങ്ക ചൂണ്ടിക്കാട്ടി. ഇത്രയധികം സംഭവങ്ങൾ ഉണ്ടായിട്ടും ഒരു മാഫിയയെപ്പോലും ശിക്ഷിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. കഠിനാധ്വാനത്തേക്കാൾ ഉപരിയായി സത്യസന്ധതയില്ലാത്ത വഴികൾക്കാണ് ഇന്ന് ഇന്ത്യയിൽ വില ലഭിക്കുന്നത് എന്ന് വിദ്യാർഥികൾ ഭയപ്പെടുകയാണെന്നും പരീക്ഷാ സംവിധാനം പൂർണ്ണമായും തകർന്നിരിക്കുകയാണെന്നും അവർ പറഞ്ഞു.

മഹാരാഷ്ട്രയിലെ ഒരു മാതാപിതാക്കൾ തങ്ങളുടെ മകളുടെ വേർപാടിൽ ദുഃഖിക്കുമ്പോൾ സർക്കാർ ആഘോഷങ്ങളിൽ മുഴുകുകയാണെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. വിദ്യാർഥികളോടുള്ള സർക്കാരിന്റെ സമീപനത്തെയും സെൻസിറ്റിവിറ്റിയെയും ചോദ്യം ചെയ്ത അവർ, പുതിയ വിദ്യാഭ്യാസ മന്ത്രിയുടെ നിയമനം നീതിക്കും ഉത്തരവാദിത്വത്തിനും വേണ്ടി കാത്തിരിക്കുന്ന രാജ്യത്തെ പെൺകുട്ടികൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന സന്ദേശമാണ് നൽകുന്നതെന്നും ആരോപിച്ചു. ബലത്സംഗകേസിലെ പ്രതികളെ വിട്ടയച്ചതിൽ കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി നടത്തിയ ഇടപ്പെടലിനെ പരോക്ഷമായി വിമർശിച്ചായിരുന്നു പ്രിയങ്കയുടെ പരാമർശം.

പ്രിയങ്കയുടെ പരാമർശങ്ങൾ സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള ശക്തമായ വാഗ്വാദത്തിന് കാരണമായി. വിദ്യാഭ്യാസ മന്ത്രിയുടെ അന്തസ്സിന് കളങ്കമുണ്ടാക്കിയെന്ന് ആരോപിച്ച് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പ്രിയങ്ക ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ തന്റെ ആരോപണങ്ങളിൽ ഉറച്ചുനിന്ന അവർ, ഇതിനാവശ്യമായ തെളിവുകൾ ഹാജരാക്കാമെന്ന് വ്യക്തമാക്കി.

പ്രിയങ്ക ഗാന്ധി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി പറഞ്ഞു. പ്രിയങ്കയുടെ പരാമർശങ്ങൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതാണെന്നും സംസാരിക്കുന്നതിന് മുമ്പ് അവർ വസ്തുതകൾ പരിശോധിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കളഞ്ഞ അദ്ദേഹം, പച്ചക്കള്ളം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു. പ്രസ്താവനകളിൽ പ്രിയങ്ക ഗാന്ധി മാപ്പ് പറയണമെന്നും അവരെ സഭയിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട പ്രഹ്‌ളാദ് ജോഷി, ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവർ വ്യാജമായ കാര്യങ്ങൾ വിളിച്ചുപറയുന്നത് അംഗീകരിക്കാനാവില്ലെന്നും കൂട്ടിച്ചേർത്തു.

അതേസമയം, സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള സർക്കാരിന്റെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് കുറ്റപ്പെടുത്തിയ പ്രിയങ്ക ഗാന്ധി തന്റെ ആരോപണങ്ങളെ ശരിവെക്കുന്നതിനാവശ്യമായ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ കൃത്യമായ നടപടിക്രമങ്ങളിലൂടെ സഭയിൽ ഹാജരാക്കാൻ തയ്യാറാണെന്ന് അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആർഎസ്എസ് പ്രചാരകരെ തിരുകിക്കയറ്റിക്കൊണ്ട് വിദ്യാഭ്യാസ സമ്പ്രദായത്തെ സർക്കാർ പൊള്ളയാക്കിയെന്നും പ്രിയങ്ക ആരോപിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നിർബന്ധപൂർവ്വം സ്ഥാപിച്ചതും പരീക്ഷാ സംവിധാനം കേന്ദ്രീകരിച്ചതും കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയെന്നും അവർ കുറ്റപ്പെടുത്തി. ഭരണഘടനയും ജനാധിപത്യവുമാണ് പരമപ്രധാനമെന്നും സർക്കാരുകൾ പൗരന്മാരോട് ഉത്തരവാദിത്വമുള്ളവരായിരിക്കണമെന്നും അവർ സഭയിൽ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റാഗ്രാം റീലുകളെയും പ്രിയങ്ക ഗാന്ധി പരിഹസിച്ചു. വിദ്യാർഥികൾ പ്രതിഷേധിക്കുമ്പോൾ അർദ്ധരാത്രിയിൽ ഇൻസ്റ്റാഗ്രാം റീലുകൾ ഉണ്ടാക്കുന്നത് ഒന്നിനും പരിഹാരമാകില്ലെന്ന് അവർ പറഞ്ഞു. ഇൻസ്റ്റാഗ്രാം റീലുകൾ ചെയ്യുമ്പോൾ ക്യാമറയുടെ ആങ്കിൾ മാറ്റുന്നതിനേക്കാൾ പ്രധാനമന്ത്രി തന്റെ 'ഹൃദയത്തിന്റെ ആങ്കിൾ' മാറ്റാനാണ് ശ്രമിക്കേണ്ടതെന്ന് അവർ പരിഹസിച്ചു.