ന്യൂഡൽഹി: രണ്ടുവർഷംമുൻപ്‌ വംശീയകലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പുരിലെത്തുന്നു.

To advertise here,

ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയെത്തുന്ന പ്രധാനമന്ത്രി ചുരാചന്ദ്പുരിലും ഇംഫാലിലും ഏതാനും ചടങ്ങുകളിൽ പങ്കെടുത്ത് അസമിലേക്ക് തിരിക്കും. 2023 മേയിൽ വംശീയകലാപം തുടങ്ങിയ മണിപ്പുരിൽ 864 ദിവസങ്ങൾക്കുശേഷമാണ് പ്രധാനമന്ത്രിയെത്തുന്നത്. മിസോറം തലസ്ഥാനമായ ഐസ്വാളിൽനിന്ന് കുക്കി ഭൂരിപക്ഷമേഖലയായ ചുരാചന്ദ്പുരിലേക്കാണ് മോദി ആദ്യമെത്തുക.

മിസോറമിൽ 51 കിലോമീറ്റർവരുന്ന ബൈറാബി-സൈരംഗ് പദ്ധതിയിലെ 34 കിലോമീറ്റർ ദൈർഘ്യമുള്ള ഹോർട്ടോക്കി-സൈരംഗ്‌ റെയിൽപ്പാതയുടെ ഉദ്ഘാടനവും നിർവഹിക്കും. ചുരാചന്ദ്പുരിൽ 7300 കോടി രൂപയുടെ വികസനപദ്ധതികൾക്ക് മോദി തറക്കല്ലിടും. മെയ്ത്തി-കുക്കി മേഖലകൾക്ക്‌ പ്രത്യേക സാമ്പത്തികപാക്കേജും പ്രഖ്യാപിക്കും.

അതിനിടെ, ചുരാചന്ദ്പുരിൽ സംഘർഷമുണ്ടായത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങളും അലങ്കാരങ്ങളും ഒരുസംഘം നശിപ്പിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് വഴുതിയത്. വ്യാഴാഴ്ചരാത്രിയാണ് സംഭവം. പോലീസും സുരക്ഷാസേനയുമെത്തിയാണ് അക്രമികളെ തുരത്തിയത്.

കുക്കി സോ കൗൺസിൽ കഴിഞ്ഞ ദിവസം മോദിയുടെ സന്ദർശനത്തെ സ്വാഗതംചെയ്തിരുന്നു. എന്നാൽ, കലാപത്തിൽ കൊല്ലപ്പെട്ട കുക്കി വിഭാഗക്കാരുടെ സ്മരണയ്ക്കായി തയ്യാറാക്കിയ ‘ഓർമ്മമതിൽ’ മറച്ച് അലങ്കാരങ്ങൾ നടത്തിയതാണ് പ്രശ്നത്തിന് കാരണം.

പ്രധാനമന്ത്രിയുടെ സന്ദർശനത്തെ കുക്കി ഗോത്രവിഭാഗങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ, മെയ്ത്തികളിൽ വലിയൊരു വിഭാഗവും പ്രധാനമന്ത്രിയുടെ വരവിൽ തൃപ്തരല്ല.

ആറ് നിരോധിത സംഘടനകളുൾപ്പെട്ട കോഡിനേഷൻ കമ്മിറ്റി (കോർകോം), പ്രധാനമന്ത്രിയെത്തുന്ന ശനിയാഴ്ച സമ്പൂർണ അടച്ചിടൽസമരം പ്രഖ്യാപിച്ചു.