ന്യൂഡൽഹി: ലോക്സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിർളയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം തവണയും സ്പീക്കർ സ്ഥാനത്തേക്കെത്തുമ്പോൾ വലിയ ഉത്തരവാദിത്വമാണുള്ളതെന്നും ബിർളയുടെ അനുഭവപരിചയം അടുത്ത അഞ്ചുവർഷം സഭയെ മികച്ചരീതിയിൽ നയിക്കുന്നതിന് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

മുൻപ് കോൺ​ഗ്രസ് നേതാവ് ബൽറാം ജാഖറിന് ആദ്യ അഞ്ചു വർഷം പൂർത്തിയാക്കിയതിന് ശേഷം വീണ്ടും സ്പീക്കർ സ്ഥാനത്തെത്താൻ സാധിച്ചു. ആ അവസരം തന്നെയാണ് ബിർളക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ച് 70 വർഷങ്ങൾക്ക് ശേഷവും നടപ്പിലാക്കാൻ സാധിക്കാതെയിരുന്ന പല പ്രവൃത്തികളും ബിർളയുടെ അധ്യക്ഷതയിൽ സഭയ്ക്ക് സാധ്യമാക്കാൻ കഴിഞ്ഞതായും മോദി പറഞ്ഞു. പതിനേഴാം ലോക്‌സഭയുടെ നേട്ടങ്ങളിൽ രാജ്യം അഭിമാനിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്. ജനാധിപത്യത്തിൻ്റെ നീണ്ട യാത്രയിൽ നിരവധി നാഴികക്കല്ലുകൾ സ്ഥാപിക്കാൻ കഴിഞ്ഞതായും അദ്ദേഹം കൂട്ടിചേർത്തു.

എം.എ. അയ്യങ്കാർ, ജി.എസ്. ധില്ലൻ, ബൽറാം ജാഖർ, ജിഎംസി ബാലയോഗി എന്നിവർക്ക് ശേഷം തുടർ സഭകളിൽ സ്പീക്കറാകുന്ന അഞ്ചാമത്തെ ആളാണ് ഓം ബിർള.