ന്യൂഡല്‍ഹി: 26/11 മുംബൈ ആക്രമണത്തിന് ശേഷം പാകിസ്താനെതിരായ സൈനിക നടപടിക്കുള്ള ആവശ്യം അന്നത്തെ വിദേശകാര്യ മന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി നിരസിച്ചിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കിടെയാണ് രാജ്‌നാഥ് സിങ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മുംബൈ ഭീകരാക്രമണത്തിന് ശേഷം അന്ന് കോണ്‍ഗ്രസ് നയിച്ച യുപിഎ സര്‍ക്കാര്‍ പാകിസ്താനെതിരേ യാതൊരു നടപടിയും എടുത്തില്ലെന്ന കാര്യം പ്രത്യേകം പരാമര്‍ശിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

To advertise here,

ഇതിന്റെ ഭാഗമായി പ്രണബ് മുഖര്‍ജിയുടെ 'ദി കോളിഷന്‍ ഇയേഴ്സ്' എന്ന പുസ്തകത്തിലെ ഭാഗം രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി. മുംബൈ ആക്രമണം നടന്നപ്പോള്‍, കറാച്ചി തുറമുഖത്ത് നിന്നാണ് ഭീകരര്‍ വന്നതെന്നതിന് ഇന്ത്യയുടെ പക്കല്‍ തെളിവുണ്ടെന്ന് പ്രണബ് മുഖര്‍ജി തന്റെ 'ദി കോളിഷന്‍ ഇയേഴ്സ്' എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ഭീകരര്‍ക്ക് തങ്ങളുമായി ബന്ധമില്ലെന്ന പാകിസ്താന്റെ സ്ഥിരം ഒഴിവുകഴിവ് ലോകത്ത് ആരും തന്നെ വിശ്വസിച്ചിരുന്നില്ലെന്നും അദ്ദേഹം എഴുതിയിട്ടുണ്ടെന്ന് സിങ് ചൂണ്ടിക്കാട്ടി. ഇതോടൊപ്പം ''മന്ത്രിസഭയ്ക്കുള്ളിലെ ചൂടേറിയ ചര്‍ച്ചകള്‍ക്കിടയില്‍, സൈനിക ഇടപെടലിനുള്ള ആവശ്യം ഉണ്ടായിരുന്നു, അത് ഞാന്‍ നിരസിച്ചു'', എന്ന പ്രണബിന്റെ വാചകവും സിങ് പ്രത്യേകം എടുത്ത് പരാമര്‍ശിക്കുകയും ചെയ്തു.

മാത്രമല്ല മുംബൈ ആക്രമണത്തിന് തൊട്ടുപിന്നാലെ ഒരു ഉന്നതതല യോഗം നടന്നതായി ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ളതായും സിങ് വ്യക്തമാക്കി. അതില്‍ അന്നത്തെ വിദേശകാര്യ മന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിയോട് ''എന്താണ് ചെയ്യേണ്ടത്?'' എന്ന് ചോദിച്ചു. മുരിദ്‌കെയിലെ ലഷ്‌കര്‍-ഇ-തൊയ്ബ ആസ്ഥാനത്ത് ക്രൂയിസ് മിസൈല്‍ ആക്രമണം നടത്താമെന്ന് അന്നത്തെ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍ നിര്‍ദേശിച്ചതായി പുസ്തകത്തില്‍ പറയുന്നു. 'ഇത് കേട്ട മുഖര്‍ജി തന്റെ കണ്ണട അഴിച്ചുമാറ്റി, വൃത്തിയാക്കി, യോഗം അവസാനിപ്പിക്കുന്നതിന് മുമ്പ് എല്ലാ ഉദ്യോഗസ്ഥര്‍ക്കും നന്ദി പറഞ്ഞു,' എന്ന് ഈ പുസ്തകത്തിലെ ഭാഗം ചൂണ്ടിക്കാട്ടി രാജ്‌നാഥ് സിങ് പറഞ്ഞു.

ആ സമയത്ത് ശരിയെന്നു കരുതിയതാണ് ആ സര്‍ക്കാര്‍ ചെയ്തതെന്നും സിങ് പറഞ്ഞു. എന്നാല്‍ എന്നാല്‍ 2016 (സര്‍ജിക്കല്‍ സ്ട്രൈക്ക്), 2019 (വ്യോമാക്രമണം) പോലുള്ള നിര്‍ണായകവും കഠിനവുമായ നടപടികള്‍ അന്നത്തെ സര്‍ക്കാര്‍ പാകിസ്താനെതിരേ സ്വീകരിച്ചിരുന്നു എങ്കില്‍ അത് പാകിസ്താന് തന്ത്രപരമായ തിരിച്ചടിയാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ ഒരു സൈനിക നടപടി പാകിസ്താനും അവരുടെ സൈന്യം പിന്തുണയ്ക്കുന്ന തീവ്രവാദ സംഘടനകള്‍ക്കും വലിയ തിരിച്ചടിയും പിന്നീടൊരു നീക്കം നടത്താന്‍ സാധിക്കാത്തവിധം നിരുത്സാഹപ്പെടുത്തലുമായി മാറുമായിരുന്നുവെന്നും സിങ് ചൂണ്ടിക്കാട്ടി.

2008-ല്‍ മുംബൈയില്‍ ഇത്രയും വലിയൊരു ഭീകരാക്രമണം നടന്നിട്ടും അന്നത്തെ സര്‍ക്കാര്‍ ഫലപ്രദമായ നടപടിയെടുത്തില്ലെന്നു മാത്രമല്ല പല ആഗോള വേദികളിലും ആ സംഭവത്തെ അപലപിച്ചതായി പോലും കണ്ടില്ലെന്നും സിങ് പറഞ്ഞു. ആ സംഭവത്തിനുശേഷം നടന്ന ബ്രിക്‌സ് ഉച്ചകോടിയുടെ രേഖകള്‍ ഒന്ന് നോക്കൂ, മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് എവിടെയും പരാമര്‍ശമില്ലെന്ന കാര്യവും സിങ് ചൂണ്ടിക്കാട്ടി.