കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസി (എ.വി.പി.) മാനേജിങ് ഡയറക്ടര്‍ പി.ആര്‍. കൃഷ്ണകുമാര്‍ (69) അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഒരാഴ്ചയിലേറെയിലായി കോയമ്പത്തൂര്‍ കെ.എം.സി.എച്ച്. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു അന്ത്യം.

എ.വി.പി. സ്ഥാപകനും മേഴത്തൂരിലെ ആര്യവൈദ്യനുമായ പി.വി. രാമവാര്യരുടെയും പരേതയായ പങ്കജംവാരസ്യാരുടെയും മകനായി 1951 സെപ്റ്റംബര്‍ 23-ന് കോയമ്പത്തൂരിലാണ് ജനനം. പരേതയായ സരോജിനി വാരസ്യാര്‍, കസ്തൂരി വാരസ്യാര്‍, പരേതനായ രാജഗോപാല്‍ വാര്യര്‍, ഗീത തമ്പുരാന്‍, ദുര്‍ഗ വാരസ്യാര്‍, അംബിക വാരസ്യാര്‍ എന്നിവര്‍ സഹോദരങ്ങളാണ്. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെ കോയമ്പത്തൂരില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കും. അവിവാഹിതനായ കൃഷ്ണകുമാര്‍ കോയമ്പത്തൂര്‍ രാമനാഥപുരത്തെ രാജമന്ദിരത്തിലായിരുന്നു താമസം.

അച്ഛന്റെ കാലശേഷം 1994ലാണ് എ.വി.പി.യുടെ സാരഥ്യം കൃഷ്ണകുമാര്‍ ഏറ്റെടുത്തത്. കോയമ്പത്തൂര്‍ ആയുര്‍വേദിക് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി, ആര്യവൈദ്യന്‍ രാമവാര്യര്‍ എജ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ആയുര്‍വേദയുടെ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍, കെയര്‍ കേരളയുടെ സി.എം.ഡി. തുടങ്ങിയ സ്ഥാനങ്ങളും കൃഷ്ണകുമാര്‍ വഹിച്ചിരുന്നു. ആയുര്‍വേദരംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്ത് സംഭാവനകള്‍ പരിഗണിച്ച് 2009-ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു.

ആയുര്‍വേദത്തില്‍ ആധുനികതയും കോര്‍ത്തിണക്കി

കോയമ്പത്തൂര്‍: എ.വി.പി.യില്‍ ഔദ്യോഗികപദവി ഏറ്റെടുത്ത കൃഷ്ണകുമാര്‍ ആദ്യം ചെയ്തത് പരമ്പരാഗതരീതിയും ആധുനിക പഠനസമ്പ്രദായവും കോര്‍ത്തിണക്കിക്കൊണ്ടുള്ള പാഠ്യപദ്ധതിയുമായി ആയുര്‍വേദകോളേജ് യാഥാര്‍ഥ്യമാക്കുകയായിരുന്നു. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ മെഡിസിന്റെയും മദ്രാസ് സര്‍വകലാശാലയുടെയും അംഗീകാരത്തോടെ ഗുരുകുലസമ്പ്രദായത്തിനു കീഴില്‍ നടപ്പാക്കിയ ഏഴരവര്‍ഷത്തെ സൗജന്യ ആയുര്‍വേദ പഠനകോഴ്സ് വിദ്യാഭ്യാസചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. കോയമ്പത്തൂരിലെ ആനക്കട്ടിയില്‍ മാങ്കരയാണ് കോളേജ് പ്രവര്‍ത്തിച്ചിരുന്നത്.

ലോകാരോഗ്യസംഘടനയുടെയും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെയും സഹകരണത്തോടെ 1977-ല്‍ കൃഷ്ണകുമാര്‍ മുന്‍കൈയെടുത്ത് നടത്തിയ പരമ്പരാഗത ചികിത്സാരീതികളെ അവലംബിച്ചുള്ള ഗവേഷണം ആഗോളശ്രദ്ധ നേടി. സന്ധിവാതത്തിന് ആയുര്‍വേദചികിത്സ എത്രത്തോളം ഫലപ്രദമാണെന്നതായിരുന്നു ഗവേഷണവിഷയം. ഇതിനുള്ള അംഗീകാരമായി 2004-'06-ല്‍ വാഷിങ്ടണ്‍ സര്‍വകലാശാലവഴി അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് തുടര്‍ ഗവേഷണത്തിന് അദ്ദേഹത്തിന് ഫണ്ട് അനുവദിച്ചു.

ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി മന്ത്രാലയങ്ങളുടെ സഹകരണത്തോടെ ഒട്ടേറെ ആയുര്‍വേദാനുബന്ധിയായ ഗവേഷണങ്ങള്‍ക്ക് കൃഷ്ണകുമാര്‍ വഴിയൊരുക്കി. 1985-'88 കാലയളവില്‍ നടന്ന 'ഓള്‍ ഇന്ത്യ കോ-ഓര്‍ഡിനേറ്റഡ് പ്രോജക്ട് ഓണ്‍ എത്തനോബയോളജി ഓഫ് ട്രൈബല്‍സ് ഓഫ് വെസ്റ്റേണ്‍ ഗാട്ട്സ്' ഇതിലൊന്നാണ്.

അംഗീകാരങ്ങളുടെ നെറുകയില്‍

കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പാലക്കാട്ടെ കഞ്ചിക്കോട്ടും ആലത്തൂരും ആധുനികസംവിധാനങ്ങളോടെ സ്ഥാപിച്ച ആയുര്‍വേദ മരുന്നുത്പാദന ഫാക്ടറികളിലൂടെ 450-ഓളം മരുന്നുകള്‍ ഉത്പാദിപ്പിച്ചുവരുന്നു. എ.വി.പി.യുടെ കഞ്ചിക്കോട്ടെ ഔഷധനിര്‍മാണശാലയുടെ ഭാഗമായുള്ള ബൃഹത്തായ സസ്യോദ്യാനവും കൃഷ്ണകുമാര്‍ സ്ഥാപിച്ചതാണ്.

കൃഷ്ണകുമാര്‍ മുന്‍കൈയെടുത്ത് 1982-ല്‍ കോയമ്പത്തൂരില്‍ ആരംഭിച്ച ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ വിവിധ അംഗീകാരങ്ങള്‍ നേടി. ഈ കേന്ദ്രം ശാസ്ത്ര-സാങ്കേതികമന്ത്രാലയത്തിന്റെ ഗവേഷണകേന്ദ്രവുമായി. കോയമ്പത്തൂരിലെ ഭാരതിയാര്‍ സര്‍വകലാശാല 1984 മുതല്‍ കേന്ദ്രത്തെ രസതന്ത്രഗവേഷണകേന്ദ്രമായി അംഗീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ആയുര്‍വേദ വിഭാഗമായ ആയുഷ് ഈ കേന്ദ്രത്തെ അംഗീകൃത സ്ഥാപനമായി പ്രഖ്യാപിച്ചു.

കൃഷ്ണകുമാര്‍ വാര്‍ത്തെടുത്ത ക്ലിനിക്കല്‍ വിഭാഗത്തെ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം രാജ്യത്തെ ഏറ്റവും നല്ല എട്ട് പ്രസ്ഥാനങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്തു. 2005-ല്‍ ക്ലിനിക്കല്‍ വിഭാഗം ഐ.എസ്.ഒ. പദവി നേടി. 'വാഷിങ്ടണ്‍ പോസ്റ്റി'ല്‍ 'മായോ ക്ലിനിക് ഓഫ് ആയുര്‍വേദ' എന്ന വിശേഷണത്തിനര്‍ഹമായി.

കൃഷ്ണകുമാര്‍ കോയമ്പത്തൂരില്‍ ആരംഭിച്ച എ.വി.പി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് (അവതാര്‍) ഇന്ന് രാജ്യത്തെ ഒന്നാംനിര ആയുര്‍വേദാനുബന്ധ ഗവേഷണകേന്ദ്രമാണ്.

ആത്മീയപാതയില്‍ ക്ഷേത്രോപാസന ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി പ്രേമപാണ്ഡുരംഗയുമായി സഹകരിച്ച് കൃഷ്ണകുമാര്‍ നൂറുകണക്കിന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിച്ചു. എ.വി.പി. അങ്കണത്തിലെ ധന്വന്തരി മന്ദിര്‍ ക്ഷേത്രത്തിലൂടെ നിത്യവും അന്നദാനവും നടത്തിവരുന്നുണ്ട്.

പരമ്പരാഗതകലകളെ പരിപോഷിപ്പിക്കുന്നതിനായി എ.വി.പി.യുടെ ഭാഗമായി സൗജന്യ കളരി-യോഗ-കഥകളി പഠനസൗകര്യവും അദ്ദേഹം ഒരുക്കിയിരുന്നു.

2009-ല്‍ പദ്മശ്രീ ലഭിച്ച കൃഷ്ണകുമാര്‍ ഈ ബഹുമതി നേടുന്ന കോയമ്പത്തൂരിലെ പ്രഥമ മലയാളിയുമായി.

സ്വകാര്യദുഃഖമായി 'ജീവനി'

'കാണി' വിഭാഗം ആദിവാസികളുടെ ഉന്നമനവും അത്യപൂര്‍വ ഔഷധമായ 'ജീവനി'യുടെ പ്രചാരണവും ലക്ഷ്യമിട്ട് നടത്തിയ ആരോഗ്യപ്പച്ച ഇടപാട് എ.വി.പി.യെ കോടതിവരെ എത്തിച്ചത് കൃഷ്ണകുമാറിന്റെ സ്വകാര്യ ദുഃഖമായിരുന്നു.

പത്തുലക്ഷത്തിലേറെ രൂപ ചെലവിട്ടാണ് 'ജീവനി'യുടെ നിര്‍മാണലൈസന്‍സ് എ.വി.പി. നേടിയത്. 'കാണി' വിഭാഗത്തിന്റെ ഉന്നമനത്തിനായി വരുമാനത്തിന്റെ 1:1 എന്ന അനുപാതത്തില്‍ ഏഴുലക്ഷത്തിലേറെ രൂപ നല്‍കുകയും ചെയ്തു.

മുടക്കുമുതല്‍ തിരിച്ചുകിട്ടിയില്ലെന്നുമാത്രമല്ല 'ജീവനി' എ.വി.പി.യുടെ സല്‍പ്പേരിന് കളങ്കവുമുണ്ടാക്കി. പശ്ചിമഘട്ടത്തിലെ അഗസ്ത്യമലയിലെ 'കാണി' സമുദായക്കാര്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ആരോഗ്യ-ഊര്‍ജ-ഉന്മേഷ ദായക സസ്യമാണ് ആരോഗ്യപ്പച്ച. ഇതിന്റെ കായയും ഇലയുമാണ് 'കാണി'കള്‍ കഴിക്കുക. 30 മുതല്‍ 50 കായവരെ കഴിച്ചാല്‍ 10-15 മിനിറ്റിനുള്ളില്‍ ക്ഷീണമകന്ന് മണിക്കൂറുകളോളം ഉത്സാഹം ലഭിക്കും.

അഗസ്ത്യമലയില്‍ 1987-ല്‍ സസ്യശാസ്ത്രജ്ഞന്‍ പുഷ്പാംഗദനാണ് 'കാണി'കളുടെ ഈ രഹസ്യം ആദ്യമറിയുന്നത്. ക്ഷീണമില്ലാതെ മലകയറുന്ന കാണി യുവാക്കള്‍ ഇടയ്ക്കിടെ ചെറിയ ഉണക്കക്കായ വായിലിടുന്നത് ഇദ്ദേഹം ശ്രദ്ധിച്ചു.

ആരോഗ്യപച്ചയുടെ ശക്തി സ്വയം പരീക്ഷിച്ചറിഞ്ഞ പുഷ്പാംഗദന്‍ പിന്നീട് ജമ്മുവിലെ റീജ്യണല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ ശാസ്ത്രീയ പരീക്ഷണവും നടത്തി. 1999 നവംബറില്‍ തിരുവനന്തപുരത്തെ ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി ചുമതലയേറ്റ പുഷ്പാംഗദന്‍ ആരോഗ്യപ്പച്ചയും രണ്ട് ഔഷധസസ്യങ്ങളും ചേര്‍ത്ത് 'ജീവനി' എന്ന ഔഷധം നിര്‍മിച്ചു.

കാണികള്‍ക്ക് 'ജീവനി' വില്‍പ്പനയുടെ തുല്യലാഭം പങ്കുവെക്കാമെന്ന കരാറിന്മേല്‍ 1996-ല്‍ എ.വി.പി. 'ജീവനി'യുടെ വില്‍പ്പനാവകാശം നേടി. ഏഴുവര്‍ഷത്തേക്കായിരുന്നു കരാര്‍. 2.5 ശതമാനം റോയല്‍റ്റിയും നല്‍കി. കേരളത്തിലെ 60 ശതമാനം 'കാണി'കളും അംഗങ്ങളായുണ്ടാക്കിയ ട്രസ്റ്റില്‍ വില്‍പ്പനാനുപാത തുകയായി 1999-ല്‍ 5,35,000 രൂപ നിക്ഷേപിക്കുകയും ചെയ്തു. 'ജീവനി' കടല്‍കടന്ന് അമേരിക്കയിലും ജപ്പാനിലുമെത്തി. വനമേഖലയില്‍ ആരോഗ്യപ്പച്ച കൃഷി ആരംഭിച്ചു. എന്നാല്‍, വനംവകുപ്പ് കൃഷി തടഞ്ഞത് ആദ്യതിരിച്ചടിയായി. തുടര്‍ന്ന് ആരോഗ്യപ്പച്ച വില്‍പ്പനാവകാശം സംബന്ധിച്ച തര്‍ക്കവുമായി ചില ആദിവാസിസംഘടനകളും മറ്റുചില കമ്പനികളും രംഗത്തെത്തി. അവസാനം പ്രശ്‌നം കോടതിവരെ എത്തി.

2005-ല്‍ ജീവനിയുടെ നിര്‍മാണത്തില്‍നിന്ന് എ.വി.പി. പിന്‍മാറിയതോടെ പ്രതീക്ഷകള്‍ തെറ്റിച്ച് ലക്ഷങ്ങളുടെ നഷ്ടത്തില്‍ കൃഷ്ണകുമാറിന്റെ സ്വപ്നപദ്ധതി അവസാനിക്കുകയായിരുന്നു.

ആയുര്‍വേദത്തിന്റെ നിത്യപ്രചാരകന്‍

ആയുര്‍വേദത്തിന്റെ പ്രചാരണത്തിനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനും നടപ്പാക്കാനും കൃഷ്ണകുമാര്‍ എന്നും ശ്രദ്ധിച്ചിരുന്നു. ആയുര്‍വേദത്തില്‍ നടക്കുന്ന ആധികാരികപഠനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനായി ലോകത്താദ്യമായി ഒരു ഇംഗ്ലീഷ് ജേണല്‍ പ്രസിദ്ധീകരിച്ചത് കൃഷ്ണകുമാറായിരുന്നു. 'ആന്‍ഷ്യന്റ് സയന്‍സ് ഓഫ് ലൈഫ്' എന്ന ഈ ജേണല്‍ 1981 മുതല്‍ മുടങ്ങാതെ പ്രസിദ്ധീകരിച്ചുവരുന്നു.

2008-ല്‍ ജേണലിന്റെ എല്ലാ പഴയലക്കങ്ങളും ഓണ്‍ലൈന്‍വഴി സൗജന്യമായി ലഭ്യമാക്കുന്ന വെബ്സൈറ്റും തുറന്നു. ആയുര്‍വേദത്തിന്റെ സന്ദേശം സാധാരണ ജനങ്ങളിലെത്തിക്കുന്നതിനായി ദൂരദര്‍ശനുമായി സഹകരിച്ച് 'ആയുര്‍വേദ മെഡിസിന്‍ ഫോര്‍ ദി മില്ലേനിയം' എന്ന സീരിയല്‍ കൃഷ്ണകുമാര്‍ നിര്‍മിച്ചു. 1999-2000 കാലയളവില്‍ ഈ സീരിയല്‍ ദൂരദര്‍ശന്‍ സംപ്രേക്ഷണംചെയ്തു. വിദേശരാജ്യങ്ങളില്‍ ആയുര്‍വേദ പ്രചാരണത്തിനായി പ്രത്യേക സോഫ്റ്റ്വേറും കൃഷ്ണകുമാര്‍ വികസിപ്പിച്ചെടുത്തു.

യു.എസ്., ബ്രിട്ടന്‍, മലേഷ്യ, കാനഡ തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാര-വിദ്യാഭ്യാസ ഗവേഷണ ബന്ധങ്ങള്‍ സ്ഥാപിച്ച എ.വി.പി.ക്ക് മലേഷ്യയില്‍ അഞ്ച് ചികിത്സാകേന്ദ്രങ്ങള്‍ തുറക്കാനും വഴിയൊരുക്കിയത് കൃഷ്ണകുമാറാണ്.

content highlights: pr krishnakumar passes away