
ശ്രീനാരായ ഗുരു, അയ്യൻകാളിയുടെ പ്രതിമ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: കേരളീയ നവോത്ഥാനനായകരുടെ ഓർമ്മയ്ക്ക് കേന്ദ്രസർക്കാർ 120 കോടി രൂപ ചെലവിട്ട് സ്മാരകങ്ങളൊരുക്കും. അയ്യങ്കാളി, അയ്യാവൈകുണ്ഠസ്വാമികൾ, കെ.പി. കറുപ്പൻ, ശുഭാനന്ദഗുരുദേവൻ, കണ്ടൻ കുമാരൻ തുടങ്ങി അവശജനങ്ങളെ കൈപിടിച്ചുയർത്തിയ 10 പേർക്കെങ്കിലും കേരളത്തിൽ സ്മാരകംവരും.
ഓരോന്നിനും കുറഞ്ഞത് 10 കോടിരൂപവീതമെങ്കിലും ചെലവിടുന്ന സ്മാരകപദ്ധതിക്കു കേന്ദ്ര മന്ത്രിസഭായോഗം ഉടൻ അനുമതിനൽകും. എല്ലാവിഭാഗങ്ങളിലുമുള്ളവരുടെ പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനും മുൻപ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ഉപസമിതി രണ്ടുമാസമായി പ്രവർത്തിക്കുന്നുണ്ട്. വിവിധ സംഘടനാനേതാക്കളുമായി ബിജെപി സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ചർച്ചയും നടത്തി.
കേരളത്തിൽ നടപ്പാക്കേണ്ട സാമൂഹികക്ഷേമപദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരുമായും രാജീവ് ചന്ദ്രശേഖർ ചർച്ചചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് സ്മാരകപദ്ധതി.
നവോത്ഥാന നായകരെ അനുസ്മരിക്കാൻ ജില്ലകളിൽ സ്മാരകങ്ങളോ സമുച്ചയങ്ങളോ സ്ഥാപിക്കുമെന്ന് സംസ്ഥാന സർക്കാർ വിവിധ ബജറ്റുകളിൽ പ്രഖ്യാപിച്ചിരുന്നു. ചിലത് പൂർത്തിയാവുകയും ചെയ്തു. ഇതിനിടെയാണ് നവോത്ഥാന നായകരെ ബിജെപി സർക്കാർ ഏറ്റെടുക്കുന്നത്.
സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്ത് പഠനകേന്ദ്രങ്ങൾ, കമ്യൂണിറ്റി ഹാളുകൾ, ക്ഷേമപ്രവർത്തനകേന്ദ്രങ്ങൾ, തൊഴിൽപരിശീലനസ്ഥാപനങ്ങൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി ആരംഭിക്കും.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ കേരളത്തിലെ പിന്നാക്കവിഭാഗങ്ങളിൽ കുറേക്കൂടി സ്വാധീനമുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബിജെപിയുടെ നീക്കം.
Published: 08 Nov 2025, 11:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented