പുതുച്ചേരി: പോണ്ടിച്ചേരി സര്‍വകലാശാലയിലെ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ നടപടിയാവശ്യപ്പെട്ട് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പോലീസും സര്‍വകലാശാലയിലെ സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ആറുപെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 24 വിദ്യാര്‍ഥികളെ മര്‍ദിച്ചുവെന്നാണ് ആരോപണം. പരിക്കേറ്റ വിദ്യാര്‍ഥികളെ വൈദ്യപരിേശാധനയ്ക്കു വിധേയരാക്കി. 24 വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും മണിക്കൂറുകള്‍ക്കുശേഷം വിട്ടയക്കുകയും ചെയ്തു.

To advertise here,

സര്‍വകലാശാലയുടെ കാരയ്ക്കല്‍ സെന്ററിന്റെ മേധാവി പ്രൊഫ. മാധവയ്യക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടിയാവശ്യപ്പെട്ടായിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ബ്‌ളോക്കിനുമുന്നില്‍ പ്രതിഷേധം അരങ്ങേറിയത്. പരാതി ഉന്നയിച്ചിട്ടും നടപടിയെടുത്തില്ലെന്നും ആഭ്യന്തര പരാതിപരിഹാര സമിതിയുടെ ഭാഗത്ത് വീഴ്ചസംഭവിച്ചുവെന്നും ആരോപിച്ചാണ് വ്യാഴാഴ്ച സമരം തുടങ്ങിയത്. വൈസ് ചാന്‍സലറും രജിസ്ട്രാറും ചര്‍ച്ചയ്‌ക്കെത്തുമെന്ന് അറിയിച്ചെങ്കിലും സ്റ്റുഡന്റ് ഡീന്‍ മാത്രമാണ് എത്തിയത്. ഈ ചര്‍ച്ചയില്‍ തൃപ്തികരമായ തീരുമാനമുണ്ടായില്ല. ഇതോടെ വിദ്യാര്‍ഥികള്‍ സമരം തുടര്‍ന്നു.

അതിനിടെ വിദ്യാര്‍ഥികളെ കാണാന്‍ കൂട്ടാക്കാതെ വൈസ് ചാന്‍സലര്‍ കാമ്പസ് വിടാന്‍ ശ്രമിച്ചത് പ്രശ്‌നം വഷളാക്കി. വിദ്യാര്‍ഥികള്‍ വിസിയുടെ വാഹനം തടഞ്ഞു. പ്രതിഷേധക്കാരെ മാറ്റാന്‍ സുരക്ഷാജീവനക്കാര്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന് പോലീസെത്തി ലാത്തിച്ചാര്‍ജ് നടത്തിയെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മുന്നൂറോളം വിദ്യാര്‍ഥികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

ലൈംഗികപീഡനത്തിനെതിരേ ശബ്ദമുയര്‍ത്തിയവരെ കസ്റ്റഡിയിലെടുക്കുകയും കുറ്റാരോപിതരായ പ്രൊഫസര്‍മാരെ സ്വതന്ത്രമായി വിടുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് എസ്എഫ്‌ഐ പറഞ്ഞു. ആഭ്യന്തര പരാതിപരിഹാര സമിതിക്ക് ഒരു വര്‍ഷംമുന്‍പ് കൊടുത്ത പരാതിപോലും പരിഹരിക്കപ്പെട്ടില്ലെന്നും ലൈംഗികപീഡനങ്ങള്‍ തുടരുകയാണെന്നും സംഘടന ആരോപിച്ചു. വെള്ളിയാഴ്ച വൈകീട്ടും വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലറുടെ കോലം കത്തിച്ച് മുദ്രാവാക്യം മുഴക്കി. ആവശ്യങ്ങളില്‍ നടപടിയെടുക്കുന്നതുവരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും അറിയിച്ചു.

മനഃപൂര്‍വം അതിക്രമം നടത്തിയിട്ടില്ലെന്ന് സര്‍വകലാശാല

വിദ്യാര്‍ഥികള്‍ക്കുനേരേ മനഃപൂര്‍വം അതിക്രമം നടത്തിയിട്ടില്ലെന്ന് സര്‍വകലാശാല അധികൃതര്‍ പ്രതികരിച്ചു. പ്രശ്‌നം സമാധാനപരമായി പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും രാഷ്ട്രീയപ്രേരിതമായ നീക്കങ്ങളിലൂടെ ചില വിദ്യാര്‍ഥികള്‍ തടയുകയായിരുന്നു. അതോടെയാണ് പോലീസ് ഇടപെട്ടത്. പ്രശ്‌നം ശാന്തമാക്കാന്‍ സര്‍വകലാശാല എല്ലാ ശ്രമങ്ങളും നടത്തി. എന്നാല്‍, വിദ്യാര്‍ഥികളുടെ നിസ്സഹകരണ മനോഭാവം കാരണം അതു പരാജയപ്പെട്ടു. പോലീസിനെ തങ്ങള്‍ വിളിച്ചുവരുത്തിയതല്ല. വിവരം അറിഞ്ഞ് അവര്‍ എത്തുകയായിരുന്നു -സര്‍വകലാശാല വ്യക്തമാക്കി.