ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന്റെ വോട്ടിങ് ആരംഭിച്ചു. രാവിലെ എട്ടുമണിക്ക് ആരംഭിച്ച പോളിങ് വൈകീട്ട് 5.30ന് അവസാനിക്കും. കോര്‍പ്പറേഷനിലെ 250 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആം ആദ്മി- ബി.ജെ.പി.- കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മിലുള്ള ത്രികോണ മത്സരമാണ് കോര്‍പ്പറേഷനില്‍ നടക്കുന്നത്. 1.45 കോടി വോട്ടര്‍മാര്‍ 1.349 സ്ഥാനാര്‍ഥികളുടെ വിധി നിശ്ചയിക്കും. 13,638 പോളിങ് ബൂത്തുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

To advertise here,

2017ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. 181 സീറ്റുകള്‍ നേടിയിരുന്നു. ആം ആദ്മി പാര്‍ട്ടി 28 സീറ്റുകളും കോണ്‍ഗ്രസ് 30 സീറ്റുകളുമായിരുന്നു നേടിയത്. പോള്‍ ചെയ്യപ്പെട്ടതിന്റെ 36.1 ശതമാനം വോട്ടുകള്‍ ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടി 26.2 ശതമാനവും കോണ്‍ഗ്രസ് 21.1 ശതമാനം വോട്ടും നേടിയിരുന്നു. കോണ്‍ഗ്രസിന്റെ 147 സ്ഥാനാര്‍ഥികളും ബി.ജെ.പിയുടേയും ആം ആദ്മി പാര്‍ട്ടിയുടേയും 250 സ്ഥാനാര്‍ഥികള്‍ വീതവുമാണ് ഇന്ന് ജനവിധി തേടുന്നത്. 15 വര്‍ഷമായി ഭരിക്കുന്ന ബി.ജെ.പി. തുടര്‍ച്ചയായ നാലാം തവണയും അധികാരം നേടാനാകുമെന്ന പ്രതീക്ഷയിലാണ്.

നേരത്തെ ഡല്‍ഹി ഈസ്റ്റ്, നോര്‍ത്ത്, സൗത്ത് എന്നിങ്ങനെ മൂന്ന് കോര്‍പ്പറേഷനുകളായിരുന്നത് ഈ വര്‍ഷം കേന്ദ്രം ഏകീകരിച്ചിരുന്നു. ഇതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. നേരത്തെ 272 വാര്‍ഡുകള്‍ ഉണ്ടായിരുന്നത് നിലവില്‍ 250 ആയി കുറഞ്ഞിട്ടുണ്ട്. സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ഭരണത്തിന് വേണ്ടി വോട്ട് ചെയ്യാന്‍ ഡല്‍ഹിയിലെ വോട്ടര്‍മാരോട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആഹ്വാനം ചെയ്തു. 200ലേറെ സീറ്റുകളില്‍ വിജയിക്കാന്‍ കഴിയുമന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. മാറ്റത്തിന് വോട്ട് ചെയ്യാനാണ് കോണ്‍ഗ്രസ് ആഹ്വാനം.