കോയമ്പത്തൂർ: പൊള്ളാച്ചി-വാൽപ്പാറ ചുരംറോഡിലെ 40 ഹെയർപിൻ വളവുകളുടെയും നിരീക്ഷണം ഇനിമുതൽ കോയമ്പത്തൂർ ജില്ലാപോലീസ് ആസ്ഥാനത്തുനിന്നായിരിക്കും. പുതുതായി പ്രവർത്തനം തുടങ്ങിയ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലിരുന്ന് 40 വളവുകളുടെയും ദൃശ്യങ്ങൾ നിരീക്ഷിച്ചുതുടങ്ങി. അപകടങ്ങളുണ്ടായാൽ അടിയന്തര രക്ഷാപ്രവർത്തനം എത്തിക്കുകയെന്ന ലക്ഷ്യം വെച്ചാണ് 24 മണിക്കൂർ നിരീക്ഷണം നടത്തുന്നത്.

To advertise here,

40 വളവിലും രണ്ട് ക്യാമറ വീതമാണ് സ്ഥാപിച്ചിരിക്കുന്നത്. മുൻ എസ്.പി കാർത്തികേയന്റെ സമയത്താണ് ക്യാമറകൾ വെച്ചത്. വന്യജീവികളിൽ നിന്നുള്ള രക്ഷയ്ക്കായി ക്യാമറകൾ ഇരുമ്പ് കൂടിനുള്ളിലാണ് വെച്ചിരിക്കുന്നത്. ഓരോ വളവിലും കയറ്റത്തിലും ഇറക്കത്തിലുമുള്ള വാഹനങ്ങളെ കേന്ദ്രീകരിച്ചാണ് ക്യാമറകൾ. 40 ചുരങ്ങളിലുള്ള 80 ക്യാമറകളും കൺട്രോൾ സെന്ററുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അമിത വേഗത്തിലും അശ്രദ്ധമായും വാഹനം ഓടിക്കുന്നവരെ കണ്ടെത്തി നടപടികളെടുക്കുക, അപകടങ്ങളുണ്ടായാൽ ഉടൻ രക്ഷാപ്രവർത്തനം സാധ്യമാക്കുക എന്നിവയാണ് പോലീസ് ലക്ഷ്യമിടുന്നത്.

ഏപ്രിൽ 17-ന് മലപ്പുറത്തുനിന്നുള്ള ടെമ്പോ ട്രാവലർ വാൽപ്പാറ ചുരത്തിൽ മറിഞ്ഞ് 10 പേർ മരിച്ചിരുന്നു. ചുരത്തിൽ പലയിടത്തും അന്ന് ക്യാമറകൾ ഉണ്ടായിരുന്നില്ല. ഇതുമൂലം അപകടകാരണം കൃത്യമായി കണ്ടെത്താനും സാധിച്ചില്ല. ഈ പോരായ്മ പരിഹരിക്കുന്നതിനാണ് 40 ചുരത്തിലും ക്യാമറകൾ സ്ഥാപിച്ചത്.