ദ്രാവിഡ രാഷ്ട്രീയത്തിൽ സിനിമയ്‌ക്കെന്നപോലെ രാഷ്ട്രീയ നേതാക്കളുടെ അറസ്റ്റുകൾക്കും സിനിമയുടേതുപോലെയുള്ള നാടകീയതകളുണ്ട്. ഇതിപ്പോൾ പറയാൻ കാരണം തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശത്തിന്റെ പേരിൽ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെതിരെയുണ്ടായ കേസും അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത രീതിയുമാണ്. ഉദയനിധിയെ കസ്റ്റഡിയിലെടുക്കാനായി ഡിഎംകെ പ്രവർത്തകരെ അടിച്ചോടിച്ച് സിനിമാ സ്‌റ്റൈലിൽ പോലീസ് കാണിച്ച ഹീറോയിസം മുമ്പ് തമിഴ്‌നാട് പലതവണ കണ്ടിട്ടുണ്ട്. ഉദയനിധിയുടെ മുത്തച്ഛൻ കരുണാനിധിയെ പണ്ട് അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഭരണകാലത്ത് പോലീസ് വീട്ടിൽ നിന്ന് വലിച്ചിഴച്ചുകൊണ്ട് അറസ്റ്റ് ചെയ്തുകൊണ്ടുപോയ ദൃശ്യങ്ങളാണ് ഓർമയിൽ കൊണ്ടുവരുന്നത്. ദ്രാവിഡ രാഷ്ട്രീയത്തിൽ പ്രമുഖ നേതാക്കളുടെ അറസ്റ്റുകൾ കേവലം നിയമ നിർവ്വഹണ നടപടികൾ എന്നതിലുപരി വലിയ രാഷ്ട്രീയ ഭൂകമ്പങ്ങൾക്കാണ് വഴിതെളിച്ചിട്ടുള്ളത്.

To advertise here,

തമിഴ്നാട്ടിലെ ഭരണമാറ്റങ്ങൾക്കൊപ്പം ആവർത്തിക്കപ്പെടുന്ന രാഷ്ട്രീയ പ്രതികാര നടപടികളും, കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇടപെടലുകളും ഇതിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. മുൻ തമിഴ്നാട് മുഖ്യമന്ത്രിമാരായ എം. കരുണാനിധി, ജെ. ജയലളിത, മുൻ കേന്ദ്രമന്ത്രിമാരായ മുരശൊലി മാരൻ, പി. ചിദംബരം തുടങ്ങിയ പ്രമുഖരുടെ അറസ്റ്റുകൾ പോലീസിന്റെ അധികാര ദുർവിനിയോഗത്തെക്കുറിച്ചുള്ള നിരവധി ചർച്ചകൾക്ക് വഴിമരുന്നിട്ടിട്ടുണ്ട്.

പാതിരാത്രിയിലെ കടന്നുകയറ്റം

എം. കരുണാനിധിയുടെയും മുരശൊലി മാരന്റെയും അർദ്ധരാത്രിയിലെ അറസ്റ്റ് (2001)ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നാടകീയവും വിവാദപരവുമായ സംഭവങ്ങളിലൊന്നാണ്. 2001 ജൂൺ 30-ന് പുലർച്ചെയാണ് മുൻ തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ കരുണാനിധിയെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്. കേവലം ഭരണപരമായ ക്രമക്കേട് ആരോപിച്ചുള്ള ഈ നടപടി, ഒരു സംസ്ഥാനത്തെ ക്രമസമാധാന സംവിധാനങ്ങൾ എങ്ങനെ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഉപയോഗിക്കപ്പെടുന്നു എന്നതിന്റെ പ്രകടമായ ഉദാഹരണമായി മാറി. 2001 മേയിൽ നടന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ വിജയിക്കുകയും ജയലളിത മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തതോടെയാണ് ഈ സംഭവങ്ങളുടെ തുടക്കം. കരുണാനിധിയുടെ മുൻ ഭരണകാലത്ത് ചെന്നൈ നഗരത്തിൽ 10 മിനി ഫ്‌ലൈഓവറുകൾ നിർമ്മിച്ചതിൽ വൻ ക്രമക്കേട് നടന്നു എന്നും, സംസ്ഥാന ഖജനാവിന് 12 കോടി രൂപയുടെ നഷ്ടം വരുത്തിവെച്ചു എന്നതുമായിരുന്നു പ്രധാന ആരോപണം. 2001 ജൂൺ 29-ന് രാത്രി 9:00 മണിക്ക് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ കമ്മീഷണർ ജെ.സി.ടി. ആചാര്യലു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചെന്നൈ ക്രൈം ബ്രാഞ്ച് സി.ഐ.ഡി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പരാതി ലഭിച്ച് മണിക്കൂറുകൾക്കകം തന്നെ യാതൊരുവിധ പ്രാഥമിക അന്വേഷണവുമില്ലാതെ അറസ്റ്റ് നടപടികളിലേക്ക് പോലീസ് കടന്നു.

ജൂൺ 30-ന് പുലർച്ചെ 1:30-ഓടെ, സി.ബി-സി.ഐ.ഡി ഡി.ഐ.ജി മുഹമ്മദ് അലിയുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം മൈലാപ്പൂരിലെ ഓലിവർ റോഡിലുള്ള കരുണാനിധിയുടെ വസതിയിൽ അതിക്രമിച്ചു കയറി. പുറത്തുനിന്നുള്ള ആശയവിനിമയം തടയുന്നതിനായി വീടുകളിലെ ടെലിഫോൺ ലൈനുകൾ പോലീസ് വിച്ഛേദിച്ചിരുന്നു. 77 വയസ്സുള്ള മുതിർന്ന നേതാവായ കരുണാനിധി ഒന്നാം നിലയിലെ കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് പോലീസ് വാതിൽ ബലമായി തുറന്ന് അകത്തുകയറി വസ്ത്രം മാറാൻ ആവശ്യപ്പെട്ടത്. തുടർന്ന് ഒന്നാം നിലയിൽ നിന്ന് താഴേക്ക് കൊണ്ടുവരുന്നതിനിടെ പോലീസുകാർ അദ്ദേഹത്തെ തള്ളിയിടുകയും, ബലമായി വലിച്ചിഴയ്ക്കുകയും ചെയ്തു.

ശരിയായ വസ്ത്രം ധരിക്കാൻ പോലും സ്വകാര്യത നൽകാതെ പെരുമാറിയ പോലീസിനോട് കരുണാനിധി പ്രതിഷേധിക്കുകയും 'അയ്യോ, അവർ എന്നെ കൊല്ലാൻ നോക്കുന്നേ' എന്ന് ഉറക്കെ നിലവിളിക്കുകയും ചെയ്തു. പോലീസിന്റെ ബലപ്രയോഗവും കരുണാനിധിയെ അറസ്റ്റ് ചെയ്യുന്ന വിവരമറിഞ്ഞ് അദ്ദേഹത്തിന്റെ അനന്തരവനും അന്നത്തെ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രിയുമായിരുന്ന മുരശൊലി മാരൻ ഉടനടി സ്ഥലത്തെത്തി. ഹൃദയസംബന്ധമായ ഗുരുതര രോഗങ്ങൾക്ക് ചികിത്സയിലായിരുന്നതും പേസ്മേക്കർ ഘടിപ്പിച്ചതുമായ മാരൻ, മുൻ മുഖ്യമന്ത്രിയോടുള്ള പോലീസിന്റെ ക്രൂരമായ പെരുമാറ്റത്തെ ശക്തമായി ചോദ്യം ചെയ്തു. തുടർന്നുണ്ടായ ഉന്തിലും തള്ളിലും മാരന് നേരെ പോലീസ് കടുത്ത ബലപ്രയോഗം നടത്തുകയും അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ കീറിപ്പോവുകയും ചെയ്തു. ഒരു ചാക്കുപോലെ വലിച്ചെറിഞ്ഞാണ് മാരനെ പോലീസ് വാഹനത്തിൽ കയറ്റിയതെന്ന് പിന്നീട് റിപ്പോർട്ട് ചെയ്യപ്പെട്ടു.

ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട അദ്ദേഹത്തെ ഉടൻ തന്നെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനുപുറമേ സ്ഥലത്തെത്തിയ അന്നത്തെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ടി.ആർ. ബാലുവിനെയും പോലീസ് കൈയേറ്റം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റ് നടന്ന ഉടൻ തന്നെ, മുരശൊലി മാരന്റെ മകൻ കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള സൺ ടിവി ഈ ദൃശ്യങ്ങൾ നിരന്തരം സംപ്രേക്ഷണം ചെയ്തു. 77 വയസ്സുള്ള നേതാവിനെ പോലീസ് മർദ്ദിക്കുന്നതും വലിച്ചിഴയ്ക്കുന്നതുമായ കാഴ്ചകൾ തമിഴ്നാട്ടിലുടനീളം വൻ പ്രതിഷേധത്തിന് കാരണമായി. സിറ്റി പോലീസ് കമ്മീഷണർ കെ. മുത്തുക്കറുപ്പൻ പത്രസമ്മേളനം വിളിച്ച് കരുണാനിധിയെ സ്വന്തം വീട്ടിലുള്ള ആരോ ആണ് തള്ളിയിട്ടതെന്ന് അവകാശപ്പെട്ടെങ്കിലും, ഈ സംഭവം റിപ്പോർട്ട് ചെയ്യാൻ ശ്രമിച്ച നൂറിലധികം മാധ്യമപ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തത് പോലീസിന്റെ നടപടിയുടെ വിശ്വസനീയത പൂർണ്ണമായും തകർത്തു.

2001-ൽ രണ്ട് കേന്ദ്രമന്ത്രിമാർ ആക്രമിക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ, അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി കടുത്ത അമർഷം രേഖപ്പെടുത്തുകയും തമിഴ്നാട് സർക്കാരിനോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. കേന്ദ്ര നിർദ്ദേശപ്രകാരം തമിഴ്നാട് ഗവർണറും മുൻ സുപ്രീം കോടതി ജഡ്ജിയുമായ എം. ഫാത്തിമ ബീവി സമർപ്പിച്ച റിപ്പോർട്ട് പക്ഷപാതപരമാണെന്ന് കണ്ട കേന്ദ്ര മന്ത്രിസഭ, ഗവർണറെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്തു. ഇതിനെത്തുടർന്ന് ഫാത്തിമ ബീവിക്ക് ഗവർണർ സ്ഥാനം രാജിവെക്കേണ്ടി വന്നു. ഈ അറസ്റ്റുകൾക്ക് കാരണം ജയലളിതയുടെ പകയായിരുന്നു എന്നതാണ് അന്ന് ഉയർന്ന ആരോപണങ്ങളിലൊന്ന്. അതിന് കാരണമായ സംഭവം വർഷങ്ങൾക്ക് മുമ്പുണ്ടായ മറ്റൊരു കേസാണ്.

 

ജയലളിതയുടെ പക

തമിഴ്നാട് രാഷ്ട്രീയത്തിൽ അധികാര കൈമാറ്റങ്ങൾക്കൊപ്പമുണ്ടാകുന്ന വൈരാഗ്യ രാഷ്ട്രീയത്തിന്റെ തുടക്കം കൂടിയായിരുന്നു 1996 ഡിസംബറിൽ എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി ജെ. ജയലളിതയുടെ അറസ്റ്റ്. 1991 മുതൽ 1996 വരെയുള്ള തന്റെ ആദ്യ മുഖ്യമന്ത്രി ഭരണകാലത്ത്, ഗ്രാമപഞ്ചായത്തുകളിലേക്ക് 45,302 കളർ ടെലിവിഷൻ സെറ്റുകൾ വാങ്ങിയതിൽ 10.16 കോടി രൂപയുടെ അഴിമതിയും വിപണി വിലയേക്കാൾ ഉയർന്ന തുക നൽകി കൈക്കൂലി കൈപ്പറ്റിയെന്നും ആരോപിച്ച് ഡി.എം.കെ സർക്കാർ ജയലളിതയ്ക്കെതിരെ കേസെടുത്തു. ഇതോടൊപ്പം, അന്നത്തെ ജനതാപാർട്ടി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 66.65 കോടി രൂപയുടെ അവിഹിത സ്വത്ത് സമ്പാദന കേസും അവർക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടു. 1996 ഡിസംബർ 7-ന് വിചാരണ കോടതി ജയലളിതയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ, അന്വേഷണ സംഘം അവരുടെ അറസ്റ്റിലേക്ക് നീങ്ങി. ചെന്നൈ പോയസ് ഗാർഡനിലുള്ള ജയലളിതയുടെ വസതിക്ക് ചുറ്റും പോലീസ് വലിയ സുരക്ഷാ വലയം തീർത്തെങ്കിലും, അറസ്റ്റ് തടയാനായി 2,500-ഓളം എ.ഐ.എ.ഡി.എം.കെ പ്രവർത്തകർ തടിച്ചുകൂടി പ്രതിഷേധിച്ചു. കടുത്ത സുരക്ഷാ മുൻകരുതലുകളോടെ ജയലളിതയെയും അവരുടെ തോഴി വി.കെ. ശശികലയേയും പോലീസ് അറസ്റ്റ് ചെയ്ത റിമാൻഡ് ചെയ്തു. തുടർന്ന് ചെന്നൈ സെൻട്രൽ ജയിലിൽ അടയ്ക്കപ്പെട്ട അവർക്ക് 1997 ജനുവരി 3-നാണ് ജാമ്യം ലഭിച്ചത്. ഈ കേസിലെ അറസ്റ്റിന് ജയലളിത പ്രതികാരം വീട്ടിയതാണ് കരുണാനിധിയുടെ അറസ്റ്റിലേക്ക് വഴിതെളിയിച്ചതെന്നാണ് ഉയർന്ന ആരോപണങ്ങളിലൊന്ന്.

തമിഴ്നാട്ടിൽ ഭരണമാറ്റം ഉണ്ടാകുമ്പോഴൊക്കെ പോലീസിനെ രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനുള്ള ഉപകരണമായി ഭരണകൂടങ്ങൾ ഉപയോഗിക്കുന്നുവെന്ന ആക്ഷേപം ഈ സംഭവങ്ങളിലൂടെ കൂടുതൽ വ്യക്തമായി. കരുണാനിധിയുടെ അറസ്റ്റിൽ പ്രാഥമിക ചോദ്യം ചെയ്യലോ നോട്ടീസോ നൽകുന്നതിന് പകരം, അർദ്ധരാത്രിയിലെ അതിക്രമിച്ചു കയറ്റവും, പ്രായമായ വ്യക്തിയോടുള്ള നിഷ്ഠൂരമായ പെരുമാറ്റവും പോലീസിന്റെ പ്രൊഫഷണലിസത്തെ ചോദ്യചെയ്യുന്നതായിരുന്നു. അധികാരത്തിലുള്ള സർക്കാരിന്റെ അക്രമി സംഘമായി പോലീസ് മാറുന്ന കാഴ്ചകളാണ് ഈ സംഭവങ്ങളിൽ കണ്ടത്.

ഈ രണ്ട് നേതാക്കളുടെയും അറസ്റ്റ് പോലെ തന്നെ നാടകീയമായിരുന്നു മുൻ കേന്ദ്രമന്ത്രിയും തമിഴ്‌നാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ അറസ്റ്റ്. ദേശീയതലത്തിൽ വൻ രാഷ്ട്രീയ കോലാഹലങ്ങൾക്ക് വഴിവെച്ച സംഭവമായിരുന്നു 2019 ഓഗസ്റ്റ് 21-ന് മുൻ കേന്ദ്ര ധനകാര്യ, ആഭ്യന്തര മന്ത്രിയായിരുന്ന പി. ചിദംബരത്തിന്റെ അറസ്റ്റ്. ഐ.എൻ.എക്‌സ് മീഡിയ കമ്പനിക്ക് വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്റെ (FIPB) അനുമതി നൽകിയതിൽ സാമ്പത്തിക ക്രമക്കേടും കള്ളപ്പണം വെളുപ്പിക്കലും നടന്നുവെന്നാരോപിച്ച് സി.ബി.ഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചിദംബരത്തിനെതിരെ കേസെടുത്തു. ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ, ചിദംബരത്തെ കണ്ടെത്താൻ അന്വേഷണ ഏജൻസികൾ തിരച്ചിൽ ശക്തമാക്കി. ഓഗസ്റ്റ് 21-ന് വൈകുന്നേരം എ.ഐ.സി.സി ആസ്ഥാനത്ത് അപ്രതീക്ഷിതമായി എത്തിയ ചിദംബരം മാധ്യമങ്ങളെ കണ്ട ശേഷം ജോർ ബാഗിലെ വസതിയിലേക്ക് മടങ്ങി. മിനിറ്റുകൾക്കകം അവിടെയെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥർ, വീടിന്റെ പ്രധാന ഗേറ്റ് പൂട്ടിയിരുന്നതിനാൽ അമ്പരിപ്പിക്കുന്ന രീതിയിൽ വസതിയുടെ മതിൽ ചാടിക്കടന്നാണ് അകത്തുകയറിയത്. മുൻ ആഭ്യന്തര മന്ത്രിയുടെ വീട്ടിലേക്ക് അന്വേഷണ ഏജൻസികൾ മതിൽ ചാടിക്കടന്ന് അകത്തുകയറിയ സംഭവം തത്സമയ ദൃശ്യങ്ങളിലൂടെ രാജ്യം കണ്ടു. ഒരു മണിക്കൂറിലധികം നീണ്ട വൻ നാടകീയതയ്‌ക്കൊടുവിൽ അദ്ദേഹത്തെ സി.ബി.ഐ കസ്റ്റഡിയിലെടുത്തു.

നാടകീയതയും നാണംകെടുത്തലും

കരുണാനിധിയുടെ അറസ്റ്റിൽ പരക്കെ പ്രതിഷേധമുയർന്നതോടെ, ജൂലൈ 4-ന് മാനുഷിക പരിഗണന മുൻനിർത്തി അദ്ദേഹത്തെ മോചിപ്പിക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതരായി. ജയിൽ മോചിതനായ ശേഷം വാർത്താസമ്മേളനത്തിൽ അന്നത്തെ സംഭവങ്ങൾ വിവരിക്കവെ കരുണാനിധി പരസ്യമായി വിങ്ങിപ്പൊട്ടി. പിന്നീട് ഈ കേസിൽ കൃത്യമായ തെളിവുകൾ സമർപ്പിക്കാൻ പോലീസിന് സാധിച്ചില്ല. ജെ. ജയലളിത ഉൾപ്പെട്ട കളർ ടിവി കേസിൽ 2000 മെയ് 30-ന് പ്രത്യേക കോടതി ജയലളിതയെയും ശശികലയെയും കുറ്റവിമുക്തരാക്കി. ഐ.എൻ.എക്‌സ് മീഡിയ കേസിൽ 106 ദിവസത്തെ തിഹാർ ജയിൽ വാസത്തിന് ശേഷം, 2019 ഡിസംബർ 4-ന് ജസ്റ്റിസ് ആർ. ഭാനുമതിയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് പി. ചിദംബരത്തിന് ജാമ്യം അനുവദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ വിചാരണയ്ക്ക് മുമ്പുള്ള തടങ്കൽ ശിക്ഷയായി മാറരുത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. 106 ദിവസത്തെ തടങ്കലിൽ കഴിഞ്ഞിട്ടും തനിക്കെതിരെ ഒരു കുറ്റപത്രം പോലും സമർപ്പിക്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ലെന്ന് പുറത്തിറങ്ങിയ ചിദംബരം വ്യക്തമാക്കി. അധികാര ദുർവിനിയോഗത്തിന്റെ നേർസാക്ഷ്യങ്ങളായിരുന്നു കരുണാനിധിയുടെയും മുരൈശൊലി മാരന്റെയും നേരെയുണ്ടായത്. ചിദംബരത്തിന്റെ അറസ്റ്റും സമാനതകളില്ലാത്തതായിരുന്നു.