ന്യൂഡൽഹി: കേന്ദ്രമന്ത്രിമാർ സോഷ്യൽ മീഡിയയിലെ സാന്നിധ്യം ശക്തമാക്കണമെന്നും, പ്രത്യേകിച്ച് ഇൻസ്റ്റഗ്രാം ഉപയോഗിച്ച് ജനങ്ങളുമായുള്ള ആശയവിനിമയം കൂടുതൽ ഊർജിതമാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എത്രപേർ ഇൻസ്റ്റഗ്രാം സജീവമായി ഉപയോഗിക്കുന്നുണ്ടെന്ന് മന്ത്രിമാരോട് ചോദിച്ച പ്രധാനമന്ത്രി, ഈ പ്ലാറ്റ്‌ഫോമിൽ യുവജനങ്ങളുടെ പങ്കാളിത്തം വളരെ വലുതാണെന്ന്  ചൂണ്ടിക്കാണിച്ചു.

To advertise here,

സർക്കാരിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ പോസ്റ്റ് ചെയ്യുക മാത്രമല്ല, ഇൻസ്റ്റഗ്രാമിൽ സജീവമായി ഇടപെടലുകൾ നടത്തുകയും യുവജനങ്ങളുമായി നേരിട്ട് സംവദിക്കുകയും വേണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. പുതുതലമുറയുമായി കൂടുതൽ ഫലപ്രദമായി ബന്ധപ്പെടുന്നതിന് റീലുകളും മറ്റും തയ്യാറാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

നേരത്തെ, അർധരാത്രി ഇൻസ്റ്റഗ്രാമിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ചെറിയ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അന്താരാഷ്ട്ര വേദികളിലടക്കം വലിയ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ സ്ഥിരമായി ഉപയോഗിക്കുന്ന ‘സുഹൃത്തുക്കളേ’ എന്ന വാക്ക് ഉപയോഗിച്ചാണ് മോദി വീഡിയോ ആരംഭിച്ചത്.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർമന്ദറിൽ നടക്കുന്ന പ്രതിഷേധങ്ങൾ രാജ്യത്തെ ഏറ്റവും വലിയ സോഷ്യൽ മീഡിയ ചർച്ചകളിൽ ഒന്നായി മാറിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇൻസ്റ്റഗ്രാമിലെ സാന്നിധ്യം ശക്തമാക്കാൻ മന്ത്രിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാം റീലുകൾ, വൈറൽ വീഡിയോകൾ, തത്സമയ അപ്‌ഡേറ്റുകൾ എന്നിവയിലൂടെയാണ് ജെൻ സി വിദ്യാർഥികൾ വ്യാപകമായി പങ്കെടുക്കുന്ന പ്രക്ഷോഭം ശക്തിപ്രാപിച്ചത്.