വാരാണസി: സ്ത്രീകളുടെ രാഷ്ട്രീയ പ്രവേശനത്തെ പ്രതിപക്ഷ പാർട്ടികൾ തടയുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബവാഴ്ച നടത്തുന്ന പാർട്ടികൾക്ക് തങ്ങളുടെ അധികാരം നഷ്ടപ്പെടുമോ എന്ന ഭയമാണെന്നും താഴെത്തട്ടിലുള്ള വനിതാ നേതാക്കൾ ഉയർന്നുവരുന്നത് ഭീഷണിയായാണ് അവർ കാണുന്നതെന്നും വനിതാ സംവരണം അടക്കമുള്ള ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിൽ പരാജയപ്പെട്ടത് സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. വാരാണസിയിൽ നടന്ന മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

To advertise here,

രാജ്യത്തെ പെൺമക്കളുടെ രാഷ്ട്രീയ പങ്കാളിത്തം ഉറപ്പാക്കാൻ ബിജെപി സർക്കാർ ശ്രമിക്കുമ്പോൾ, പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ പ്രതിഷേധങ്ങളുമായി മുന്നിലുണ്ട്. അവരുടെ ദുഷ്ടലാക്ക് സ്ത്രീകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി 2023-ൽ പാസാക്കിയ നാരി ശക്തി വന്ദൻ ആക്ട്, സ്ത്രീകൾ നേരിട്ടിരുന്ന 40 വർഷത്തെ അനീതിക്ക് പരിഹാരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ രൂപീകരണത്തിന് പിന്നിലെ പ്രധാന ലക്ഷ്യംതന്നെ സ്ത്രീകളുടെ പങ്കാളിത്തമായിരുന്നു. എന്നാൽ, ഏപ്രിൽ മാസത്തിൽ നടന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിച്ച 131-ാം ഭരണഘടനാ ഭേദഗതി ബിൽ, പ്രതിപക്ഷത്തിന്റെ എതിർപ്പിനെത്തുടർന്ന് ലോക്‌സഭയിൽ പരാജയപ്പെട്ടത് നിരാശാജനകമാണ്. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാലാണ് ബിൽ പാസാക്കാൻ കഴിയാതിരുന്നത്, അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ എന്നീ പാർട്ടികൾ രാജ്യത്തെ സ്ത്രീകളെ വീണ്ടും വഞ്ചിച്ചിരിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. സമാജ്‌വാദി പാർട്ടി വീണ്ടും ഈ സംവരണ ബില്ലിന് ചുവപ്പുകൊടി കാണിച്ചിരിക്കുകയാണ്. സ്ത്രീശക്തിയെ ഭയപ്പെടുന്ന ഈ പാർട്ടികൾ സംവരണത്തിന് തടസ്സം നിൽക്കുകയാണെങ്കിലും ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീസംവരണം നടപ്പിലാക്കാൻ താൻ അശ്രാന്തം പരിശ്രമിക്കും. സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പാക്കാൻ പ്രയത്നം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിലെ മുൻ ഭരണകാലത്ത് സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പോലും ഭയമായിരുന്നുവെന്നും എന്നാൽ, ബിജെപി ഭരണത്തിന് കീഴിൽ അവർ സുരക്ഷിതരാണെന്നും മോദി അവകാശപ്പെട്ടു. ഭാരതീയ ന്യായസംഹിതയിലൂടെ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ വേഗത്തിൽ തീരുമാനങ്ങൾ ഉണ്ടാകുന്നുണ്ട്. അസം, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്ത്രീകൾ റെക്കോർഡ് വോട്ട് രേഖപ്പെടുത്തിയത് പ്രതിപക്ഷത്തോടുള്ള തങ്ങളുടെ അമർഷം പ്രകടിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ വനിതാ പോലീസ് സ്റ്റേഷനുകളുടെ ശൃംഖല വ്യാപിപ്പിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

വാരാണസിയിൽ സുകന്യ സമൃദ്ധി യോജനയിലൂടെ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് വീടും വസ്തുവും സ്വന്തം പേരിൽ ലഭിച്ച കാര്യം ഓർമ്മിപ്പിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം അനുവദിച്ച മിക്ക വീടുകളും സ്ത്രീകളുടെ പേരിലാണെന്നും അവർ ഇന്ന് വീടിന്റെ യഥാർത്ഥ ഉടമസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. 'നാഗരിക് ദേവോ ഭവ' എന്ന മന്ത്രം ഉയർത്തിപ്പിടിച്ച് 6,350 കോടി രൂപയുടെ വികസന പദ്ധതികൾക്കും അദ്ദേഹം വാരാണസിയിൽ തുടക്കംകുറിച്ചു.