ന്യൂഡൽഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിർ പുതിനുമായി താരമ്യപ്പെടുത്തി തന്നെ വിമര്‍ശിച്ച എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിൻ എന്ന് താൻ വിളിക്കുന്ന ഒരാളുടെ നേതൃത്വത്തിലുള്ള സർക്കാരിൽനിന്ന് പത്മവിഭൂഷൻ ഏറ്റുവാങ്ങിയതിൽ പവാർ അഭിമാനിക്കുന്നുവെന്നും ഇതാണ് ഏറ്റവും വലിയ വൈരുധ്യമെന്നും മോദി പറഞ്ഞു.

To advertise here,

ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോദിയുടെ പരാമർശം. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് 2017-ൽ ശരദ് പവാറിന് പത്മവിഭൂഷൻ നൽകി ആദരിച്ചതിനെ ഓർമിപ്പിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം. എന്നാൽ, വിമർശനത്തിനിടയിലും മുതിർന്ന നേതാവായ പവാറിനെ താൻ ബഹുമാനിക്കുന്നതായും മോദി പറഞ്ഞു. ദീർഘനാളായി പൊതുരം​ഗത്ത് ഉള്ളവർ നമ്മളെ അനുകൂലിച്ചോ ഇല്ലയോ എന്നതല്ല വിഷയം. ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു, മോദി വ്യക്തമാക്കി. 

മഹാരാഷ്ട്രയിലെ അമ്രാവതി മണ്ഡലത്തിൽ മത്സരിക്കുന്ന മഹാ വികാസ് അഘാഡി സ്ഥാനാര്‍ഥി ബല്‍വാന്ത് വാങ്കഡെയുടെ പ്രചരണ പരിപാടിയിലായിരുന്നു മോദിയെ പുതിനുമായി താരമ്യപ്പെടുത്തി ശരദ് പവാറിന്റെ വിമർശനം. പുതിന്റെ പുതിയ പതിപ്പ് ഇന്ത്യയില്‍ ഉടലെടുക്കുമോ എന്ന് ഭയമാകുന്നെന്നും പുതിനെ അനുകരിച്ച് ഭീതി സൃഷ്ടിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും പവാർ പറഞ്ഞിരുന്നു.

ഭരണഘടന മാറ്റുമെന്ന് ബി.ജെ.പി. പലയാവര്‍ത്തി പൊതുയിടങ്ങളില്‍ ആഹ്വാനം ചെയ്ത്കഴിഞ്ഞു. ഇന്ത്യയില്‍ ഏകാധിപത്യം ഉടലെടുക്കാന്‍ ജനങ്ങള്‍ അനുവദിക്കരുത്. ഏകാധിപത്യ ഭരണത്തിന് പേരുകേട്ട റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുതിൻ്റേതിനു സമാനമായ രീതിയാണ്. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം വന്ന ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു, മന്‍മോഹന്‍ സിങ് തുടങ്ങി എല്ലാ പ്രധാന മന്ത്രിമാരുടെയും പ്രവര്‍ത്തന മികവിന് താന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവരെല്ലാവരും ഇന്ത്യയുടെ പുരോഗതിക്കുവേണ്ടിയാണ് ശ്രമിച്ചുകൊണ്ടിരുന്നത്. എന്നാല്‍, നിലവിലെ പ്രധാനമന്ത്രി കുറ്റപ്പെടുത്താന്‍ മാത്രം അറിയുന്നയാളാണ്, പവാർ പറഞ്ഞു.