ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അടുത്ത ബ്രിക്‌സ് നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനെ ഔദ്യോഗികമായി ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മസൂദ് പെസെഷ്‌കിയനുമായി ടെലിഫോണിൽ നടത്തിയ സംഭാഷണത്തിനിടെയാണ് ബ്രിക്‌സ് ഉച്ചകോടിയിലേക്ക് മോദി അദ്ദേഹത്തെ ക്ഷണിച്ചത്. അംഗരാജ്യങ്ങൾ തമ്മിലുള്ള ബഹുമുഖ സഹകരണം ശക്തമാക്കാൻ ഈ കൂടിക്കാഴ്ച സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

To advertise here,

യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ വേർപാടിൽ പ്രധാനമന്ത്രി മോദി ഇന്ത്യൻ സർക്കാരിന്റെയും ജനങ്ങളുടെയും അനുശോചനം രേഖപ്പെടുത്തി. ഖമേനിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യ ഒരു പ്രത്യേക പ്രതിനിധി സംഘത്തെ അയക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇറാനും അമേരിക്കയും തമ്മിൽ ശത്രുത അവസാനിപ്പിക്കുന്നതിനായി ജൂൺ 17-ന് ഒപ്പിട്ട ധാരണാപത്രത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. മേഖലയിൽ ശാശ്വതമായ സമാധാനം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ഹോർമുസിലൂടെയുള്ള തടസ്സമില്ലാത്ത കപ്പൽ ഗതാഗതത്തിന്റെ പ്രാധാന്യവും പ്രധാനമന്ത്രി സംഭാഷണത്തിൽ ഊന്നിപ്പറഞ്ഞു. എല്ലാ പ്രശ്‌നങ്ങളും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്ന ഇന്ത്യയുടെ സ്ഥിരമായ നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു. മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം സ്വാഗതം ചെയ്തു.

സമാധാനവും പ്രാദേശിക സഹകരണവും ഉറപ്പാക്കുന്നതിൽ പ്രധാനമന്ത്രി മോദി വഹിക്കുന്ന വ്യക്തിപരമായ പങ്കിനെ ഇറാൻ പ്രസിഡന്റും അഭിനന്ദിച്ചു. പ്രാദേശികവും അന്തർദേശീയവുമായ പല വിഷയങ്ങളിലും ഇറാനും ഇന്ത്യയും സമാനമായ കാഴ്ചപ്പാടുകൾ പുലർത്തുന്നതായി ഇറാൻ പ്രസിഡന്റ് ചൂണ്ടിക്കാട്ടി.