
ന്യൂഡൽഹി: ചെങ്കോട്ടയിൽ തന്റെ 13-ാമത് സ്വാതന്ത്ര്യദിനപ്രസംഗത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത് ചുവപ്പുനിറത്തിലുള്ള ടൈ ആൻഡ് ഡൈ തലപ്പാവ് ധരിച്ചാണ്. രാജസ്ഥാനിലേയും ഗുജറാത്തിലേയും പരമ്പരാഗത ശൈലിയോട് ചേർന്നുനിൽക്കുന്നതാണ് ഈ തലപ്പാവ്. വെള്ള കുർത്തയും ബ്രൗൺ നിറത്തിലുള്ള വെസ്റ്റുമാണ് കൂടെധരിച്ചത്. ദേശീയപതാകയുടെ നിറങ്ങളെ അനുസ്മരിപ്പിക്കുന്ന കാവി, വെള്ള, പച്ച നിറങ്ങളിലുള്ള പോക്കറ്റ് സ്‌ക്വയറുകൾ അദ്ദേഹത്തിന്റെ വസ്ത്രധാരണത്തിന്റെ മാറ്റുകൂട്ടി.
രാജസ്ഥാന്റെ പ്രശസ്തമായ തയ്യൽ-ഡൈയിങ് തുണിത്തര കലയാണ് 'ബന്ദേജ്'. വ്യത്യസ്ത നിറങ്ങളിൽ മുക്കുന്നതിനുമുൻപ് തുണിയുടെ ചെറിയ ഭാഗങ്ങൾ നൂലുപയോഗിച്ച് കെട്ടിവയ്ക്കുന്നതാണ് ഇതിന്റെ നിർമാണരീതി. ഈ നൂലുകൾ അഴിച്ചുമാറ്റുമ്പോൾ തുണിയിൽ മനോഹരമായ പുള്ളികളും പാറ്റേണുകളും തെളിഞ്ഞുവരുന്നു. പരമ്പരാഗത ബന്ദേജ് ഡിസൈനുകളിൽ ചുവപ്പ്, മഞ്ഞ, പച്ച, നീല, കാവി നിറങ്ങളാണ് പ്രധാനമായും ഉപയോഗിക്കാറുള്ളത്.
വർഷങ്ങളായി സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ധരിക്കുന്ന വസ്ത്രധാരണം അദ്ദേഹത്തിന്റെ ചെങ്കോട്ടപ്രസംഗത്തിലെ പ്രധാന ആകർഷണമായി മാറാറുണ്ട്. 2025-ൽ കാവി തലപ്പാവ്, വെള്ള കുർത്ത-ചൂരിദാർ സെറ്റും കാവി ബന്ദ്ഗള ജാക്കറ്റും ത്രിവർണ സ്റ്റോളുമാണ് അദ്ദേഹം ധരിച്ചിരുന്നത്. 2024-ൽ വെള്ള കുർത്ത-ചൂരിദാറിനും ഇളം നീല ബന്ദ്ഗള ജാക്കറ്റിനുമൊപ്പം രാജസ്ഥാനി ലെഹരിയ പ്രിന്റ് തലപ്പാവ് തിരഞ്ഞെടുത്തു.
മഞ്ഞ, പച്ച, ചുവപ്പ് നിറങ്ങളിലുള്ള ബന്ദഹാനി പ്രിന്റ് തലപ്പാവും കറുത്ത വി-നെക്ക് ജാക്കറ്റുമായിരുന്നു 2023-ലെ വേഷം. 2022-ൽ ചുവപ്പ് രൂപങ്ങളും നീളുന്ന വാലുമുള്ള കാവി തലപ്പാവും നീല ജാക്കറ്റും 2021-ൽ ക്രീമും കാവിയും കലർന്ന തലപ്പാവും ഹാഫ് സ്ലീവ് കുർത്തയുമാണ് അദ്ദേഹം അണിഞ്ഞത്. കോവിഡ് സമയമായിരുന്ന 2020-ൽ കാവി കരകളുള്ള വെള്ള സ്‌കാർഫ് മുഖം ധരിച്ചു. അതുതന്നെ മാസ്‌കായും ഉപയോഗിച്ചു.
2019-ൽ ഓറഞ്ചും പച്ചയും കലർന്ന രാജസ്ഥാനി ശൈലിയിലുള്ള തലപ്പാവും, 2018-ൽ റെഡ്-കാവി തലപ്പാവും, 2017-ൽ മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങൾ ചേർന്ന തലപ്പാവും, 2016-ൽ നീളമുള്ള വാലോടുകൂടിയ പിങ്ക്, മഞ്ഞ, ഓറഞ്ച് ടൈ-ആൻഡ്-ഡൈ തലപ്പാവുമാണ് മോദി ധരിച്ചത്. പ്രധാനമന്ത്രിയായുള്ള തന്റെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ (2014-ൽ) പച്ചനിറത്തിലുള്ള വാലോടുകൂടിയ തിളക്കമുള്ള ചുവപ്പ് ജോധ്പൂരി ബന്ദേജ് സാഫയാണ് മോദി തിരഞ്ഞെടുത്തത്. 2015-ൽ ചുവപ്പ്, പച്ച, പിങ്ക് നിറങ്ങൾ അറ്റാച്ച് ചെയ്ത മഞ്ഞ തലപ്പാവിനൊപ്പം ത്രിവർണ പോക്കറ്റ് സ്‌ക്വയറും അണിഞ്ഞിരുന്നു.
Content Highlights: PM Modi delivered his 13th consecutive Independence Day speech wearing a traditional red Bandhej tie-and-dye turban., The vibrant headgear reflects the traditional textile art of Rajasthan and Gujarat., PM Modi's annual Independence Day turbans have a rich history showcasing India's cultural diversity.
Published: 15 Aug 2026, 11:20 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented