ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിൽ വിശാഖപട്ടണത്തിന് സമീപം 5000 കോടി രൂപ ചെലവിൽ നിർമിച്ച അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വളർച്ചയിൽ പ്രധാന നാഴികക്കല്ലാണു വിമാനത്താവളമെന്ന് ഉദ്ഘാടനം ചെയ്തു സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

To advertise here,

ആന്ധ്രാപ്രദേശിന്റെ വികസനത്തിനായി എൻഡിഎ സർക്കാർ വളരെ വേഗത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വിമാനത്താവള ഉദ്ഘാടനത്തിനിടെ കോൺഗ്രസിനെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു.

മുൻകാലങ്ങളിൽ വിമാനത്താവളങ്ങൾക്ക് പലപ്പോഴും ഒറ്റ കുടുംബത്തിന്റെ പേരുകൾ മാത്രമാണു നൽകിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പകരം വാത്മീകി, സന്ത് രവിദാസ്, അല്ലൂരി സീതാരാമ രാജു തുടങ്ങിയ പേരുകൾ വിമാനത്താവളങ്ങൾക്ക് നൽകി രാജ്യത്തിന്റെ പ്രധാനികളെ ബഹുമാനിക്കാൻ എൻഡിഎ സർക്കാർ തീരുമാനിച്ചുവെന്നു മോദി പറഞ്ഞു.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവൻ കല്യാൺ, കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു തുടങ്ങിയവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ചു. 13,500-ഓളം ആദിവാസി സ്ത്രീകളുടെ പരമ്പരാഗത ദിംസ നൃത്തം അവതരിപ്പിച്ച് മോദിയെ സ്വാഗതം ചെയ്തു. ജിഎംആർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച ഈ വിമാനത്താവളത്തിന് സ്വാതന്ത്ര്യസമര സേനാനി അല്ലൂരി സീതാരാമ രാജുവിന്റെ പേരാണ് നൽകിയിരിക്കുന്നത്.

ആദ്യഘട്ടത്തിൽ പ്രതിവർഷം 60 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന തരത്തിലാണ് വിമാനത്താവളത്തിന്റെ രൂപകല്പന. പ്രതിവർഷം 40 ദശലക്ഷം യാത്രക്കാരുടെ ശേഷി വർധിപ്പിക്കാനുള്ള ദീർഘകാല വികസനപദ്ധതിയും ഉണ്ട്. വാണിജ്യ വിമാന സർവീസുകൾ ഓഗസ്റ്റ് 17-ന് ആരംഭിക്കും. വിമാനത്താവളം യാഥാർഥ്യമായതോടെ വടക്കൻ ആന്ധ്രയുടെ സാമ്പത്തിക, വ്യവസായ മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ.