ഫരീദാബാദ്: ഹരിയാനയില്‍ അമൃത സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ ആശുപത്രി രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയാണ്. അത്യാനുധിക സംവിധാനങ്ങളോടുകൂടിയാണ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്. 130 ഏക്കറിലാണ് ആശുപത്രി സമുച്ചയം സ്ഥിതിചെയ്യുന്നത്. 

To advertise here,

500 കിടക്കകളുള്ള ആശുപത്രി അഞ്ച് വര്‍ഷത്തിനുള്ളില്‍  2600 കിടക്കകളാക്കി വർധിപ്പിക്കും. ഏഴ് നിലകളുള്ള ഗവേഷണ കേന്ദ്രവും പ്രവര്‍ത്തനം ആരംഭിച്ചു. ആറ് വര്‍ഷമെടുത്താണ് രാജ്യതലസ്ഥാനത്തോടു ചേര്‍ന്ന ഫരീദാബാദ് നഗരത്തില്‍ ആശുപത്രി നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. സ്‌നേഹം, ത്യാഗം, കാരുണ്യം എന്നിവയുടെ പര്യായമാണ് അമൃതാനന്ദമയിയെന്ന് പ്രധാനമന്ത്രി ഉദ്ഘാടനവേളയില്‍ പറഞ്ഞു.

36 ലക്ഷം ചതുരശ്രയടിയിലുള്ള 14 നില കെട്ടിടമാണ് നിര്‍മിച്ചിട്ടുള്ളത്. ഹെലിപാഡ് സൗകര്യവുമുണ്ട്. ഗാസ്‌ട്രോ സയന്‍സ്, എല്ല് രോഗ വിഭാഗം, ട്രാന്‍സ്പ്ലാന്റേഷന്‍ തുടങ്ങി എട്ടോളം വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചടങ്ങില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, ഗവര്‍ണര്‍ ബണ്ഡാര ദത്താത്രേയ തുടങ്ങിയവര്‍ പങ്കെടുത്തു.