ന്യൂഡൽഹി: പിഎം കെയേഴ്‌സ് ഫണ്ട് ഉപയോഗിച്ച് ഗ്രാമീണ മേഖലയിലെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് സിജെപി നേതാവ് അഭിജീത് ദിപ്‌കെ. പിഎം കെയേഴ്‌സിലുള്ള 8452 കോടി രൂപകൊണ്ട് എത്ര സർക്കാർ സ്‌കൂളുകൾ മെച്ചപ്പെടുത്താനാകുമായിരുന്നെന്നും അദ്ദേഹം ചോദിച്ചു.

To advertise here,

2023-24 കാലത്തെ 7173 കോടിരൂപയിൽനിന്ന് പിഎം കെയേഴ്‌സ് ഫണ്ട് 2024-25 ആയപ്പോഴേക്കും 8452 കോടിയായി വർധിച്ചെന്ന  റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് അഭിജീത്തിന്റെ പ്രതികരണം.

‘പിഎം കെയേഴ്‌സ് ഫണ്ട് സ്‌കൂളുകൾക്കായി വിനിയോഗിക്കൂ. പിഎം കെയേഴ്‌സിലെ 8452 കോടി രൂപകൊണ്ട് എത്ര ഗ്രാമീണ സ്‌കൂളുകൾ മെച്ചപ്പെടുത്താനാകുമായിരുന്നെന്ന് സങ്കൽപിച്ചുനോക്കൂ’, സാമൂഹികമാധ്യമമായ എക്‌സിൽ പങ്കുവെച്ച വീഡിയോയിൽ അഭിജീത് പറഞ്ഞു.

സകലസൗകര്യങ്ങളോടുംകൂടിയ ഒരു സ്‌കൂൾ നിർമിക്കാൻ ഏകദേശം എട്ടുകോടി രൂപയാണ് വേണ്ടിവരിക. അങ്ങനെയെങ്കിൽ ആയിരം സ്‌കൂളുകൾ ഈ തുക ഉപയോഗിച്ച് നിർമിക്കാനാകും, അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ കുറച്ചുദിവസമായി ഗ്രാമീണ മേഖലയിലെ ശോച്യാവസ്ഥയിലുള്ള സ്‌കൂളുകൾ താൻ കണ്ടുകൊണ്ടിരിക്കുകയാണെന്നും എന്താണ് ഇതിന് കാരണമെന്ന് ചോദിക്കുമ്പോൾ ഫണ്ടില്ലെന്ന മറുപടിയാണ് അധികൃതർ നൽകുന്നതെന്നും അഭിജീത് പറയുന്നു. ഒരുവശത്ത് സ്‌കൂളുകൾക്കായി പണമില്ലെന്ന് പറയുന്നു. മറുവശത്ത് പിഎം കെയേഴ്‌സിൽ 8452 കോടി കിടക്കുന്നു. ഈ പണം സ്‌കൂളുകൾക്കായി വിനിയോഗിക്കേണ്ടതല്ലേ, അഭിജീത് ചോദിച്ചു.