ഗാന്ധിനഗര്‍: ഗുജറാത്തിലെ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങള്‍ വ്യോമമാര്‍ഗം നിരീക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തിന് അടിയന്തര ദുരിതാശ്വാസ സഹായമായി ആയിരം കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. രാജ്യത്തുടനീളം ടൗട്ടെ ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും അദ്ദേഹം നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. ദുരിതബാധിത സംസ്ഥാനങ്ങള്‍ അവരുടെ വിലയിരുത്തലുകള്‍ കേന്ദ്രത്തിലേക്ക് അയച്ചാല്‍ അടിയന്തര സാമ്പത്തിക സഹായം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

To advertise here,

ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഗുജറാത്തിന്റെയും ദീയുവിന്റെയും ഭാഗങ്ങളില്‍ വ്യോമ നിരീക്ഷണം നടത്തിയെന്ന് പ്രധാനമന്ത്രി മോദി ട്വീറ്റില്‍ പറഞ്ഞു. ചുഴലിക്കാറ്റ് ബാധിച്ച എല്ലാ സംസ്ഥാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഹമ്മദാബാദില്‍ നടന്ന യോഗത്തില്‍ ടൗട്ടെ ചുഴലിക്കാറ്റ് സാഹചര്യം അവലോകനം ചെയ്തുവെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. 

ഗുജറാത്തിലെ നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനായി സംസ്ഥാനം സന്ദര്‍ശിക്കാന്‍ കേന്ദ്രം വിവിധ മന്ത്രാലയ പ്രതിനിധികള്‍ അടങ്ങിയ സംഘത്തെ വിന്യസിക്കും. ചുഴലിക്കാറ്റില്‍ തകര്‍ന്ന സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിക്കാന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി ഗുജറാത്ത് സര്‍ക്കാരിന് ഉറപ്പ് നല്‍കി. ഗുജറാത്തിലേയും ദീയുവിലേയും ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങള്‍ വ്യോമമാര്‍ഗം നിരീക്ഷിച്ച പ്രധാനമന്ത്രി അഹമ്മദാബാദില്‍ അവലോകന യോഗത്തിലും പങ്കെടുത്തു. 

Content Highlights: PM Announces Rs 1,000 Cr Relief Fund for Gujarat, Immediate Financial Aid to States Affected by Cyclone Tauktae