ബെംഗളൂരു: തൃശ്ശൂർ പെരിങ്ങോട്ടുകര ദേവസ്ഥാനത്തിലെ പൂജാരിയുടെ ബന്ധുവിനെ വ്യാജപീഡനക്കേസിൽ പെടുത്തിയ സംഭവത്തിൽ ബെംഗളൂരു പോലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിലെ രണ്ടാംപ്രതി ബെംഗളൂരുവിലെ മസാജ് സെന്റർ ജീവനക്കാരിയായ രത്‌ന (38), എട്ടാംപ്രതി പെരിങ്ങോട്ടുകര സ്വദേശി കെ.ഡി. ശ്രീരാഗ് (30), ഒൻപതാം പ്രതി കെ.യു. സ്വാമിനാഥൻ (50), പത്താം പ്രതി കെ.ഡി. ദേവദാസ് (50), 11-ാം പ്രതി കെ.ഡി. വേണുഗോപാൽ (71), 12-ാം പ്രതി രജത (40) എന്നിവരുടെ പേരിലാണ് കുറ്റപത്രം നൽകിയത്.
ശ്രീരാഗും സ്വാമിനാഥനും ദേവദാസും വേണുഗോപാലും രജതയും പെരിങ്ങോട്ടുകര സ്വദേശികളാണ്. കേസിൽ ആകെ 12 പ്രതികളാണുള്ളത്. രത്‌ന നൽകിയ പീഡനക്കേസിൽ ദേവസ്ഥാനം പൂജാരി ഉണ്ണി ദാമോദരന്റെ മരുമകൻ ടി.എ. അരുണിനെ ബെംഗളൂരു പോലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു. ഈ കേസ് വ്യാജമാണെന്നും രത്‌നയെ മുൻനിർത്തി മറ്റുചിലർ അരുണിനെ കേസിൽപ്പെടുത്തുകയായിരുന്നെന്നും ആരോപിച്ച് ഉണ്ണി ദാമോദരന്റെ മകൾ ഉണ്ണിമായ നൽകിയ പരാതിയിലാണ് ബെംഗളൂരു ബാനസവാടി പോലീസ് അന്വേഷണം നടത്തിയത്. തുടർന്ന് രത്‌ന, ഇവരുടെ സഹായി മോണിക്ക, പാലക്കാട് സ്വദേശി ശരത് മേനോൻ, ഇയാളുടെ സഹായികളായ സജിത്, മുഹമ്മദ് ആലം എന്നിവരെ അറസ്റ്റുചെയ്തു.
ബെംഗളൂരു അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബാക്കി പ്രതികളുടെ പേരിൽ പിന്നീട് കുറ്റപത്രം സമർപ്പിക്കും. ബാനസവാടി ഡിവൈഎസ്‌പി എം.എച്ച്. ഉമാശങ്കറായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.
Content Highlights: peringottukara fake rape case police submits chargesheet
Published: 18 Dec 2025, 04:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented