പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും ഇടതുപാര്‍ട്ടികളെക്കാളും മികച്ച പ്രകടനവുമായി അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാകാതെ തനിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയ എഐഎംഐഎമ്മിന് 25 മണ്ഡലത്തിലാണ് സ്ഥാനാര്‍ഥികളുണ്ടായിരുന്നത്.

To advertise here,

വോട്ടെണ്ണല്‍ പുരോഗമിക്കവേ, സീമാഞ്ചല്‍ മേഖലയിലെ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ എഐഎംഐഎം ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസും സിപിഎമ്മും ഒരോ സീറ്റില്‍ മാത്രം ലീഡ് ചെയ്യുമ്പോഴാണിത്. സിപിഐ(എംഎല്‍) (എല്‍) രണ്ടിടത്ത് ലീഡ് ചെയ്യുന്നുണ്ട്. സിപിഐ ഒരിടത്തുപോലും ലീഡ് ചെയ്യുന്നുമില്ല.

ജോകിഹട്, കൊചാധാമന്‍, അമോര്‍, ബൈസി, ഠാക്കൂര്‍ഗഞ്ച്, ബഹാദൂര്‍ഗഞ്ച് എന്നിവിടങ്ങളിലാണ് പാര്‍ട്ടി ലീഡ് ചെയ്യുന്നത്. ഇതില്‍ ഠാക്കൂര്‍ഗഞ്ച് ഒഴികെയുള്ള മണ്ഡലങ്ങളില്‍ കഴിഞ്ഞതവണ എഐഎംഐഎമ്മിന്റെ സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. എന്നാല്‍ ഇതില്‍ നാലുപേര്‍ പിന്നീട് ആര്‍ജെഡിയിലേക്ക് കൂറുമാറി. അമോറിലെ അഖ്തറുല്‍ ഇമാന്‍ മാത്രമാണ് എഐഎംഐഎമ്മിനൊപ്പം നിന്നത്. ഇദ്ദേഹം തന്നെയാണ് ഇക്കുറിയും ജനവിധി തേടുന്നത്.

ബിഹാറില്‍ സാന്നിധ്യം വ്യാപിപ്പിക്കാനൊരുങ്ങുന്ന എഐഎംഐഎമ്മിനെ സംബന്ധിച്ചിടത്തോളം എന്‍ഡിഎയുടെ തേരോട്ടത്തിനിടയിലും ആറിടത്തെ ലീഡ് വലിയ ആശ്വാസമാണ് നല്‍കുന്നത്.

ആദ്യം നൂറ് സീറ്റില്‍ മത്സരിക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും പിന്നീട് 25 സീറ്റുകളിലാണ് ഒവൈസി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇതില്‍ രണ്ടുപേര്‍ മുസ്‌ലിം ഇതര സമുദായാംഗങ്ങളായിരുന്നു.