ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫെയ്‌സ്ബുക്കിൽനിന്ന് നീക്കംചെയ്ത സംഭവത്തിൽ മെറ്റാ മേധാവി മാർക്ക് സുക്കർബർഗ് പരസ്യമായി മാപ്പ് പറയണമെന്ന് പാർലമെന്ററി ഐടി സമിതി ആവശ്യപ്പെട്ടു. നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള ഐടി സമിതിയാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.

To advertise here,

സുക്കർബർഗ് മാപ്പ് പറഞ്ഞില്ലെങ്കിൽ, ഇന്ത്യയിലെ നിയമപ്രകാരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ലഭിക്കുന്ന 'സേഫ് ഹാർബർ' നിയമ പരിരക്ഷ പിൻവലിക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകി. മൂന്നാം കക്ഷി ഉള്ളടക്കങ്ങളുടെ ബാധ്യതയിൽനിന്ന് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെ സംരക്ഷിക്കുന്ന നിയമമാണിത്.

പരീക്ഷാ പേപ്പർ ചോർച്ചയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി യുവാക്കൾക്ക് ഉറപ്പുനൽകുന്ന വീഡിയോയാണ് മെറ്റ നീക്കം ചെയ്തത്. സാങ്കേതിക തകരാർ മൂലമാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടതെന്ന മെറ്റയുടെ വിശദീകരണം ഐടി മന്ത്രാലയം തള്ളിയതിനുപിന്നാലെയാണ് പുതിയ നടപടി. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഇത്തരം നീക്കങ്ങൾ ഗൗരവകരമാണെന്നും പ്രധാനമന്ത്രിയുടെ വീഡിയോ പോലും ഇത്തരത്തിൽ നീക്കംചെയ്യപ്പെടുമ്പോൾ സാധാരണക്കാരായ ഉപയോക്താക്കളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി.

രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികളേക്കാൾ കൂടുതൽ പ്രകോപനപരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്കാണ് സോഷ്യൽ മീഡിയ അൽഗോരിതം മുൻഗണന നൽകുന്നതെന്ന് നിഷികാന്ത് ദുബെ ആരോപിച്ചു. ഈ വിഷയത്തിൽ ഖേദം പ്രകടിപ്പിക്കുന്നതുകൊണ്ട് കാര്യമില്ലെന്നും ഇതിന്റെ യഥാർഥ കാരണം കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കണമെന്നുമാണ് സമിതിയുടെ നിലപാട്.