ന്യൂഡല്‍ഹി: ബിഹാറിലെ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരേ പ്രതിപക്ഷമുയര്‍ത്തിയ പ്രതിഷേധത്തില്‍ തടസ്സം തുടര്‍ക്കഥയായ പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം അവസാനിച്ചു.
21 ദിവസം സമ്മേളിച്ചതില്‍ 19 ദിവസവും പ്രതിപക്ഷബഹളത്താല്‍ തടസ്സപ്പെട്ട ലോക്സഭ 12 ബില്ലുകള്‍ ചര്‍ച്ചയില്ലാതെ നിമിഷങ്ങള്‍ക്കുള്ളില്‍ പാസാക്കി. രാജ്യസഭ പാസാക്കിയത് 15 ബില്ലുകള്‍. ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കുന്ന ബില്ലും ആദായനികുതി ഭേദഗതിബില്ലും പാസാക്കിയതില്‍ ഉള്‍പ്പെടും. വിവാദ ഭരണഘടനാ ഭേദഗതിബില്ലും അനുബന്ധ ബില്ലുകളും സംയുക്തപാര്‍ലമെന്ററി സമിതിക്ക് വിട്ടു.
ഗുരുതര ക്രിമിനല്‍ക്കുറ്റത്തിന് 30 ദിവസം തടവില്‍ കഴിയേണ്ടിവരുന്ന പ്രധാനമന്ത്രിയടക്കമുള്ളവര്‍ക്ക് 31-ാം ദിവസം സ്ഥാനം നഷ്ടമാകുന്ന ഭരണഘടനാ ഭേദഗതിബില്‍ അവസാനദിവസങ്ങളില്‍ വന്‍ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയത്. കഴിഞ്ഞ സമ്മേളനകാലങ്ങളില്‍ കാണാതിരുന്ന ഐക്യവും കെട്ടുറപ്പും വിവാദവിഷയങ്ങളുടെ പശ്ചാത്തലത്തില്‍ തിരിച്ചുപിടിച്ച പ്രതിപക്ഷത്ത്, അതിന്റെ വീര്യം പ്രകടമായ സമയംകൂടിയായി വര്‍ഷകാലസമ്മേളനം.
വര്‍ഷകാലസമ്മേളനത്തില്‍ ലോക് സഭ രണ്ടുദിവസവും രാജ്യസഭ മൂന്നുദിവസവുമാണ് ശാന്തമായി നടന്നത്. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട പ്രത്യേക ചര്‍ച്ചയ്ക്ക് മാത്രമായിട്ടായിരുന്നു ഈ ശാന്തത. സമ്മേളനത്തിന്റെ തുടക്കത്തില്‍ പഹല്‍ഗാം ഭീകരാക്രമണത്തിലും ഓപ്പറേഷന്‍ സിന്ദൂറിലും ചര്‍ച്ചയാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷബഹളമെങ്കില്‍, ഈ ചര്‍ച്ച നടന്നതിനുപിന്നാലെ ബിഹാറിലെ വോട്ടര്‍പട്ടികയായി വിഷയം.
പ്രതിപക്ഷത്തിന് വിമര്‍ശനം
സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിയുന്നതിന് മുന്നോടിയായി നടത്തിയ സമാപനപ്രസംഗത്തില്‍ ലോക്സഭയില്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രതിപക്ഷത്തിനെതിരേ സ്പീക്കര്‍ ഓം ബിര്‍ള രൂക്ഷവിമര്‍ശനമുയര്‍ത്തി. ആസൂത്രിതമായാണ് പ്രതിപക്ഷം സഭാനടപടികള്‍ തടസ്സപ്പെടുത്തിയതെന്നും ഇത് സഭയുടെ അന്തസ്സിനും പാരമ്പര്യത്തിനും നിരക്കാത്തതാണെന്നും സ്പീക്കര്‍ പറഞ്ഞു.
ഉപരാഷ്ട്രപതിയുടെ രാജി
ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍കറിന്റെ രാജിയാണ് വര്‍ഷകാലസമ്മേളനത്തിന്റെ ആദ്യദിവസം രാജ്യത്തെ ഞെട്ടിച്ചത്. രാജ്യസഭാധ്യക്ഷനെന്നനിലയില്‍ ആദ്യദിനം സഭയെ നിയന്ത്രിച്ച ധന്‍കറിന്റെ രാജി അപ്രതീക്ഷിതമായി.
ജസ്റ്റിസ് വര്‍മയുടെ ഇംപീച്ച്‌മെന്റ്
ഔദ്യോഗികവസതിയില്‍ വന്‍തോതില്‍ പണം കണ്ടെത്തിയ കേസില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലേക്കും പാര്‍ലമെന്റ് കടന്നു.
Content Highlights: Parliament Disrupted: Opposition Protest Delays Bills
Published: 22 Aug 2025, 06:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented