ന്യൂഡൽഹി: യുഎസ് സന്ദർശനത്തിനിടെ ഇന്ത്യയ്‌ക്കെതിരേ  പാകിസ്താൻ സൈനിക മേധാവി അസിം മുനീർ നടത്തിയ ആണവ ഭീഷണിയും ഇന്ത്യയുടെ മറുപടിയും ഏറെ ചർച്ചയായിട്ടുണ്ട്. ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ പാകിസ്താന്റെ കൈവശം എത്ര ആണവായുധങ്ങളുണ്ടെന്നും ഇന്ത്യക്കെതിരെ അത്തരമൊരു നീക്കം നടത്താനുള്ള ശേഷി പാകിസ്താനുണ്ടോയെന്നുമാണ് ഉയരുന്ന ചോദ്യം.

To advertise here,

സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (SIPRI) 2025-ലെ വാർഷിക കണക്കുകൾ പ്രകാരം പാകിസ്താനിൽ 170 ആണവ പോർമുനകളുണ്ട്. കൂടാതെ ആണവായുധ നിർമാണത്തിനുള്ള ആണവവസ്തുക്കളുടെ ഉത്പാദനവും പുതിയ വിക്ഷേപണ സംവിധാനങ്ങളുടെ വികസനവും നടക്കുന്നു. ഇന്ത്യയിൽ 172 ആണവ പോർമുനകളുണ്ട്. മാത്രമല്ല വിക്ഷേപണ സാങ്കേതികവിദ്യയിൽ കാര്യമായ മുന്നേറ്റവുമുണ്ട്. 

പാകിസ്താന്റെ പ്രധാന മിസൈൽ സംവിധാനങ്ങളും പരിമിതികളും

  • ഷഹീൻ 3:  പാകിസ്താന്റെ ഏറ്റവും ദൈർഘ്യമേറിയ ബാലിസ്റ്റിക് മിസൈലായ ഷഹീൻ 3 മിസൈലിന്  2,750 കിലോമീറ്റർ വരെ ദൂരെയുള്ള ലക്ഷ്യങ്ങൾ തകർക്കാൻ കഴിയും. ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലാണിത്. ഇതിന് ഇന്ത്യയുടെ വിദൂര ഭാഗങ്ങളിലും, ഒരുപക്ഷേ രാജ്യത്തുടനീളവും, മിഡിൽ ഈസ്റ്റിലെ ചില ഭാഗങ്ങളിലും എത്താൻ കഴിയുമെന്ന് റിപ്പോർട്ടുണ്ട്. 
  • അബാബീൽ: 2,200 കി.മീ വരെ ദൂരെയുള്ള ലക്ഷ്യങ്ങൾ തകർക്കാൻ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്ന ഈ ബാലിസ്റ്റിക് മിസൈലിന്റെ പരിമിതമായ പരീക്ഷണങ്ങൾ മാത്രമാണ് നടന്നിട്ടുള്ളത്.
  • ഫത്ത 2: 400 കിലോമീറ്റർ പ്രഹരശേഷിയുള്ള ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലാണിത്.
  • ഷഹീൻ 2: 1,500-2,000 കി.മീ. ദൂരപരിധിയുള്ള, ഭൂതലത്തിൽ നിന്ന് ഭൂതലത്തിലേക്ക് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈലാണിത്. 
  • ഘോരി-2:  2,000 കി.മീ.യിൽ കൂടുതൽ ദൂരപരിധി. ഘൗരി-I-ന്റെ (1,300 കി.മീ. ദൂരപരിധി) മെച്ചപ്പെടുത്തിയ പതിപ്പ്. ഉത്തര കൊറിയയുടെ നോഡോങ് മിസൈലിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് വിശ്വസിക്കപ്പെടുന്നു.
  • ബാബർ-3: 450 കി.മീ. പ്രഹരശേഷിയുള്ള അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ക്രൂയിസ് മിസൈൽ. 2017-ൽ ഒരു തവണ പരീക്ഷിച്ചിട്ടുണ്ട്. 

പാകിസ്താന്റെ ഏറ്റവും ദൈർഘ്യമേറിയ മിസൈലിന് കിഴക്കൻ ഏഷ്യയിലോ, യൂറോപ്പിന്റെ പടിഞ്ഞാറൻ ഭാഗത്തോ, വടക്കേ അമേരിക്കയിലോ പോലും എത്താൻ കഴിയില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പാകിസ്താന്റെ പ്രഹരപരിധി അതിന്റെ സമീപ പ്രദേശങ്ങൾക്കും അയൽ രാജ്യങ്ങൾക്കും അപ്പുറത്തേക്ക് വ്യാപിപ്പിക്കുന്നതിന് ഈ സംവിധാനങ്ങൾക്കൊണ്ട് കഴിയില്ല.

8,000 കിലോമീറ്ററിൽ കൂടുതൽ ദൂരപരിധിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ, ആഗോളതലത്തിൽ ആക്രമിക്കാൻ ശേഷിയുള്ള തന്ത്രപ്രധാന ബോംബർ വിമാനങ്ങൾ, ഒരു ആക്രമണത്തെ അതിജീവിച്ച് തിരിച്ചടിക്കാനുള്ള ശേഷി നൽകുന്ന പൂർണ്ണമായും പ്രവർത്തനസജ്ജമായ സമുദ്രാധിഷ്ഠിത ആണവ പ്രതിരോധ സംവിധാനം ഇവയെല്ലാം ഉണ്ടെങ്കിൽ മാത്രമേ പാകിസ്താൻ സൈനിക മേധാവി പറഞ്ഞപോലെ ലോകത്തിൻ്റെ പകുതിയെ ഭീഷണിപ്പെടുത്താനെങ്കിലും സാധിക്കുകയുള്ളൂ. നിലവിൽ പാകിസ്താന് ഇവയൊന്നുമില്ലെന്നതാണ് യാഥാർത്ഥ്യം.

പാകിസ്താൻ്റെ ആണവനയം തീരുമാനിക്കുന്നത് പ്രധാനമന്ത്രി അധ്യക്ഷനായുള്ള നാഷണൽ കമാൻഡ് അതോറിറ്റിയാണ്. പ്രവർത്തന നിയന്ത്രണം സ്ട്രാറ്റജിക് പ്ലാൻസ് ഡിവിഷനിലും നിക്ഷിപ്തമാണ്. എന്നിരുന്നാലും ഒരു പ്രതിസന്ധി ഘട്ടത്തിൽ പാകിസ്താൻ കരസേനാ മേധാവിയാണ് ഏറ്റവും നിർണ്ണായകമായ വ്യക്തിയെന്ന് ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിലെ വിദഗ്ധരെ ഉദ്ധരിച്ച് ന്യൂസ്18 റിപ്പോർട്ട് ചെയ്യുന്നു. അസിം മുനീറിൻ്റെ പ്രസ്താവനകൾക്ക് പ്രാധാന്യം ലഭിക്കുന്നതും അന്താരാഷ്ട്ര ആശങ്കകൾ വർദ്ധിപ്പിക്കുന്നതും ഇതുകൊണ്ടാണ്.

പാകിസ്താൻ്റെ ഏറ്റവും ദൂരപരിധിയുള്ള ഷഹീൻ 3 മിസൈലിന് പരമാവധി 2,750 കിലോമീറ്റർ ദൂരപരിധിയാണുള്ളത്. ഇത് ഭൂഖണ്ഡാന്തര പ്രഹരശേഷിക്ക് ആവശ്യമായ 8,000–12,000 കിലോമീറ്ററിനേക്കാൾ വളരെ കുറവാണ്. പാകിസ്താന്റെ കര, വ്യോമ, നാവിക സംവിധാനങ്ങൾക്കൊന്നും വടക്കേ അമേരിക്കയിലോ, യൂറോപ്പിലെ മിക്ക ഭാഗങ്ങളിലോ, കിഴക്കൻ ഏഷ്യയിലോ ഉള്ള ലക്ഷ്യസ്ഥാനങ്ങളിൽ കാര്യമായ പ്രഹരമേൽപ്പിക്കാൻ കഴിയില്ല. അതിനാൽ മുനീറിൻ്റെ അവകാശവാദം നിലനിൽക്കുന്നതല്ലെന്ന് വിദ​ഗ്ദർ വാദിക്കുന്നു.