
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങളില്‍ കനത്ത നാശനഷ്ടം സംഭവിച്ചതായി ഒടുവില്‍ സമ്മതിച്ച് പാകിസ്താന്‍. ഇന്ത്യയുടെ സൈനിക ആക്രമണത്തില്‍ 13 പാക് സൈനികര്‍ ഉള്‍പ്പെടെ 50-ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായതായി പാകിസ്താന്‍ അധികൃതര്‍ സമ്മതിച്ചതായി സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിനു ശേഷം മൂന്നു മാസം കഴിഞ്ഞാണ് ഒടുവില്‍ പാകിസ്താന്‍ തങ്ങള്‍ക്കു സംഭവിച്ച നഷ്ടം സമ്മതിക്കുന്നത്.
ഓപ്പറേഷന്‍ സിന്ദൂറിനിടെ ബോളാരി വ്യോമതാവള ആക്രമണത്തില്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ ഉസ്മാന്‍ യൂസഫ് കൊല്ലപ്പെട്ടതായി പാകിസ്താന്‍ സ്ഥിരീകരിച്ചു. നൂര്‍ ഖാന്‍, സര്‍ഗോധ, ജേക്കബാബാദ്, ബൊളാരി, ഷോര്‍കോട്ട് എന്നിവിടങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മേയ് ഏഴിന് നടത്തിയ ആക്രമണത്തില്‍ നൂറിലധികം തീവ്രവാദികളെ വധിച്ചതായും പ്രധാന തീവ്രവാദ കേന്ദ്രങ്ങള്‍ നശിപ്പിച്ചതായും കേന്ദ്ര സര്‍ക്കാര്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറിനിടെ നൂര്‍ ഖാന്‍ വ്യോമതാവളത്തില്‍ അമേരിക്കന്‍ സാങ്കേതിക വിദഗ്ധര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടിലുണ്ട്. പാകിസ്താന്‍ പ്രസിഡന്റ് ഹൗസില്‍ നടന്ന വാര്‍ഷിക അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.
ഓഗസ്റ്റ് 14-ന് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രസിഡന്റ് ഹൗസില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് മരണാനന്തര ബഹുമതി സമ്മാനിച്ചിരുന്നു.
മരണാനന്തരം തംഘ-ഇ-ബസലത്ത് ലഭിച്ചവരില്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ ഉസ്മാന്‍ യൂസഫ്, ഹവല്‍ദാര്‍ മുഹമ്മദ് നവീദ്, നായിക് വഖാര്‍ ഖാലിദ്, ലാന്‍സ് നായിക് ദിലാവര്‍ ഖാന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. തംഘ-ഇ-ജുറാത്ത് ലഭിച്ചവരില്‍ നായിക് അബ്ദുള്‍ റഹ്‌മാന്‍, ലാന്‍സ് നായിക് ഇക്രമുള്ള, സിപോയ് അദീല്‍ അക്ബര്‍ എന്നിവരും ഉള്‍പ്പെടുന്നു.
ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പകരമായി പാക് ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ സൈനിക നീക്കമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. പാകിസ്താനിലും പാക് അധീന കശ്മീരിലുമുള്ള ഒമ്പത് തീവ്രവാദ ക്യാമ്പുകളിലാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയത്.
Content Highlights: Pakistan officially acknowledges over 50 casualties,including 13 soldiers in India`s Operation sindo
Published: 16 Aug 2025, 02:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented