ന്യൂഡൽഹി: പഹൽഗാം ആക്രമണം നടത്തിയ ഭീകരർ സംഭവത്തിന് രണ്ടു ദിവസം മുൻപ് ബൈസരൻവാലിയിൽ ഉണ്ടായിരുന്നുവെന്നും പഹൽഗാം കൂടാതെ മറ്റുമൂന്ന് കേന്ദ്രങ്ങൾകൂടി ഇവർ ആക്രമണത്തിന് പരിഗണിച്ചിരുന്നതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഒരാളെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരം.
ഭീകരർ ഏപ്രിൽ 15ന് പഹൽഗാമിലെത്തുകയും ബൈസരൻവാലി ഉൾപ്പെടെ നാല് സ്ഥലങ്ങളിൽ നിരീക്ഷണം നടത്തുകയും ചെയ്തതായാണ് റിപ്പോർട്ട്. ആരുവാലി, പ്രാദേശിക അമ്യൂസ്മെൻ്റ് പാർക്ക്, ബേതാബ് വാലി എന്നിവയായിരുന്നു മറ്റ് മൂന്ന് ലക്ഷ്യങ്ങൾ. ഇവിടെയും ഭീകരർ നിരീക്ഷണം നടത്തിയിരുന്നുവെങ്കിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ആക്രമണം നടത്തുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നുവെന്നും അന്വേഷണസംഘത്തിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഭീകരരെ സഹായിച്ചെന്ന് കരുതുന്ന ഏകദേശം 20 ഓളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ പലരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവർ നിരീക്ഷണത്തിലാണ്. നാലുപേർ ഭീകരർക്ക് നിരീക്ഷണത്തിനും മറ്റും സഹായങ്ങൾ നൽകിയതിൽ നിർണായകപങ്ക് വഹിച്ചതായാണ് വിവരം.
ആക്രമണത്തിന് മുൻപ് പ്രദേശത്ത് മൂന്ന് സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് 2,500-ൽ അധികം വ്യക്തികളെ ചോദ്യം ചെയ്തു. ഇവരിൽ 186 പേരെ വിശദമായ ചോദ്യം ചെയ്യലിനായി സംഘം കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.
Content Highlights: investigative team reveals more information about pahalgam terror attack
Published: 01 May 2025, 01:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented