ന്യൂഡൽഹി: ഭീകരസംഘടനയായ ലഷ്‌കർ ഇ തൊയ്ബ സ്ഥാപകൻ ഹാഫിസ് സയീദിന് സമൻസ് അയക്കാൻ എൻഐഎ കോടതി. പഹൽഗാം ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ടാണ് നടപടി. കേസിന്റെ വിചാരണയ്ക്ക് ജമ്മുവിലെ എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാകണമെന്നാണ് സമൻസിൽ നിർദേശിക്കുന്നത്. നിലവിൽ പാകിസ്താനിലുള്ള ഹാഫിസിന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം മുഖേനയയാണ് സമൻസ് അയക്കുക.

To advertise here,

നേരത്തെ, ഹാഫിസ് സയീദിനെതിരേ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. 2025 ഏപ്രിലിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രങ്ങളിലൊരാളാണ് സയീദ്. അന്നത്തെ ആക്രമണത്തിൽ ഒരു പ്രദേശവാസി ഉൾപ്പെടെ 25 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. ജൂലൈ മാസത്തിൽ ഫയൽചെയ്ത അനുബന്ധ കുറ്റപത്രത്തിലാണ് എൻഐഎ ഹാഫിസ് സയീദിന്റെ പേര് ഉൾപ്പെടുത്തിയിട്ടുള്ളത്.

കോടതിക്ക് മുൻപാകെ ഹാജരാകാതിരിക്കുന്നപക്ഷം സയീദിന്റെ അഭാവത്തിൽ വിചാരണ നടപടികൾ നടക്കും. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 356-ാം വകുപ്പു പ്രകാരമായിരിക്കും ഇത്. നിയമ നടപടികളിൽനിന്ന് ഒഴിഞ്ഞുമാറാൻ ഒളിവിൽ പോയതും, പെട്ടെന്ന് അറസ്റ്റിലാകാൻ സാധ്യതയില്ലാത്തതുമായ പിടികിട്ടാപ്പുള്ളിക്കെതിരെ അന്വേഷണമോ വിചാരണയോ നടത്താനും വിധി പുറപ്പെടുവിക്കാനും കോടതിക്ക് അനുമതി നൽകുന്ന വ്യവസ്ഥയാണിത്.

പ്രതിയുടെ അഭാവത്തിൽ വിചാരണ നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി, തുടർച്ചയായി രണ്ട് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുക എന്നത് ഉൾപ്പെടെ ചില നിയമനടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.