ആഗ്ര: ഓക്‌സിജന്‍ മോക് ഡ്രില്ലിനെ തുടര്‍ന്ന് ആഗ്രയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്ന കോവിഡ് ബാധിതരുള്‍പ്പെടെ 22 രോഗികള്‍ മരിച്ചതായി ആശുപത്രി ഉടമയുടെ ഓഡിയോ പുറത്ത്.

To advertise here,

സംഭാഷണത്തിന്റെ ഓഡിയോ പുറത്തായതോടെ ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ഏപ്രില്‍ 26 ന് രാവിലെ അഞ്ച് മിനിറ്റ് നേരത്തേക്ക് ഓക്‌സിജന്‍ നല്‍കുന്നത് നിര്‍ത്തി വെച്ച് നടത്തിയ 'പരീക്ഷണ'ത്തിനൊടുവിലാണ് 22 രോഗികള്‍ മരിച്ചതെന്നാണ് ഉടമയുടെ വെളിപ്പെടുത്തല്‍.  

ചികിത്സാകേന്ദ്രത്തില്‍ ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെട്ടതായും മോദിനഗറില്‍ എവിടെയും ഓക്‌സിജന്‍ ലഭ്യമാകാതിരുന്നതിനാലും ചികിത്സയിലുള്ള രോഗികളെ മറ്റേതെങ്കിലും ആശുപത്രികളിലേക്ക് മാറ്റാന്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടതായി പരാസ് ആശുപത്രി ഉടമ പറയുന്നു. ആരും തയ്യാറാവാത്തതിനെ തുടര്‍ന്ന് ഓക്‌സിജന്‍ ഏറ്റവും അത്യാവശ്യമുള്ള രോഗികള്‍ക്ക് നല്‍കാമെന്ന് തീരുമാനിക്കുകയും അത് കണ്ടെത്താനായി കുറച്ച് സമയത്തേക്ക് ഓക്‌സിജന്‍ നല്‍കുന്നത് നിര്‍ത്തി വെക്കുകയുമായിരുന്നുവെന്ന് ഉടമയായ അരിഞ്ജയ് ജയിന്‍ വീഡിയോയില്‍ വിശദീകരിക്കുന്നു. 

'രാവിലെ ഏഴ് മണിക്ക് ഓക്‌സിജന്‍ നല്‍കുന്നത് നിര്‍ത്തി. 22 രോഗികള്‍ക്ക് ശ്വാസതടസ്സം നേരിടുകയും അവരുടെ ശരീരം നീലനിറമാകുകയും ചെയ്തു. ഓക്‌സിജനില്ലെങ്കില്‍ ഈ രോഗികളും മരിക്കുമെന്നുറപ്പായി. തീവ്രപരിചരണവിഭാഗത്തില്‍ അവശേഷിച്ച 74 രോഗികളുടെ ബന്ധുക്കളോട് ഓക്‌സിജന്‍ സിലിണ്ടറെത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു'- ആശുപത്രിയുടമയുടെ വാക്കുകള്‍. 

ഗുരുതരരോഗികളെ കണ്ടെത്തി അവര്‍ക്ക് കൂടുതല്‍ പരിചരണം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് മോക് ഡ്രില്‍ നടത്തിയതെന്നും തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും വീഡിയോ വന്‍തോതില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് അരിഞ്ജയ് ജെയിന്‍ വിശദീകരണവുമായെത്തുകയും ചെയ്തു. നാല് കോവിഡ് രോഗികള്‍ ഏപ്രില്‍ 26 ന് മരിക്കുകയും മൂന്ന് പേര്‍ അടുത്ത ദിവസം മരിക്കുകയും ചെയ്‌തെന്നാണ് ജെയിനിന്റെ പുതിയ വിശദീകരണം. മരിച്ചവരുടെ കൃത്യമായ എണ്ണം അറിയില്ലെന്നും ജെയിന്‍ പറയുന്നു. 

ഓക്‌സിജന്‍ നിര്‍ത്തലാക്കി നടത്തിയ പരീക്ഷണം മനുഷ്യത്വരഹിതമാണെന്ന് നിരവധി പേര്‍ പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണത്തിനായി കമ്മിറ്റിയെ നിയോഗിച്ചതായി ആഗ്ര ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആര്‍ സി പാണ്ഡെ അറിയിച്ചു. തങ്ങള്‍ക്ക് ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പിന്റെ പ്രാഥമികാന്വേഷണത്തിന് ശേഷം സമീപിക്കുന്ന പക്ഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് ഉന്നത പോലീസുദ്യോഗസ്ഥന്റെ പ്രതികരണം. 

 

 

Content Highlights: Oxygen mock drill at private hospital causes death of 22  patients video viral