
മൊറാദാബാദ്: 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിന് താൽപര്യം പ്രകടിപ്പിച്ച് അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം പാർട്ടി. വളരെ വൈകുന്നതിന് മുമ്പ് ചർച്ചകൾ നടത്താൻ സമയമായെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് ഒവൈസി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് സഖ്യമുണ്ടാക്കാനുള്ള ചർച്ചകൾക്ക് ക്ഷണിച്ചത്.
മൊറാദാബാദിൽ നടന്ന ഒരു ചടങ്ങിലാണ് അദ്ദേഹം അഖിലേഷ് യാദവിനുള്ള സന്ദേശമടങ്ങിയ പ്രസ്താവന നടത്തിയത്. 'ഉത്തർപ്രദേശിൽ ബിജെപി വീണ്ടും സർക്കാർ രൂപീകരിക്കാൻ മജ്ലിസ് ആഗ്രഹിക്കുന്നില്ല. കൈകോർക്കാൻ ഞാൻ തയ്യാറാണ്. ഒരു സഖ്യം രൂപീകരിക്കാൻ ഞാൻ തയ്യാറാണ്. ഇന്ന് സംസാരിക്കാനുള്ള സമയമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പിന്നീട് കരയരുത്.' ഒവൈസി പറഞ്ഞു.
സമാജ്‌വാദി പാർട്ടിയുമായി തുല്യനീതിയിലധിഷ്ഠിതമായ ഒരു പങ്കാളിത്തമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഒവൈസി തന്റെ പ്രസ്താവനയിലൂടെ വ്യക്തമാക്കി. രണ്ട് തവണ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപിയുടെ മുന്നേറ്റത്തെ വെല്ലുവിളിക്കാൻ കരുത്തുള്ള ഉത്തർപ്രദേശിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയാണ് സമാജ്‌വാദി പാർട്ടി.
പരസ്പരം എതിരാളികളായി മാറി വോട്ടുകൾ ഭിന്നിപ്പിക്കുന്നതിന് പകരം യാദവുമായി കൈകോർക്കാൻ തയ്യാറാണെന്ന് ഒവൈസി വാഗ്ദാനം ചെയ്തു. 'ഒവൈസി മത്സരിക്കുന്നത് ഞങ്ങളെ (സമാജ്‌വാദ് പാർട്ടി) ദോഷകരമായി ബാധിക്കുമെന്ന് നിങ്ങൾ പറയുന്നു. അങ്ങനെയെങ്കിൽ നിങ്ങളോടൊപ്പം ചേർന്ന് പോരാടാൻ ഞാൻ തയ്യാറാണ്.' അദ്ദേഹം പറഞ്ഞു. ഹൈദരാബാദിൽ നിന്നുള്ള എഐഎംഐഎം എംപി പറഞ്ഞു.
'നമ്മുടെ പോരാട്ടം നമ്മുടെ അഭിമാനത്തിനും നീതിക്കും വേണ്ടിയാണ്. ഒരു പായയിൽ ഇരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾക്ക് സമത്വം വേണം. അഖിലേഷ് ആ കസേരയ്ക്ക് മുന്നിൽ ഇരിക്കുകയാണെങ്കിൽ, ഒവൈസി ആ കസേരയ്ക്ക് മുന്നിൽ കാലിന്മേൽ കാൽ കയറ്റി വെച്ചിരുന്ന് അവകാശങ്ങളെക്കുറിച്ചും നീതിയെക്കുറിച്ചും സംസാരിക്കും.' അദ്ദേഹം പറഞ്ഞു.
എഐഎംഐഎമ്മിന്റെ പോരാട്ടം ഒരിക്കലും ഒരു മതത്തിനും എതിരല്ലെന്ന് അദ്ദേഹം ആവർത്തിച്ചു. അതേസമയം, ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന തരത്തിൽ ഒവൈസിയുടെ ആവശ്യപ്പെടുമ്പോൾ, ഇത് വെറും പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നാണ് ബിജെപിയുടെ പരിഹാസം. ഇതിനെ 'വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കൂട്ടുകെട്ട്' എന്നാണ് ബിജെപി വിശേഷിപ്പിച്ചത്.
'അഖിലേഷ് യാദവും ഒവൈസിയും പ്രീണന രാഷ്ട്രീയത്തിൽ മത്സരിക്കുകയാണ്. ഇന്ന് അവർ 'കൗൺ ബനേഗ ബഡാ ഭായിജാൻ' (ആരാണ് വലിയ പ്രീണനക്കാരൻ) എന്ന മത്സരം മാറ്റിവെച്ച് 'ഭായിജാൻ' സഹകരണം നടത്താം എന്ന് പറയുകയാണ്. ഇക്കാര്യത്തിൽ ഒവൈസി അഖിലേഷ് ജിക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരിക്കുകയാണ്.' ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല പറഞ്ഞു.
ഒവൈസിയും യാദവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും പൂനവാല ആരോപിച്ചു. ഉത്തർപ്രദേശിൽ 2027-ലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
Content Highlights: Owaisi proposes a pre-election alliance with Samajwadi Party to defeat BJP in 2027. Owaisi claims AIMIM's goal is justice and equality, not religious conflict. BJP dismisses the offer as vote bank politics and appeasement. The call for unity aims to prevent vote splitting in the upcoming 2027 assembly polls.
Published: 26 Jul 2026, 03:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented