ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കാനായി പാർലമെന്റിന്റെ ഇരുസഭകളിലുമായി പ്രതിപക്ഷ എം.പി.മാർ നൽകിയ നോട്ടീസിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നിഷ്പക്ഷത പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കുറ്റപ്പെടുത്തി. പ്രധാനമായും ഏഴ് ആരോപണങ്ങളാണ് ഉന്നയിച്ചത്.

To advertise here,
  1. നിയമനത്തിലെ വിവാദം: കമ്മിഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ പരിഗണനയിലുണ്ടായിരുന്ന കേസിനിടെ അർധരാത്രിയിൽ അടിയന്തരമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനെ നിയമിച്ചു. ഇത് ഭരണകൂടത്തിന് ഇഷ്ടപ്പെട്ട വ്യക്തിയെ നിയമിക്കാൻ നടത്തിയ ശ്രമമാണ്
  2. നിഷ്പക്ഷത നഷ്ടമായി: ഭരണഘടനാപരമായ ബാധ്യതയും നിഷ്പക്ഷതയും പാലിക്കാതെ ഭരണകൂടത്തിന്റെ സ്വാധീനത്തിൽ കമ്മിഷണറെ പ്രവർത്തിച്ചു
  3. പക്ഷപാതപരമായ പ്രസ്താവന: 2025 ഓഗസ്റ്റ് 17-ലെ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷനേതാവിനെ ലക്ഷ്യമിട്ട് പൊതു മുന്നറിയിപ്പ് നൽകിയത് വിവേചനപരം
  4. സമീപനം വിവേചനം: പ്രതിപക്ഷ നേതാക്കൾക്കെതിരേ നടപടി എടുക്കുമ്പോൾ ഭരണകക്ഷി നേതാക്കൾക്കെതിരായ സമാന ആരോപണങ്ങളിൽ അതേ മാനദണ്ഡം പാലിച്ചില്ല
  5. എസ്.ഐ.ആർ. നടപടികളിലെ വിവാദം: എസ്.ഐ.ആർ. നടപടികൾ ഭരണകക്ഷിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കനുസൃതമായി നടപ്പാക്കി. പൗരത്വ പരിശോധനയുടെ ഘടകങ്ങൾ ഉൾപ്പെടുത്തി
  6. വൻതോതിൽ വോട്ടർമാരെ ഒഴിവാക്കി: ബിഹാറിൽ ഏകദേശം 65 ലക്ഷം പേരെയും പശ്ചിമ ബംഗാളിൽ ഏകദേശം 58 ലക്ഷം പേരെയും പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇത് സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ ബാധിച്ചു
  7. നീതിന്യായ നടപടി തടസ്സപ്പെടുത്തി: മെഷീനിൽ വായിക്കാവുന്ന വോട്ടർ പട്ടികകൾ നൽകുന്നതിൽ വിസമ്മതം പ്രകടിപ്പിച്ചത് സുതാര്യത ഇല്ലാതാക്കി.

പോളിങ് കേന്ദ്രങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവിടാത്തതും വോട്ടർപട്ടിക ക്രമക്കേട് അന്വേഷണങ്ങളിൽ സഹകരിക്കാത്തതും നീതിന്യായ നടപടി തടസ്സപ്പെടുത്തുന്നതാണ്. ലോക്‌സഭയിൽ 130 എം.പി.മാരും രാജ്യസഭയിൽ 63 എം.പി.മാരുമാണ് നോട്ടീസിൽ ഒപ്പിട്ടത്.