ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ പ്രയോഗിച്ചത് 50-ൽ താഴെ വ്യോമായുധങ്ങൾ മാത്രമാണെന്നും ഇതുതന്നെ പാകിസ്താനെ വെടിനിർത്തൽ ചർച്ചയിലേക്ക് എത്തിച്ചെന്നും വ്യോമസേന വൈസ് ചീഫ് എയർ മാർഷൽ നർമദേശ്വർ തിവാരി.
'വ്യോമശക്തിയുടെ പ്രയോജനങ്ങളെ കുറിച്ച് ഒരുപാട് ചർച്ച ചെയ്തിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂരിൽ നമ്മൾ ചെയ്തതിനേക്കാൾ വലിയൊരു ഉദാഹരണം വേറെയില്ല. അമ്പതിൽ താഴെ ആയുധങ്ങൾക്ക് ശത്രുവിനെ ചർച്ചയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു. പഠിക്കേണ്ട ഒരു ഉദാഹരണമാണിത്.' എയർ മാർഷൽ തിവാരി പറഞ്ഞു.
എങ്കിലും, മെയ് ഏഴ് മുതൽ 10 വരെ ഉണ്ടായ ഇന്ത്യ-പാക് സംഘർഷത്തിൽ ഉപയോഗിച്ച ആയുധങ്ങൾ ഏതൊക്കെയെന്ന് എയർ മാർഷൽ തിവാരി വ്യക്തമാക്കിയില്ല. ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ, ക്രിസ്റ്റൽ മേസ്-2, റാംപേജ്, സ്‌കാൽപ്പ് മിസൈലുകൾ എന്നിവ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്താൻ സുഖോയ്-30എംകെഐ, റഫാൽ, മിറാഷ്-2000 യുദ്ധവിമാനങ്ങളെ വ്യോമസേന വിന്യസിച്ചിരുന്നു. ആണവ കേന്ദ്രങ്ങൾക്കും കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾക്കും സമീപമുള്ള പാകിസ്താന്റെ വ്യോമതാവളങ്ങളും റഡാർ കേന്ദ്രങ്ങളുമായിരുന്നു ലക്ഷ്യം.
അതേസമയം, ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും സജീവമാണെന്നും ഇന്ത്യയുടെ സൈനിക തയ്യാറെടുപ്പുകൾ പ്രതിദിനം എന്ന നിലയിൽ വർഷം മുഴുവനും അതീവ ജാഗ്രതയോടെ തുടരണമെന്നും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ ആവശ്യപ്പെട്ടു. പ്രതിരോധ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ജനറൽ അനിൽ ചൗഹാൻ. ഭാവിയിലെ യുദ്ധങ്ങൾക്ക് പരമ്പരാഗത പോരാട്ട വൈദഗ്ധ്യത്തേക്കാൾ കൂടുതൽ ആവശ്യങ്ങൾ നേരിടേണ്ടിവരും. യുദ്ധത്തിൽ രണ്ടാം സ്ഥാനക്കാരില്ല. ഏത് സൈന്യവും നിരന്തരം ജാഗ്രത പാലിക്കുകയും മികവ് പുലർത്തുകയും വേണം. സാധാരണ സൈനികർക്കു പുറമെ, ഇൻഫർമേഷൻ, ടെക്‌നോളജി, റിസർച്ച് യോദ്ധാക്കളുടെയും മിശ്രിതമായി സൈന്യം മാറണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Just 50 air-launched weapons pulverised Pak says IAF vice-chief narmdeshwar tiwari
Published: 26 Jul 2025, 10:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented