മുംബൈ: മുംബൈയിലെ ചേരി പ്രദേശമായ ധാരാവിയില്‍ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് ഒരേയൊരാള്‍ക്ക് മാത്രം. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം ദിനപ്രതി വര്‍ധിക്കുന്നതിനിടെയാണിത്. 2.5 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്ത് 6.5 ലക്ഷം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ധാരാവിയില്‍ ഇതുവരെ 2335 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1735 പേര്‍ രോഗമുക്തി നേടി. 352 ആണ് നിലവില്‍ ആക്ടീവ് കേസുകള്‍. 

To advertise here,

മഹാരാഷ്ട്രയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ധാരാവി കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് ആദ്യഘട്ടത്തില്‍ വിലയിരുത്തപ്പെട്ടത്. എന്നാല്‍ കര്‍ശന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കുമാത്രം പുറത്തിറങ്ങുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തതോടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായി. തുടര്‍ച്ചയായ നാല് ദിവസങ്ങളായി വളരെ കുറച്ച് കേസുകള്‍ മാത്രമാണ് ധാരാവിയില്‍ റിപ്പോര്‍ട്ടുചെയ്യപ്പെടുന്നത്. 

മഹാരാഷ്ട്രയില്‍ ഇന്ന് 5134 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 2,17,121 പേര്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു. 224 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 9250 ആയി. മുംബൈ നഗരത്തില്‍ മാത്രം ഇന്ന് 806 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ 86,132 ആയി. 64 പേര്‍കൂടി മരിച്ചതോടെ മുംബൈയിലെ ആകെ മരണം 4999 ആയി.

Content Highlights: One new COVID19 case reported in Dharavi area of Mumbai today