മുംബൈ: ഉദ്ധവ് താക്കറെയോട് പിണക്കമില്ലെന്നും വിമർശിക്കാൻ തയ്യാറല്ലെന്നും എന്നാൽ രാഷ്ട്രീയം വിടാനൊരുങ്ങുകയാണെന്നും ശിവസേന(യുബിടി) എംപി. തന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച് പുനർചിന്തനം നടത്തുകയാണെന്ന് ധാരാശിവ് എം.പി ഓംരാജ് നിംബാൽക്കർ പറഞ്ഞു. തന്റെ പിതാവ് പവൻരാജ് നിംബാൽക്കറുടെ കൊലപാതകക്കേസിലെ പ്രതികളെ മുംബൈ സെഷൻസ് കോടതി വെറുതെ വിട്ട പശ്ചാത്തലത്തിലാണ് കടുത്ത തീരുമാനം. നീതിക്കായി 20 വർഷം നീണ്ട പോരാട്ടം പരാജയപ്പെട്ട സാഹചര്യത്തിൽ രാഷ്ട്രീയത്തിൽ തുടരുന്നതിൽ അർത്ഥമില്ലെന്ന് തനിക്ക് തോന്നുന്നതായി അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

To advertise here,

ശിവസേന (യു.ബി.ടി) നേതൃത്വവുമായി തനിക്ക് പ്രശ്നങ്ങളുണ്ടെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. ഉദ്ധവ് താക്കറെയും ആദിത്യ താക്കറെയും തന്നെ എപ്പോഴും പിന്തുണച്ചിട്ടുണ്ടെന്നും അവരോട് തനിക്ക് യാതൊരു വിരോധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി വിധി വന്ന ശേഷം ഉദ്ധവ് താക്കറെ നേരിട്ട് വിളിച്ചിരുന്നില്ലെങ്കിലും പാർട്ടിയുടെ മറ്റ് ചില പ്രമുഖ നേതാക്കൾ തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. താൻ നേതൃത്വത്തെ വിമർശിച്ചു എന്ന തരത്തിൽ വരുന്നത് വ്യാജ വാർത്തകളാണെന്നും അദ്ദേഹം വ്യക്തമാക്കി.

2006 ജൂൺ 3നാണ് കോൺഗ്രസ് നേതാവായിരുന്ന പവൻരാജ് നിംബാൽക്കറും അദ്ദേഹത്തിന്റെ ഡ്രൈവർ സമദ് കാസിയും കലമ്പോളിയിൽ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്. മുൻ മഹാരാഷ്ട്ര മന്ത്രി പദംസിങ് പാട്ടീൽ ഉൾപ്പെടെ എട്ടുപേരായിരുന്നു ഈ കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. എന്നാൽ, വർഷങ്ങൾ നീണ്ട നിയമനടപടികൾക്ക് ശേഷം തെളിവുകളുടെ അഭാവത്തിൽ എല്ലാ പ്രതികളെയും കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടു. ഈ വിധിക്കുശേഷം താൻ അങ്ങേയറ്റം നിരാശനാണെന്നും നിസ്സഹായാവസ്ഥയിലാണെന്നും ഓംരാജ് നിംബാൽക്കർ പറഞ്ഞു.

തന്റെ പിതാവിന് നീതി ലഭ്യമാക്കുക എന്ന ഏക ലക്ഷ്യത്തോടെയാണ് താൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതെന്ന് ഓംരാജ് പറഞ്ഞു. ഇത്രയും കാലത്തെ പോരാട്ടത്തിന് ശേഷവും ലക്ഷ്യം കാണാൻ കഴിയാത്തതിൽ വലിയ വിഷമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഹങ്കാരപൂർണ്ണമായ രാഷ്ട്രീയ ശക്തിക്കും പണക്കൊഴുപ്പിനും എതിരായ പോരാട്ടമായിരുന്നു ഇതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. നീതിദേവത തങ്ങളെ തുണയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു തങ്ങളെന്നും തന്റെ പിതാവിന്റെയും ഡ്രൈവറുടെയും കുടുംബം ഇപ്പോഴും നീതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കഴിഞ്ഞയാഴ്ച ഡൽഹിയിൽ നടന്ന പാർട്ടിയുടെ പാർലമെന്ററി യോഗത്തിൽ നിന്ന് എംപി വിട്ടുനിന്നത് വലിയ രീതിയിലുള്ള രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു. ഓംരാജ് നിംബാൽക്കർ ഏക്നാഥ് ഷിന്ദേ വിഭാഗത്തിലേക്ക് മാറാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അദ്ദേഹം മുംബൈയിൽ നിന്ന് മണ്ഡലത്തിലേക്ക് തിരിച്ചെത്തിയാൽ വീടിന് മുന്നിൽ പ്രതിഷേധിക്കാനാണ് ഒരു വിഭാഗം പ്രവർത്തകരുടെ തീരുമാനം.