
ന്യൂഡൽഹി: ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. രാഷ്ട്രീയത്തിൽപ്പോലും മാനുഷികതയ്ക്ക് സ്ഥാനമുണ്ടാകണം എന്ന് അദ്ദേഹം പറഞ്ഞു. വാങ്ചുക്കിന്റെ ആരോഗ്യനില വഷളാകുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ അദ്ദേഹത്തോട് അനുകമ്പ കാട്ടണമെന്നും സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളും പരീക്ഷ റദ്ദാക്കിയതും കുട്ടികൾക്ക് വലിയ പ്രയാസമുണ്ടാക്കിയെന്നും, അതിനാൽ വിദ്യാഭ്യാസ മന്ത്രി രാജിവെക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കുകയോ ചെയ്യണം എന്നതാണ് വാങ്ചുക്കിന്റെ പ്രധാന ആവശ്യമെന്ന് ഒമർ അബ്ദുള്ള ചൂണ്ടിക്കാട്ടി. ദിവസങ്ങളായി വാങ്ചുക് നിരാഹാര സമരത്തിലാണ്. നീറ്റ്പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാൻ രാജിവയ്ക്കണമെന്നത് മാത്രമാണ് അദ്ദേഹത്തിന്റെ ആവശ്യമെന്നാണ് ഞാൻ മനസിലാക്കുന്നത്- ഒമർ അബ്ദുള്ള പറഞ്ഞു.
സമരം 19-ാം ദിവസത്തിലേക്ക് കടന്നിട്ടും വാങ്ചുക്കിന്റെ ഭാരം വലിയ തോതിൽ കുറഞ്ഞിട്ടും കേന്ദ്ര സർക്കാർ ഇതുവരെ പ്രതികരിക്കാത്തതിൽ അദ്ദേഹം അത്ഭുതം രേഖപ്പെടുത്തി. യു.പി.എ സർക്കാരിന്റെ കാലത്ത് അണ്ണാ ഹസാരെ ജനലോക്പാൽ ബില്ലിനായി നടത്തിയ സമരത്തോട് അന്നത്തെ മൻമോഹൻ സിംഗ് സർക്കാർ കാണിച്ച താല്പര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. അന്ന് സർക്കാർ മന്ത്രിമാരെ അയച്ച് ചർച്ചകൾ നടത്തിയിരുന്നുവെന്നും എന്നാൽ ഇപ്പോൾ സോനം വാങ്ചുക്കിന്റെ കാര്യത്തിൽ കേന്ദ്രം അചഞ്ചലമായി തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിഷയത്തിൽ ഡൽഹി ഹൈക്കോടതി വാങ്ചുകിന്റെ ആരോഗ്യനില എല്ലാദിവസവും പരിശോധിക്കണമെന്നും ആവശ്യമെന്ന് കണ്ടാൽ ഡോക്ടർമാരോടും സർക്കാരിനോടും ആലോചിച്ച് വൈദ്യസഹായം ഉറപ്പ് വരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. 19 ദിവസമായി തുടരുന്ന നിരാഹാര സമരത്തെ തുടർന്ന് വാങ്ചുകിന്റെ ശരീരഭാരം ഒമ്പത് കിലോയോളം കുറഞ്ഞിട്ടുണ്ട്. രക്തസമ്മർദ്ദവും രക്തത്തിലെ ഷുഗറിന്റെ അളവും ഗണ്യമായി കുറഞ്ഞുവെന്നാണ് അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടർ അറിയിച്ചിരിക്കുന്നത്. നിലവിൽ അദ്ദേഹത്തിന് സുബോധമുണ്ടെന്നും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്നും ഡോക്ടർ അറിയിച്ചു. തുടർച്ചയായി ഭക്ഷണം കഴിക്കാത്തത് മൂലം ആരോഗ്യനില വഷളാകാനുള്ള സാധ്യയുണ്ടെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Content Highlights: Omar Abdullah expresses solidarity with Sonam Wangchuk's 19-day hunger strike., Demands resignation of Education Minister Dharmendra Pradhan over NEET irregularities., Criticizes Central Government for lack of response compared to previous UPA-era protests., Delhi High Court orders daily medical monitoring of Wangchuk's deteriorating health., Wangchuk has lost 9kg with critical drops in blood pressure and sugar levels.
Published: 16 Jul 2026, 05:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented