ഇന്ത്യ ഏകാധിപത്യത്തിലേക്ക് വഴുതി വീണുകൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെയുള്ള ചെറുത്തുനില്‍പ് അഹിംസാത്മകമാകണമെന്നും നോബല്‍ സമ്മാന ജേതാവ് അമര്‍ത്യ സെന്‍. കഴിഞ്ഞ ദിവസം ദ ഗാര്‍ഡിയന്‍ പത്രത്തിലെഴുതിയ ലേഖനത്തിലാണ് ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലേക്ക് അമര്‍ത്യ സെന്‍ വിരല്‍ ചൂണ്ടിയത്. ലോകമെമ്പാടും ഏകാധിപത്യത്തിന്റെ പ്രസരണമുണ്ടായി കൊണ്ടിരിക്കുകയാണെന്നും നിര്‍ഭാഗ്യവശാല്‍ തന്റെ സ്വന്തം രാഷ്ട്രമായ ഇന്ത്യയും ആ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ഭയക്കേണ്ടിയിരിക്കുന്നുവെന്നും സെന്‍ പറയുന്നു.

To advertise here,

ബ്രിട്ടീഷുകാരില്‍നിന്നും സ്വാതന്ത്ര്യം നേടിയ ശേഷം അടിയന്തരവാവസ്ഥയിലാണ് ഇന്ത്യന്‍ ജനാധിപത്യം വലിയ പരീക്ഷണം നേരിടേണ്ടി വന്നതെന്നും എന്നാല്‍, 1977-ലെ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അത് തള്ളിക്കളഞ്ഞെന്നും സെന്‍ ഓര്‍മ്മിപ്പിക്കുന്നു. പക്ഷേ, അടുത്തിടെയായി ഇന്ത്യയില്‍ പൗരാവാകാശങ്ങള്‍ ഭീഷണി നേരിടുകയാണ്. ഹിന്ദുത്വ  മുഖമുദ്രയാക്കിയ ബി.ജെ.പിയുടെ ഭരണത്തിന്‍ കീഴില്‍ പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെ വിചാരണയില്ലാതെ തടവില്‍ വെയ്ക്കുന്ന പ്രവണത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. യു.എ.പി.എ. പ്രകാരം ഭരണകൂടത്തിന് ആരെ വേണമെങ്കിലും ഭീകരരായി മുദ്ര കുത്താനും വിചാരണയില്ലാതെ തടവില്‍ പാര്‍പ്പിക്കാനുമാവും.  നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ഇങ്ങനെ ഇന്ത്യന്‍ ജയിലുകളിലുണ്ട്.

ലോകത്തെവിടെയും ഒരാള്‍ ദേശദ്രോഹിയായി ചിത്രീകരിക്കപ്പെട്ടാല്‍ അത് വലിയൊരു താത്വിക നിരാകരണമാണെന്നും എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ അതിനര്‍ത്ഥം അയാള്‍ ഭരണകൂടത്തിനെതിരെ നിലപാടെടുക്കുന്നുണ്ട് എന്നു മാത്രമായി ചുരുങ്ങിയിരിക്കുകയാണെന്നും സെന്‍ കുറ്റപ്പെടുത്തുന്നു. ദേശവിരുദ്ധം എന്നതും ഭരണകൂട വിരുദ്ധം എന്നതും തമ്മില്‍ കൂട്ടിക്കുഴയ്ക്കപ്പെടുന്ന അവസ്ഥയാണ് ഇന്ത്യയിലിന്നുള്ളത്. ലോകത്ത് മനുഷ്യാവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിന്റെ മുന്‍നിരയിലുള്ള സന്നദ്ധ സേവന സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനലിന് ഇന്ത്യ വിട്ടുപോകേണ്ടി വന്നിരിക്കുന്നു.

പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് നേര്‍ക്കുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുമെന്നത് ഏകാധിപത്യത്തിന്റെ കൂടപ്പിറപ്പാണ്. ഇന്ത്യയില്‍ ദളിതര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഭരണകൂടം അവഗണിക്കുകയാണ്. പൗരത്വ അവകാശങ്ങള്‍ ഇന്ത്യന്‍ ഭരണകൂടം ലംഘിക്കുകയാണെന്നും ലേഖനത്തില്‍ സെന്‍ കുറ്റപ്പെടുത്തുന്നു. മുസ്ലിങ്ങളെ വിദേശികളായി ചിത്രീകരിക്കുകയും അവര്‍ ദേശദ്രോഹികളാണെന്ന് ആക്ഷേപിക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിക്കുകയാണ്. 

വാസ്തവത്തില്‍ ഇന്ത്യയുടെ ചരിത്രം മതസൗഹാര്‍ദ്ദത്തിന്‍േത്രാണെന്ന് സെന്‍ ചൂണ്ടിക്കാട്ടുന്നു. ഹിന്ദു മതത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങളെന്ന് വിശേഷിക്കപ്പെടുന്ന ഉപനിഷത്തുകള്‍ മൊഴിമാറ്റം ചെയ്യുന്നതിനും അവ ഇന്ത്യയ്ക്ക് വെളിയില്‍ പ്രചരിപ്പിക്കുന്നതിനും മുന്‍കയ്യെടുത്തത് ഷാജഹാന്‍ ചക്രവര്‍ത്തിയുടെ മൂത്ത മകനായ ദാര ഷിക്കൊ ആയിരുന്നു.

ഏകാധിപത്യത്തിനെതിരെയുള്ള ചെറുത്തുനില്‍പിന് അഹിംസയുടെ മാര്‍ഗ്ഗം പോലെ ശക്തമായി മറ്റൊന്നില്ലെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് സെന്‍ ലേഖനം അവസാനിപ്പിക്കുന്നത്. യു.എ.പി.എ. പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ജെ.എന്‍.യു. സര്‍വ്വകലാശാലയിലെ ഗവേഷകന്‍ ഉമര്‍ ഖാലിദിനെ സെന്‍ ലേഖനത്തില്‍ ഉദ്ധരിക്കുന്നു: ''അവര്‍ നമ്മളെ ലാത്തികൊണ്ട് അടിച്ചാല്‍ നമ്മള്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിപ്പിടിക്കും. അവര്‍ വെടിവെച്ചാല്‍ നമ്മള്‍ നമ്മുടെ കൈകളില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കും.''  

ഇന്ത്യയിലെ ചെറുപ്പക്കാരായ വിദ്യാര്‍ത്ഥി നേതാക്കള്‍ അഹിംസയുടെ വഴിയിലൂന്നി നിന്നുകൊണ്ടായിരിക്കണം ഏകാധിപത്യ ഭരണകൂടത്തെ ചെറുക്കേണ്ടതെന്നും മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിനെപ്പോലുള്ളവരുടെ വാക്കുകള്‍ ഇതിന് പ്രചോദനമാകണമെന്നും സെന്‍ പറയുന്നു.

Content Highlights: Non-violent protest is the most powerful resistance in India, says Amartya Sen