ന്യൂഡല്‍ഹി: കർഷക പ്രക്ഷോഭത്തിനിടെ മരണപ്പെട്ട കര്‍ഷകര്‍ക്ക് ധനസഹായം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കര്‍ഷകനിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ ഒരു വര്‍ഷമായി നടന്ന പ്രതിഷേധത്തിനിടെ കര്‍ഷകര്‍ ആരും മരിച്ചതായി അറിയില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. ഇത്തരം മരണങ്ങള്‍ സംബന്ധിച്ച രേഖകളൊന്നും സർക്കാരിന്‍റെ പക്കലില്ലെന്നും അതുകൊണ്ടുതന്നെ കര്‍ഷകരുടെ കുടുംബത്തിന് ധനസഹായം നല്‍കുന്ന വിഷയം നിലനില്‍ക്കുന്നില്ലെന്നും കൃഷിമന്ത്രി നരേന്ദ്ര തോമര്‍ ബുധനാഴ്ച പാര്‍ലമെന്റില്‍ പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി നവംബര്‍ 19-ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. അതിന്റെ ചുവടുപിടിച്ചുള്ള നടപടികളും സര്‍ക്കാര്‍ പിന്നീട് പൂര്‍ത്തിയാക്കി. എന്നാല്‍ ഒരു വര്‍ഷം നീണ്ടുനിന്ന കര്‍ഷക പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നായിരുന്നു കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്ന്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിനാണ് ഇപ്പോള്‍ കൃഷിമന്ത്രി രേഖാമൂലം മറുപടി നല്‍കിയത്. 

പ്രക്ഷോഭത്തിനിടെ കര്‍ഷകര്‍ മരിച്ചതായുള്ള റിപ്പോര്‍ട്ടുകളില്ലെന്നും അതിനാല്‍ അവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാനാകില്ലെന്നുമാണ് കൃഷിമന്ത്രി സഭയെ അറിയിച്ചത്. രേഖാമൂലം എഴുതി നല്‍കിയ മറുപടിയായതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വ്യക്തമാണ്. 

കര്‍ഷകരും കര്‍ഷകസംഘടനകളും ഇത് സര്‍ക്കാരിനെതിരേ ആയുധമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സമരം അവസാനിപ്പിക്കണമെങ്കില്‍ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നതു കൂടാതെ പ്രക്ഷോഭത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നു. 719 കര്‍ഷകര്‍ പ്രക്ഷോഭത്തിനിടെ മരിച്ചെന്നാണ് സംഘടനകളുടെ വാദം.

Content Highlight: no data showing death of farmers and no aid says central government