ന്യൂഡല്‍ഹി: ചാണകം പ്രധാന ചേരുവയാക്കി ഖാദി വകുപ്പ് വികസിപ്പിച്ച പെയിന്റ് ഇന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പുറത്തിറക്കും.

'ഖാദി പ്രകൃതിക് പെയിന്റ്' എന്നാണ് ഈ പെയിന്റിന്റെ പേര്. പൂപ്പലിനെയും ബാക്ടീരിയയെയും പ്രതിരോധിക്കുന്നതും മണമില്ലാത്തതുമാണ് ഖാദി പ്രകൃതിക് പെയിന്റെന്നും ബി.ഐ.എസ്. അഗീകാരം ലഭിച്ചിട്ടുണ്ടെന്നും ഗഡ്കരിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. മറ്റ് പെയിന്റുകളെക്കാള്‍ ചാണകത്തില്‍ നിന്നുള്ള പെയിന്റിന് വിലക്കുറവുമുണ്ടാകും. 

2020 മാര്‍ച്ചിലാണ് ഇത്തരമൊരു പദ്ധതി കെ.വി.ഐ.സി. മുന്നോട്ടുവെച്ചത്. പിന്നീട് ജയ്പുരിലെ കെ.വി.ഐ.സി. യൂണിറ്റായ കുമരപ്പ നാഷണല്‍ ഹാന്‍ഡ്മേഡ് പേപ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഖാദി പ്രകൃതിക് പെയിന്റ് വികസിപ്പിക്കുകയായിരുന്നു. ഡിസ്റ്റംപര്‍ പെയിന്റ്, പ്ലാസ്റ്റിക് എമല്‍ഷന്‍ പെയിന്റ് എന്നിങ്ങനെ രണ്ടുവിധത്തില്‍ ഖാദി പ്രകൃതിക് പെയിന്റ് ലഭ്യമാണ്. 

ലെഡ്, മെര്‍ക്കുറി, ക്രോമിയം, ആഴ്സെനിക്, കാഡ്മിയം തുടങ്ങിയ ഘനലോഹങ്ങളുടെ സാന്നിധ്യം ഖാദി പ്രകൃതിക് പെയിന്റില്‍ ഇല്ലെന്ന് കെ.വി.ഐ.സി. പറഞ്ഞു.

പശു വളര്‍ത്തുന്നവര്‍ക്കും ഗോശാല ഉടമകള്‍ക്കും ഇതുവഴി 30,000 രൂപ അധിക വാര്‍ഷിക വരുമാനമുണ്ടാകുമെന്നും പ്രസ്താവനയില്‍ പറഞ്ഞു

content highlights: nitin gadkari to launch cowdung based paint