ന്യൂഡൽഹി: യുഎസിൽനിന്നുള്ള സമ്മർദം കാരണം യു.പി.ഐ. ഇടപാടുകൾക്ക് ഫീസ് ഈടാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നാരോപിച്ച് സി.പി.എം. അംഗം ജോൺ ബ്രിട്ടാസ്. എന്നാൽ, കമ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണെന്ന പരിഹാസവുമായി ധനമന്ത്രി നിർമലാ സീതാരാമൻ ബ്രിട്ടാസിനെ കടന്നാക്രമിച്ചു.

To advertise here,

സാധാരണക്കാരെ വഞ്ചിച്ച് യു.പി.ഐ. ഇടപാടുകൾക്കുമേൽ പരോക്ഷ നികുതി ഏർപ്പെടുത്താനാണ് കേന്ദ്രനീക്കമെന്നും രാജ്യത്തെ തുലയ്ക്കാൻ വേണ്ടിയാണ് ആദായനികുതിഭേദഗതി ബിൽ (തോല) കൊണ്ടുവന്നതെന്നും ബ്രിട്ടാസ് കുറ്റപ്പെടുത്തി.

തന്റെ മറുപടി കേൾക്കുന്നതിനുമുൻപ്‌ ബ്രിട്ടാസ് സഭയിൽ നിന്നിറങ്ങിപ്പോയതായി മന്ത്രി പറഞ്ഞു. ‘‘ഒരു വരി കേൾക്കണമെങ്കിൽ ജോൺ ബ്രിട്ടാസിന് ഇവിടെ തുടരാം. യു.പി.ഐ. ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുകയാണെന്ന് മുറവിളി കൂട്ടി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് അദ്ദേഹം. സാധാരണ കമ്യൂണിസ്റ്റ് ശൈലി, എല്ലാവരെയും ‘വസ്തുതകളൊന്നുമില്ല എന്ന് പറഞ്ഞ് കുറ്റപ്പെടുത്തുക, വസ്തുതകളെ വളച്ചൊടിക്കുക, എനിക്ക് സംസാരിക്കണം’ എന്ന് ആവശ്യപ്പെടുക തുടങ്ങിയവയൊക്കെയാണ്. യഥാർഥത്തിൽ അവർക്ക് മറുപടി കേൾക്കാൻ ധൈര്യമില്ല, ഭീരുക്കൾ! ഈ രാജ്യത്തെ കമ്യൂണിസ്റ്റുകൾ തികഞ്ഞ ഭീരുക്കളാണ്; അംഗം (ജോൺ ബ്രിട്ടാസ്) അത് തെളിയിച്ചിട്ടുണ്ട്.’’-നിർമല പറഞ്ഞു.

യു.പി.ഐ. ഇടപാടുകൾസൗജന്യമായി തുടരും -ധനമന്ത്രി

ന്യൂഡൽഹി: യു.പി.ഐ. ഇടപാടുകൾ ഉപഭോക്താക്കൾക്ക് സൗജന്യമായി തുടരുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. റോഡരികിലെ കച്ചവടക്കാരുടെ ചെറിയ ഇടപാടുകളടക്കം ബഹുഭൂരിപക്ഷം വ്യാപാരി ഇടപാടുകളും സൗജന്യമായിരിക്കും. ഭാവിയിലെ വ്യാപാരി നിരക്കുകൾ ചില വിഭാഗങ്ങൾക്കുമാത്രമേ ബാധകമാവൂ എന്നും മന്ത്രി വ്യക്തമാക്കി.

മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ.) ചട്ടക്കൂട് ഇതുവരെ അന്തിമമാക്കിയിട്ടില്ല. ഉപഭോക്താക്കൾ യു.പി.ഐ. ചാർജ് നൽകേണ്ട. ഓരോ ഇന്ത്യക്കാരനും ഇടപാട് ചാർജ് നൽകാതെ തത്‌ക്ഷണ ഡിജിറ്റൽ പെയ്‍മന്റുകൾ നടത്തുന്നത് തുടരാം - നികുതിയും മറ്റു നിയമങ്ങളും ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയ്ക്ക് രാജ്യസഭയിൽ മറുപടി പറയവേ മന്ത്രി വ്യക്തമാക്കി

മുൻധനമന്ത്രി പി. ചിദംബരത്തെ നിർമല കളിയാക്കി. യു.പി.ഐ. അവതരിപ്പിച്ചപ്പോൾ മുൻ ധനമന്ത്രിയും സഖ്യകക്ഷികളും അതിനെ കളിയാക്കി. രാജ്യത്തിന്റെ കഴിവിനെ ചോദ്യം ചെയ്തു. ഇന്ന്, 11 രാജ്യങ്ങളിൽ യു.പി.ഐ. ലഭ്യമാണെന്നും നിർമലാ സീതാരാമൻ പറഞ്ഞു.