ന്യൂഡല്‍ഹി: യെമെന്‍ പൗരന്റെ കൊലപാതകത്തില്‍ വധശിക്ഷ വിധിക്കപ്പെട്ട് സനായിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകളില്‍ പങ്കാളിയാകുന്നു എന്നവകാശപ്പെടുന്ന കെ.എ. പോളിനെതിരേ വിദേശകാര്യ മന്ത്രാലയം. ഇയാൾ മോചനത്തിന്‍റെ പേരില്‍ പണപ്പിരിവ് നടത്തുന്നതിനെതിരേ വിദേശകാര്യമന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് വിഭാഗം മുന്നറിയിപ്പ് നല്‍കി.

To advertise here,

നിമിഷ പ്രിയ കേസില്‍ ഇന്ത്യ ഗവണ്‍മെന്റ് നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് സാമ്പത്തിക സംഭാവനകള്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതൊരു വ്യാജ അവകാശവാദമാണെന്നും ഫാക്ട് ചെക്ക് വിഭാഗത്തിന്റെ എക്‌സ് പോസ്റ്റില്‍ പറയുന്നു. നിമിഷപ്രിയയുടെ മോചനത്തിനായി സംഭാവന ആവശ്യപ്പെട്ടുകൊണ്ട് കെ.എ. പോള്‍ പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് എക്‌സ് പോസ്റ്റ്.

യമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടുന്നതായി അവകാശപ്പെട്ടുകൊണ്ട് സുവിശേഷകനും ഗ്ലോബല്‍പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ ഡോ. കെ.എ. പോള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനായി സാമൂഹ്യമാധ്യമങ്ങളിലൂടെ സാമ്പത്തിക സഹായം നല്‍കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിനിടെ, നിമിഷയുടെ വധശിക്ഷ റദ്ദാക്കിയെന്ന് അവകാശപ്പെട്ട് കെ.എ പോള്‍ വീഡിയോയും പങ്കുവെച്ചിരുന്നു. നിമിഷയെ സുരക്ഷിതയായി തിരിച്ചെത്തിക്കാന്‍ യെമെനിലേക്ക് സര്‍ക്കാരിന്റെ പ്രതിനിധികളെ അയക്കാന്‍ പ്രധാനമന്ത്രി തയ്യാറെടുക്കുകയാണെന്നും അതിന് നന്ദിപറയുന്നുവെന്നും പോള്‍ അറിയിച്ചിരുന്നു. എന്നാല്‍, വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല.