
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഡല്‍ഹിയിലെ ബാബ ഖരക് സിങ് മാര്‍ഗില്‍ 184 എംപിമാര്‍ക്കായി നിര്‍മിച്ച പുതിയ ഭവന സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുകയുണ്ടായി.
നിലവിലുള്ള വിശാലമായ ബംഗ്ലാവുകള്‍ക്കും പച്ചപ്പ് നിറഞ്ഞ പുല്‍ത്തകിടികള്‍ക്കും പകരമായി 184 എംപിമാര്‍ക്കുള്ള പുതിയ താമസസൗകര്യം ഫ്‌ളാറ്റുകളുടെ രൂപത്തിലായിരിക്കും. ഇത് അവരുടെ 'ജീവിത സൗകര്യം' മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി.
ലുട്ട്യന്‍സ് ഡല്‍ഹിയിലെ പഴയ ബംഗ്ലാവുകള്‍ക്ക് പകരമായിട്ടാണ് സെന്‍ട്രല്‍ ഡല്‍ഹിയില്‍ ആധുനികവും ബഹുനില അപ്പാര്‍ട്ടുമെന്റുകളുമുള്ള പദ്ധതി. നാല് ടവറുകളിലായിട്ടാണ് ഈ ഫ്‌ളാറ്റുകള്‍. ഓരോ ഫ്‌ളാറ്റ് സമുച്ചയത്തിനും 23 നിലകളുണ്ട്. കൂടാതെ എല്ലാ എംപിമാര്‍ക്കും ഉപയോഗിക്കാവുന്ന അനുബന്ധ സൗകര്യങ്ങളടങ്ങിയ മറ്റൊരു ടവറും ഉണ്ട്.
ഓരോ ഫ്‌ളാറ്റും ഏകദേശം 461.5 ചതുരശ്ര മീറ്റര്‍ (ഏകദേശം 5,000 ചതുരശ്ര അടി) വിസ്തൃതിയുള്ളതാണ്.
അറ്റാച്ച്ഡ് ബാത്ത്‌റൂമും ഡ്രസ്സിങ് ഏരിയയും ഉള്‍പ്പെടുന്ന അഞ്ച് കിടപ്പുമുറികളാണ് ഓരോ ഫ്‌ളാറ്റിലുമുള്ളത്. മോഡുലാര്‍ വാര്‍ഡ്രോബുകളും ഇതിലുണ്ട്. കൂടാതെ ഒരു ഡ്രോയിംഗ് ആന്‍ഡ് ഡൈനിംഗ് റൂം, ഒരു ഫാമിലി ലോഞ്ച്, ഓരോ മുറിക്കും ഓഫീസിനും ബാല്‍ക്കണികള്‍ എന്നിവയും ഫ്‌ളാറ്റില്‍ ഉള്‍പ്പെടുന്നു. പ്രത്യേക പൂജാമുറിയും ഫ്‌ളാറ്റിലുണ്ട്.
ഓരോ അപ്പാര്‍ട്ട്‌മെന്റിലും എംപിമാര്‍ക്കും അവരുടെ അസിസ്റ്റന്റിനും ഓഫീസുകളുണ്ട്. രണ്ട് ഓഫീസുകളും ബാത്ത്‌റൂം അറ്റാച്ച്ഡാണ്. അടുക്കളകളും അറ്റാച്ച്ഡ് ബാത്ത്‌റൂമുകളുമുള്ള രണ്ട് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകളും ഇതിന്റെ ഭാഗമാണ്.
ജീവനക്കാര്‍ക്കും, എംപിമാര്‍ക്കും, അവരുടെ സഹായികള്‍ക്കും പ്രത്യേക പ്രവേശന കവാടങ്ങളുണ്ട്.
ഡബിള്‍-ഗ്ലേസ്ഡ് യുപിവിസി ജനലുകള്‍, ഓഫീസിലും മാസ്റ്റര്‍ ബെഡ്റൂമിലും വുഡന്‍ ഫ്‌ളോറിംഗ്, മറ്റിടങ്ങളില്‍ വിട്രിഫൈഡ് ഫ്‌ളോറിംഗ്, സെന്‍ട്രല്‍ എയര്‍ കണ്ടീഷനിംഗ് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയാണ് ഈ അപ്പാര്‍ട്ട്‌മെന്റുകള്‍ വരുന്നത്.
വീഡിയോ ഡോര്‍ ഫോണുകള്‍, വൈഫൈ, കേന്ദ്രീകൃത കേബിള്‍ ടിവി, ഇപിഎബിഎക്‌സ് ടെലിഫോണുകള്‍, പൈപ്പ് ലൈന്‍ വഴിയുള്ള പ്രകൃതിവാതകം, കുടിവെള്ള സംവിധാനങ്ങള്‍, റഫ്രിജറേറ്ററുകള്‍ തുടങ്ങിയ സൗകര്യങ്ങളും ഫ്‌ളാറ്റിലുണ്ട്.
കടകള്‍, ഒരു സര്‍വീസ് സെന്റര്‍, ഡിസ്‌പെന്‍സറി, കമ്മ്യൂണിറ്റി ഹാള്‍, കാന്റീന്‍, ക്ലബ്ബ്, ജിം, യോഗ മുറികള്‍, അതിഥികള്‍ക്കുള്ള താമസസൗകര്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ആറ് നിലകളുള്ള ഒരു പ്രത്യേക ബ്ലോക്കും ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്കൊപ്പം എംപിമാര്‍ക്കായുണ്ട്. 612 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യവും ഇവിടെ ലഭ്യമാണ്.
400 കിലോവാട്ട് പീക്ക് ശേഷിയുള്ള റൂഫ്ടോപ്പ് സോളാര്‍ പാനലുകള്‍, മഴവെള്ള സംഭരണം, മലിനജല സംസ്‌കരണ-ജല പുനരുപയോഗ പദ്ധതി, തുടങ്ങിയ ഹരിതവും സാങ്കേതികവുമായ നൂതനാശയങ്ങള്‍ ഈ സമുച്ചയത്തില്‍ സമന്വയിപ്പിച്ചിരിക്കുന്നു.
സിസിടിവി ക്യാമറകളും മറ്റു സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്. മനോഹരമായി സജ്ജീകരിച്ച പുല്‍ത്തകിടികള്‍, ലൈറ്റുകളോടുകൂടിയ കോണ്‍ക്രീറ്റ് റോഡുകളും നടപ്പാതകളും, പൊതു ശൗചാലയങ്ങള്‍, ഒരു എടിഎം കൗണ്ടര്‍ തുടങ്ങിയവും സമുച്ചയത്തിന്റെ ഭാഗമാണ്.
പാര്‍ലമെന്റ്, രാഷ്ട്രപതി ഭവന്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലേക്ക് മിനിറ്റുകളുടെ ദൂരം മാത്രമേ ഈ സമുച്ചയത്തില്‍നിന്നുള്ള എന്നതും ശ്രദ്ധേയമാണ്. പാര്‍ലമെന്റ് സ്ട്രീറ്റിനെയും കൊണാട്ട് പ്ലേസിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ബാബാ ഖരക് സിങ് മാര്‍ഗിലാണ് ഇത്.
എംപിമാരുടെ ഫ്‌ളാറ്റുകള്‍ അടങ്ങിയ റെസിഡന്‍ഷ്യല്‍ ടവറുകള്‍ക്ക് നദികളുടെ പേരാണ് നല്‍കിയിരിക്കുന്നത്. പത്രസമ്മേളന മുറികള്‍, എംപിമാരുടെ യോഗങ്ങള്‍ക്കുള്ള ഇടങ്ങളും അടങ്ങിയതാണ് അഞ്ചാമത്തെ ടവര്‍.
നിശ്ചയിച്ച സമയത്തേക്കാള്‍ നേരത്തെ ഒന്‍പത് മാസം കൊണ്ടാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. തുടക്കത്തില്‍ 550 കോടി രൂപ ചെലവ് കണക്കാക്കിയിരുന്നെങ്കിലും, പിന്നീട് ഇത് 680 കോടി രൂപയായി ഉയര്‍ന്നു. നേരത്തെ ഇവിടെ 16 ടവറുകളിലായി 243 ഫ്‌ളാറ്റുകളുണ്ടായിരുന്നു. ഇത് പൊളിച്ചുമാറ്റിയാണ് പുതിയ സമുച്ചയങ്ങള്‍ നിര്‍മിച്ചത്.
എംപിമാര്‍, അവരുടെ കുടുംബങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ ഏകദേശം 2,468 താമസക്കാരെ പുതിയ സമുച്ചയത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെന്‍ട്രല്‍ പബ്ലിക് വര്‍ക്ക്‌സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (CPWD) ഒരു പ്രത്യേക സംഘം 24 മണിക്കൂറും അറ്റകുറ്റപ്പണികള്‍ക്കും പരിപാലന സേവനങ്ങള്‍ക്കുമായി ഇവിടെ ഉണ്ടാകും.
ഉദ്ഘാടന വേളയില്‍, ഫ്‌ളാറ്റുകള്‍ അനുവദിച്ച എംപിമാര്‍ക്ക് പ്രധാനമന്ത്രി മോദി താക്കോലുകള്‍ കൈമാറി.
Content Highlights: 184 MPs get new, modern flats in Central Delhi. The complex boasts amenities like gyms
Published: 12 Aug 2025, 05:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented