ന്യൂഡല്‍ഹി: ജി.എസ്.ടി (ചരക്കു-സേവന നികുതി) പരിഷ്‌കരണത്തിന് അംഗീകാരം നല്‍കി ജിഎസ്ടി കൗണ്‍സില്‍. 12%, 28% ജിഎസ്ടി സ്ലാബുകള്‍ ഒഴിവാക്കി. ഇനി മുതല്‍ 5%, 18% എന്നീ രണ്ട് സ്ലാബുകളാണ് ഉണ്ടാവുക. ഇതിനൊപ്പം ലക്ഷ്വറി ഉത്പ്പന്നങ്ങള്‍ക്ക് 40% ആയിരിക്കും ജിഎസ്ടി. പുതുക്കിയ ജിഎസ്ടി നിരക്കുകള്‍ സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും. 

To advertise here,

പുതിയ ജിഎസ്ടി നിരക്ക് വരുന്നതോടെ മിക്ക നിത്യോപയോഗ സാധനങ്ങള്‍ക്കും വില കുറയും. പാല്‍, പനീര്‍, ചപ്പാത്തി, റൊട്ടി തുടങ്ങിയവയ്ക്ക് ജിഎസ്ടി ഉണ്ടായിരിക്കില്ല. സോപ്പുകള്‍, ഷാമ്പു, ടൂത്ത് പേസ്റ്റ്, ഹെയര്‍ ഓയില്‍, സൈക്കിള്‍, വീട്ടാവശ്യ സാധനങ്ങള്‍, പാസ്ത, ന്യൂഡില്‍സ്, നെയ്യ്, വെണ്ണ, കോഫി, ചോക്ലേറ്റ് എന്നിവയ്ക്ക് 5 ശതമാനമായിരിക്കും ജിഎസ്ടി. വ്യക്തിഗത ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സുകളേയും ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കി. നേരത്തെ ഇവയുടെ ജിഎസ്ടി 18 ശതമാനമായിരുന്നു. 33 ജീവന്‍രക്ഷാമരുന്നുകളേയും ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കി. 

എ.സി. 32 ഇഞ്ചിന് മുകളിലുള്ള ടിവി എന്നിവയ്ക്ക്‌ 18 ശതമാനമായിരിക്കും ഇനി ജിഎസ്ടി. 1200 സിസിക്ക് താഴെയുള്ള കാറുകള്‍ക്കും വില കുറയും. 18 ശതമാനമാണ് ജിഎസ്ടി. 350 സിസിക്ക് താഴെയുള്ള ബൈക്കുകള്‍ക്കും ജിഎസ്ടി 18 ശതമാനമായി കുറയും. ഗുഡ്ക, പാന്‍മസാല, സിഗരറ്റ്, ബീഡി എന്നിവയ്ക്ക് വില കൂടും. പുകയിലയ്ക്കും പുകയില ഉത്പന്നങ്ങള്‍ക്കും 40 ശതമാനമായിരിക്കും ജിഎസ്ടി. സിമന്റ്, ഗ്രാനൈറ്റ്, മാര്‍ബിള്‍ എന്നിവയുടെ നികുതി 28 ശതമാനത്തില്‍നിന്ന് 18 ശതമാനമാക്കി. 

രാജ്യത്തെ സാധാരണക്കാര്‍ക്ക് വേണ്ടിയാണ് ജിഎസ്ടി നിരക്കിലെ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതെന്ന് കൗണ്‍സില്‍ യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. നിലവില്‍ 12, 28 നികുതി സ്ലാബിലുള്ള 90 ശതമാനം വസ്തുക്കളും യഥാക്രമം 5, 18 സ്ലാബിലേക്ക് വരുമെന്നും മന്ത്രി അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലേയും ധനമന്ത്രിമാര്‍ക്ക് നിര്‍മല നന്ദി പറയുകയും ചെയ്തു.