മുംബൈ: ഉത്സവകാല വില്‍പ്പനയ്‌ക്കൊപ്പം ചരക്ക്- സേവന നികുതി പരിഷ്‌കരണം കൂടിയെത്തിയതോടെ രാജ്യത്തെ കാര്‍ നിര്‍മാണ കമ്പനികള്‍ക്ക് തിരക്കേറിയ മാസമായിരുന്നു കടന്നുപോയത്. ഒക്ടോബറില്‍ രാജ്യത്തെ വാഹന വില്‍പ്പനയില്‍ വന്‍ കുതിപ്പാണ് പ്രകടമായത്. ഡീലര്‍ഷിപ്പിലേക്കുള്ള വാഹനവില്‍പ്പനയില്‍ മാരുതി സുസുകിക്കടക്കം മിക്ക കമ്പനികള്‍ക്കും ഒരുമാസത്തെ ഉയര്‍ന്ന വില്‍പ്പനയാണ് ഒക്ടോബറില്‍ ലഭിച്ചിരിക്കുന്നത്. ചരക്ക്-സേവന നികുതി കുറഞ്ഞതിന്റെ ആനുകൂല്യത്തിനൊപ്പം കമ്പനികള്‍ സ്വന്തം നിലയിലും വിലകുറച്ചതാണ് വിപണിയെ ചലനാത്മകമാക്കിയത്.

To advertise here,

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ആഭ്യന്തര വിപണിയില്‍ 1,76,318 കാറുകള്‍ വിറ്റഴിച്ചു. മുന്‍വര്‍ഷത്തെ 1,59,591 എണ്ണത്തെക്കാള്‍ 10.48 ശതമാനമാണ് വര്‍ധന. ടൊയോട്ടയ്ക്ക് 8915 വാഹനങ്ങളും കമ്പനി നിര്‍മിച്ചുനല്‍കി. കൂടാതെ 31,304 എണ്ണം കയറ്റുമതി ചെയ്തു. 4,357 ചെറു വാണിജ്യ വാഹനങ്ങളും കമ്പനി വിറ്റഴിച്ചു. ഇതടക്കം ആകെ 2,20,894 വാഹനങ്ങളാണ് മാരുതി സുസുകി പുറത്തിറക്കിയത്. കമ്പനിയുടെ ചരിത്രത്തില്‍ ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിത്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര യൂട്ടിലിറ്റി വിഭാഗത്തില്‍ 71,624 യാത്രാ വാഹനങ്ങളാണ് നിരത്തിലെത്തിച്ചത്. മുന്‍വര്‍ഷത്തെ 54,504 എണ്ണത്തെ അപേക്ഷിച്ച് 31 ശതമാനം വര്‍ധന. അതേസമയം, ചെറു വാണിജ്യ വാഹനങ്ങളും ഓട്ടോറിക്ഷയും കയറ്റുമതിയും എല്ലാം ചേര്‍ന്ന് 73,890 വാഹനങ്ങളും നിരത്തിലെത്തിച്ചു. ഇതുള്‍പ്പെടെ ആകെ വില്‍പ്പന 1,20,142 യൂണിറ്റായതായും കമ്പനി അറിയിച്ചു.

ഹ്യുണ്ടായ് മോട്ടോര്‍ 69,894 കാറുകളാണ് കഴിഞ്ഞ മാസം പുറത്തിറക്കിയത്. ഇതില്‍ 53,792 എണ്ണം ആഭ്യന്തര വിപണിയില്‍ നല്‍കി. 16,102 വാഹനങ്ങള്‍ കയറ്റിയയച്ചു. കഴിഞ്ഞവര്‍ഷം ഒക്ടോബറിലെ 53,792 എണ്ണത്തെക്കാള്‍ നാലു ശതമാനമാണ് വില്‍പ്പന വളര്‍ച്ച. സെപ്റ്റംബറില്‍ 51,547 വാഹനങ്ങള്‍ വിറ്റഴിക്കാന്‍ കമ്പനിക്കായിരുന്നു.

ടാറ്റ മോട്ടോഴ്‌സ് 61,295 വാഹനങ്ങളാണ് ഒക്ടോബറില്‍ പുറത്തിറക്കിയത്. 2024 ഒക്ടോബറിലെ 48,423 എണ്ണത്തെ അപേക്ഷിച്ച് 26.6 ശതമാനമാണ് വളര്‍ച്ച. കമ്പനിയുടെ എസ് യുവികള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരെത്തിയത്. 47,000 എസ് യുവികളാണ് കമ്പനി വിറ്റഴിച്ചത്. 77 ശതമാനമാണ് ഈ വിഭാഗത്തിലെ വര്‍ധന. 73.4 ശതമാനം വളര്‍ച്ചയോടെ 9,286 വൈദ്യുതവാഹനങ്ങളും കമ്പനി വിറ്റഴിച്ചു. കൂടാതെ 37,530 വാണിജ്യവാഹനങ്ങളും കമ്പനി നിരത്തിലിറക്കി. ടൊയോട്ട 42,892 വാഹനങ്ങള്‍ നിരത്തിലെത്തിച്ചു. മുന്‍വര്‍ഷത്തെ 30,845 എണ്ണത്തെക്കാള്‍ 39 ശതമാനമാണ് വര്‍ധന. 2,635 കാറുകള്‍ കയറ്റി അയച്ചു. കിയ 29,556 വാഹനങ്ങളാണ് ഒക്ടോബറില്‍ വിറ്റത്. മുന്‍വര്‍ഷത്തെ 22,735 എണ്ണത്തെക്കാള്‍ 30 ശതമാനമാണ് വര്‍ധന. ഇന്ത്യയില്‍ കമ്പനിയുടെ ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിത്.