മുംബൈ: ഉത്സവകാല വിൽപ്പനയ്ക്കു തിരശ്ശീല വീണെങ്കിലും ജിഎസ്ടി പരിഷ്കരണത്തിൽ മുന്നേറ്റം തുടർന്ന് രാജ്യത്തെ വാഹനവിപണി. നവംബറിൽ കാറുകളുടെ റീട്ടെയിൽ വിൽപ്പനയിൽ 19.7 ശതമാനം മുന്നേറ്റമുണ്ടായതായി വാഹന ഡീലർഷിപ്പുകളുടെ കൂട്ടായ്മയായ ഫാഡ വ്യക്തമാക്കി.

To advertise here,

ജിഎസ്ടി ഇളവും വിവാഹ സീസൺ തുടങ്ങിയതും ജനപ്രിയമോഡലുകൾക്ക് ലഭ്യത ഉയർന്നതും വിപണിക്കു നേട്ടമായതായി ഫാഡ പ്രസിഡന്റ് സി.എസ്. വിഘ്നേശ്വരൻ പറഞ്ഞു. ഡീലർഷിപ്പുകളിലുള്ള വാഹനങ്ങളുടെ സ്റ്റോക്ക് 53 മുതൽ 55 ദിവസമായിരുന്നത് 44 മുതൽ 46 ദിവസംവരെയായി കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.

നവംബറിൽ 3,94,152 കാറുകളാണ് രാജ്യത്താകെ വിറ്റഴിഞ്ഞത്. 2024 നവംബറിലിത് 3,29,253 എണ്ണമായിരുന്നു. അതേസമയം, ഒക്ടോബറിലെ 5.54 ലക്ഷത്തെക്കാൾ നവംബറിൽ 28.88 ശതമാനം വിൽപ്പന കുറഞ്ഞു. നവംബറിൽ ഇരുചക്രവാഹനവിൽപ്പന 3.1 ശതമാനവും നിർമാണമേഖലയുമായി ബന്ധപ്പെട്ട വാഹനങ്ങളുടെ വിൽപ്പനയിൽ 16.5 ശതമാനവും കുറവുണ്ടായി.

എന്നാൽ, വാണിജ്യ വാഹനങ്ങളുടെ വിൽപ്പന 19.94 ശതമാനം, മുച്ചക്രവാഹനങ്ങൾ 23.67 ശതമാനം, ട്രാക്ടർ 56.55 ശതമാനം എന്നിങ്ങനെ വിൽപ്പനവളർച്ച സ്വന്തമാക്കി. നവംബറിൽ 25.46 ലക്ഷം ഇരുചക്രവാഹനങ്ങൾ നിരത്തിലെത്തി. മുച്ചക്രവാഹനങ്ങൾ 1.34 ലക്ഷമാണ്. ട്രാക്ടർ വിൽപ്പന ഒക്ടോബറിലെ 73,577 എണ്ണത്തിൽനിന്ന് 1,26,033 ആയി കൂടി.

മൊത്തം വാഹനവിൽപ്പനയിൽ നവംബറിൽ 2.14 ശതമാനമാണ് വർധന. ആകെ 33 ലക്ഷം വാഹനങ്ങൾ നവംബറിൽ നിരത്തുകളിലെത്തി. ഒക്ടോബറിലിത് 40.24 ലക്ഷവും 2024 നവംബറിൽ 32.31 ലക്ഷവുമായിരുന്നു. ഒക്ടോബറിനെ അപേക്ഷിച്ച് നവംബറിൽ 17.97 ശതമാനം വിൽപ്പന കുറഞ്ഞു. ഉത്സവ സീസൺ അവസാനിക്കുന്നതോടെ നവംബറിൽ വിൽപ്പന കുറയുകയായിരുന്നു പതിവ്.