ഡെറാഡൂണ്‍:  ഉത്തരാഖണ്ഡ് അതിര്‍ത്തിയില്‍ നേപ്പാള്‍ പോലീസ് സ്ഥാപിച്ച ആറ് ചെക്ക് പോസ്റ്റുകളില്‍ രണ്ടെണ്ണം നീക്കം ചെയ്തു. അതിര്‍ത്തിയില്‍ ദര്‍ചുലയ്ക്ക് സമീപം സ്ഥാപിച്ച ചെക്ക് പോസ്റ്റുകള്‍ കഴിഞ്ഞ ദിവസം നീക്കം ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇന്ത്യ വിരുദ്ധ നിലപാടുകളുടെ പേരില്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയും കടുത്ത വിമര്‍ശനം നേരിടുകയും ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ സംഭവവികാസം. 

To advertise here,

ലിപുലേഖ് ചുരത്തിനെ ദര്‍ചുലയുമായി ബന്ധിപ്പിക്കുന്ന പുതിയ പാത തുറന്നതിനെ തുടര്‍ന്ന് ഇന്ത്യ- നേപ്പാള്‍ ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപയധുര എന്നിവ ഉള്‍പ്പെടുത്തി നേപ്പാള്‍ പുതുയ ഭൂപടവും പുറത്തിറക്കി. ഇതിനെ തുടര്‍ന്നാണ് ഒരുമാസം മുമ്പ് ആറ് അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ നേപ്പാള്‍ സ്ഥാപിച്ചത്. 

രണ്ട് പോസ്റ്റുകള്‍ നീക്കം ചെയ്ത വാര്‍ത്ത ദര്‍ചുലയിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അനില്‍കുമാര്‍ ശുക്ല സ്ഥിരീകരിച്ചു. നേപ്പാള്‍ പോലീസ് നിയന്ത്രിച്ചിരുന്ന രണ്ട് അതിര്‍ത്തി പോസ്റ്റുകള്‍ ഏതാനും ദിവസം മുമ്പാണ് നീക്കിയത്. നേപ്പാള്‍ അധിതൃതരുമായുള്ള ഒരു യോഗത്തിനിടയിലാണ് ഇക്കാര്യം ശ്രദ്ധിച്ചത്. അതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നീക്കം ചെയ്തുവെന്ന വിവരമാണ് നേപ്പാളി ഉദ്യോഗസ്ഥര്‍ നല്‍കിയത് - ശുക്ല പറഞ്ഞു.

ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഉക്കു, ബക്ര മേഖലകളിലെ രണ്ട് ചെക്ക് പോസ്റ്റുകളാണ് നീക്കം ചെയ്തതെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പുതിയതായി സ്ഥാപിച്ച മൂന്ന് ചെക്ക് പോസ്റ്റുകള്‍ കൂടി നീക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

Content Highlights: Nepal removes 2 new border outposts near Uttarakhand