മഴയിൽ ചോർന്നൊലിക്കുന്ന ക്ലാസ്മുറിയിൽ തന്‍റെ വിദ്യാർത്ഥികൾ നനയാതിരിക്കാൻ ബെഞ്ച് ഉയർത്തിപ്പിടിച്ച് നിൽക്കുന്ന ഒരധ്യാപിക. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. "ഇന്ത്യയിലെ മൺസൂൺ കാലത്തെ സർക്കാർ സ്കൂളുകളുടെ അവസ്ഥ. വിദ്യാഭ്യാസത്തിനായി വോട്ട് ചെയ്യുക" എന്ന വിവരണത്തോടെയാണ് എക്സ് ഉൾപ്പടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ ഇത് പങ്കുവെക്കപ്പെടുന്നത്. എന്നാൽ മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ ഈ ദൃശ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ളതല്ലെന്ന് കണ്ടെത്തി.
അന്വേഷണം
പ്രചരിക്കുന്ന വീഡിയോയിൽനിന്നു കീഫ്രെയുമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. '24ghantanepal' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇതേ വീഡിയോ കണ്ടെത്തി. നേപ്പാളിലെ പ്രാദേശിക വാർത്താ പോർട്ടലാണ് 24 ഗണ്ഢാ നേപ്പാൾ. കപിലവസ്തുവിലെ ശ്രീ രാംശരൺ ബേസിക് സ്കൂളിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ‘ശക്തമായ കാറ്റിലും മഴയിലും കുട്ടികൾ ഡെസ്കിനടിയിൽ അഭയം പ്രാപിക്കുന്ന ദൃശ്യങ്ങളെന്നാണ്’ പോർട്ടൽ വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണത്തിൽ പറയുന്നത്. 2026 മെയ് 6-നായിരുന്നു ഈ സംഭവം.
വിശദമായ പരിശോധനയിൽ നേപ്പാൾ വിദ്യാഭ്യാസ മന്ത്രി സസ്മിത് പൊഖ്‌റേൽ ഈ സംഭവവുമായി ബന്ധപ്പെട്ട് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രതികരണം നടത്തിയതായി കണ്ടെത്തി. മെയ് 6-ലെ പോസ്റ്റിൽ പറയുന്നത് -
“കപിലവസ്തു വിജയ്‌നഗർ റൂറൽ മുൻസിപ്പാലിറ്റിയിലെ ജൂഡ്പാനിയയിലുള്ള ശ്രീ രാംശരൺ ബേസിക് സ്കൂളിൽ, കൊടുങ്കാറ്റിലും മഴയിലും നനഞ്ഞുകുതിർന്ന് ഇരിക്കുന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥികളുടെ ദയനീയ ദൃശ്യം മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു. അധ്യാപികയായ ശംഭു ബിക് ആണ് ചൊവ്വാഴ്ച ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തകര ഷീറ്റ് മേൽക്കൂരയും രണ്ട് മുറികളുമുള്ള കെട്ടിടത്തിന്റെ മേൽക്കൂരയിലൂടെ വെള്ളം ഒലിച്ചിറങ്ങുകയും വെന്റിലേഷനിലൂടെ മഴവെള്ളം അകത്തേക്ക് അടിച്ചു കയറുകയും ചെയ്തപ്പോൾ, ആ അധ്യാപിക ബെഞ്ചുകളുടെ സഹായത്തോടെ കുട്ടികളെ സുരക്ഷിതമാക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി കപിലവസ്തുവിലെ എജ്യുക്കേഷൻ ഡെവലപ്‌മെന്റ് ആൻഡ് കോർഡിനേഷൻ യൂണിറ്റ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി. പരിശോധനയിൽ, ഷീറ്റിട്ട രണ്ട് ക്ലാസ് മുറികളിലും വെന്റിലേഷനിലൂടെ മഴവെള്ളം അകത്തേക്ക് കയറുന്നതായി കണ്ടെത്തി. സ്കൂളിനായി പുതിയ കെട്ടിടം നിർമ്മിക്കുമെന്ന് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. മാനുഷികമായ ഈ ഉത്തമ പ്രവൃത്തിക്ക് (അധ്യാപികയുടെ ഇടപെടലിന്) ഞാൻ നന്ദി രേഖപ്പെടുത്തുന്നു. കൂടാതെ, മൺസൂൺ കാലത്ത് രാജ്യത്തുടനീളം കാറ്റ്, മിന്നൽ, കനത്ത മഴ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ബന്ധപ്പെട്ട എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു”
വാസ്തവം
ഇത് വ്യാജപ്രചാരണമാണ്. നേപ്പാളിലെ സ്കൂൾ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികൾ വ്യക്തമാക്കുന്ന വീഡിയോ, ഇന്ത്യൻ സർക്കാർ സ്കൂളുകളെന്ന തരത്തിൽ പ്രചരിപ്പിക്കുകയാണ്.
Content Highlights: The viral video showing a teacher protecting students from rain is not from India., The incident occurred at Shree Ramsharan Basic School in Kapilvastu, Nepal, on May 6, 2026., The video was misattributed to Indian government schools on social media., Nepal's Education Minister Sasmit Pokhrel confirmed the incident and promised new school infrastructure., Verification confirms the video is genuine but the geographical context is false.
Published: 06 Jun 2026, 05:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented